ഗ്യാസ്ട്രോണമി ടൂറിസം ഒമ്പതാമത് വേൾഡ് ഫോറം ഇന്നുമുതൽ ബഹ്റൈനിൽ
text_fieldsമനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) യുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി എക്സിബിഷൻ വേൾഡിൽ ഗ്യാസ്ട്രോണമി ടൂറിസം 9ാമത് വേൾഡ് ഫോറം നടക്കും. യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ), ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ), ബാസ്ക് കളിനറി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചെയർപേഴ്സണുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12.30ന് ബഹ്റൈൻ ഷെഫ് ലുൽവ സൊവൈലയുടെ ലൈവ് കുക്കിങ് ഷോയോടെയാണ് പരിപാടി ആരംഭിക്കുക.
19ന് വൈകുന്നേരം 5:30ന് നടക്കുന്ന സമാപന ചടങ്ങിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സി.ഇ.ഒ സാറാ അഹമ്മദ് ബുഹേജി, യു.എൻ ടൂറിസം, മിഡിലീസ്റ്റ് റീജനൽ ഡയറക്ടർ ബാസ്മ അൽ മെയ്മാൻ തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുക്കും.
ഫോറത്തിൽ പാചക കല, ഗ്യാസ്ട്രോണമി ടൂറിസം മേഖലകളിലെ പ്രാദേശിക, അന്തർദേശീയ വിദഗ്ധർ പങ്കെടുക്കും. ഭക്ഷണവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഗ്യാസ്ട്രോണമി. ഭക്ഷണം തയാറാക്കുകയും വിളമ്പുകയും ചെയ്യുന്ന കല, പ്രത്യേക പ്രദേശങ്ങളിലെ പാചകരീതികൾ, നല്ല ഭക്ഷണത്തിന്റെ ശാസ്ത്രം എന്നിവയാണ് ഇതിന്റെ പരിവൃത്തത്തിൽ വരുന്നത്.
ഇതാദ്യമായാണ് മിഡിലീസ്റ്റിൽ ഈ പരിപാടി നടക്കാൻ പോകുന്നത്. പ്രാദേശിക ഉൽപാദകരെ സന്ദർശിക്കുക, ഭക്ഷ്യമേളകളിൽ പങ്കെടുക്കുക, പാചക ക്ലാസുകളിൽ പങ്കെടുക്കുക തുടങ്ങിയ മറ്റു അനുബന്ധ പ്രവർത്തനങ്ങളും ഫോറത്തിന്റെ ഭാഗമായി സഞ്ചാരികൾക്ക് ലഭിക്കും.
ഗ്യാസ്ട്രോണമി ടൂറിസത്തിൽ ആഗോളതലത്തിൽ വരുന്ന മാറ്റങ്ങളും നവീകരണവും നവീകരണവും ബി.ടി.ഇ.എ പിന്തുടർന്നുവരുകയാണ്. ലോകമെമ്പാടും നടക്കുന്ന കൺവെൻഷനുകളിലും എക്സിബിഷനുകളിലും പങ്കെടുക്കാറുണ്ട്. ബഹ്റൈനെ പ്രമുഖ ടൂറിസം മേഖലയാക്കി മാറ്റുന്നതിനുള്ള ടൂറിസം നയവുമായി ബന്ധപ്പെടുത്തിയാണ് പരിപാടികൾ നടത്തുക.
പാചക വിനോദസഞ്ചാരികൾക്ക് ആസ്വാദ്യകരമായ പാചക അഭിരുചികളുടെ വൈവിധ്യമാർന്ന സംയോജനം ബഹ്റൈനിലുണ്ട്. സമ്പന്നമായ പാരമ്പര്യം, നാഗരികതകളുടെയും സംസ്കാരങ്ങളുടെയും സംയോജനം, പ്രാദേശിക പാചക വൈവിധ്യം, വൈവിധ്യമാർന്ന അഭിരുചികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ മികച്ച രുചിയും പാചക അനുഭവവും ഫോറം പകർന്നുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.