71 രാജ്യങ്ങളിൽനിന്നായി 5,515 അത്ലറ്റുകൾ; റെക്കോഡിട്ട് ഇന്റർനാഷനൽ സ്കൂൾ ഗെയിംസ്
text_fieldsമനാമ: 71 രാജ്യങ്ങളിൽനിന്നുള്ള 5,515 അത്ലറ്റുകളുടെ റെക്കോഡ് ഹാജരോടെ ബഹ്റൈനിൽ നടക്കുന്ന 2024ലെ ഇന്റർനാഷനൽ സ്കൂൾ ഗെയിംസ് ജിംനേഷ്യഡ് ചരിത്രമായി.
ഒക്ടോബർ 31വരെ നടക്കുന്ന ഗെയിംസ്, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായി മാറിയെന്ന് ഐ.എസ്.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി ജനറൽ അസംബ്ലി യോഗം വിലയിരുത്തി. പ്രധാന അന്താരാഷ്ട്ര ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ശേഷിയെ പ്രതിഫലിപ്പിക്കുന്നതാണിത്.
2018ൽ മൊറോക്കോയിലെ മാരാക്കേച്ചിൽ നടന്ന ഇന്റർനാഷനൽ സ്കൂൾ ഗെയിംസിൽ 56 രാജ്യങ്ങളിൽനിന്നുള്ള 2,474 അത്ലറ്റുകൾ പങ്കെടുത്തു. 2021ൽ സെർബിയയിലെ ബെൽഗ്രേഡിൽ 36 രാജ്യങ്ങളിൽനിന്നുള്ള 1,849 അത്ലറ്റുകളും 2022ൽ ഫ്രാൻസിലെ നോർമാണ്ടിയിൽ നടന്ന മീറ്റിൽ 62 രാജ്യങ്ങളിൽനിന്നുള്ള 3,191 അത്ലറ്റുകളും ഉണ്ടായിരുന്നു. 2023ൽ ബ്രസീലിൽ നടന്ന മീറ്റിൽ 42 രാജ്യങ്ങളിൽനിന്നുള്ള 1,944 അത്ലറ്റുകൾ പങ്കെടുത്തു.
ഖലീഫ സ്പോർട്സ് സിറ്റി, ഈസ സ്പോർട്സ് സിറ്റി, ബഹ്റൈൻ നാഷനൽ സ്റ്റേഡിയം തുടങ്ങിയ വേദികൾ മത്സരങ്ങൾക്കായി സജ്ജമാണ്. ലോകോത്തര സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രധാന അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ സംവിധാനവും രാജ്യത്തുണ്ട്.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ആഗോള വിദ്യാഭ്യാസ കായികമേള നടക്കുന്നത്. ഐ.എസ്.എഫ് ബഹ്റൈന്‍ ജിംനേഷ്യഡ് 2024 ഗെയിംസിന് മുന്നോടിയായി ഔദ്യോഗിക ഇവന്റ് വെബ്സൈറ്റ് ആരംഭിച്ചു.
ഗെയിമുകളെക്കുറിച്ചും ഇന്റര്‍നാഷനല്‍ സ്കൂള്‍ സ്പോര്‍ട്സ് ഫെഡറേഷനെ (ഐ.എസ്.എഫ്) കുറിച്ചുമുള്ള പ്രധാന വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
മത്സരങ്ങളെക്കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകള്, എക്സിക്യൂട്ടിവ് കമ്മിറ്റിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍, ഇവന്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ https://isfbahrain.org എന്ന ലിങ്ക് വഴി ലഭ്യമാകും. ബഹ്റൈനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റിലുണ്ട്. ആർച്ചറി, ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ, ഗുസ്തി എന്നിവയടക്കം 26 ഇനങ്ങളിൽ മത്സരങ്ങളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.