തദ്ദേശീയ ഉൽപന്ന കയറ്റുമതിയിൽ 75 ശതമാനം വർധന
text_fieldsമനാമ: ബഹ്റൈനിൽനിന്നുള്ള തദ്ദേശ ഉൽപന്ന കയറ്റുമതിയിൽ 75 ശതമാനം വർധന. ഇൗ വർഷം രണ്ടാംപാദത്തിൽ 943 ദശലക്ഷം ദിനാറിെൻറ കയറ്റുമതിയാണ് നടത്തിയത്. കഴിഞ്ഞവർഷം ഇതേ പാദത്തിൽ ഇത് 540 മില്യൺ ദിനാറായിരുന്നു. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റിയാണ് രണ്ടാം പാദത്തിലെ വിദേശവ്യാപാര റിപ്പോർട്ട് പുറത്തുവിട്ടത്. ബഹ്റൈനിൽനിന്ന് ഏറ്റവും കൂടുതൽ തദ്ദേശീയ ഉൽപന്നങ്ങൾ വാങ്ങിയത് സൗദി അറേബ്യയാണ്. യു.എ.ഇ രണ്ടാം സ്ഥാനത്തും അമേരിക്ക മൂന്നാമതുമാണ്. ഇതേകാലയളവിൽ രാജ്യത്തുനിന്നുള്ള പുനർ കയറ്റുമതി 15 ശതമാനം വർധിച്ച് 164 ദശലക്ഷം ദിനാറിൽ എത്തി. കഴിഞ്ഞവർഷം ഇതേ പാദത്തിൽ ഇത് 143 ദശലക്ഷം ദിനാറായിരുന്നു.
രണ്ടാം പാദത്തിലെ വ്യാപാരക്കമ്മി 141 ദശലക്ഷം ദിനാറാണ്. കഴിഞ്ഞവർഷം ഇതേ പാദത്തിൽ ഇത് 485 ദശലക്ഷം ദിനാറായിരുന്നു. 71 ശതമാനം വർധനയാണ് ഇക്കാര്യത്തിലുണ്ടായത്.
രാജ്യത്തേക്കുള്ള ഇറക്കുമതി ഏഴ് ശതമാനം വർധിച്ച് 1.249 ബില്യൺ ദിനാറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.168 ബില്യൺ ദിനാറായിരുന്നു. ആദ്യ 10 രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ആകെ ഇറക്കുമതിയുടെ 69 ശതമാനമാണ്. മറ്റ് രാജ്യങ്ങളിൽനിന്ന് 31 ശതമാനം ഇറക്കുമതിയാണ് ഇക്കാലയളവിൽ നടന്നത്.
റിപ്പോർട്ട് അനുസരിച്ച്, ബഹ്റൈനിലേക്കുള്ള ഇറക്കുമതിയുടെ കാര്യത്തിൽ ബ്രസീൽ ഒന്നാം സ്ഥാനത്താണ്. 181 ദശലക്ഷം ദിനാറിെൻറ ഇറക്കുമതിയാണ് ബ്രസീലിൽനിന്ന് നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള ചൈനയിൽനിന്ന് 159 ദശലക്ഷം ദിനാറിെൻറയും മൂന്നാം സ്ഥാനത്തുള്ള സൗദി അറേബ്യയിൽനിന്ന് 85 ദശലക്ഷം ദിനാറിെൻറയും ഇറക്കുമതി നടന്നു.
നോൺ-അഗ്ലൊമറേറ്റഡ് ഇരുമ്പയിരും കോൺസൻട്രേറ്ററുകളുമാണ് ബഹ്റൈനിലേക്ക് ഏറ്റവുമധികം ഇറക്കുമതി (224 ദശലക്ഷം ദിനാർ) നടത്തിയത്. രണ്ടാം സ്ഥാനത്ത് അലുമിനിയം ഓക്സൈഡും (79 ദശലക്ഷം ദിനാർ), മൂന്നാം സ്ഥാനത്ത് കാറുകളും (41 ദശലക്ഷം ദിനാർ) ആണ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.