യുവജനങ്ങളെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും പരിഗണിച്ച ബജറ്റ് -അദീബ് അഹ്മദ്
text_fieldsമനാമ: യുവജനങ്ങളുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെയും അഭിലാഷങ്ങൾ പരിഗണിച്ച സന്തുലിത ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദ് പറഞ്ഞു. പരമ്പരാഗത, നവീന മേഖലകൾക്ക് തുല്യ പരിഗണന ബജറ്റ് നൽകുന്നുണ്ട്. സാങ്കേതിക വിദ്യയും വിജ്ഞാനത്തിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയും കെട്ടിപ്പടുക്കുക എന്നതാണ് മുന്നോട്ടുള്ള വഴിയെന്ന് ബജറ്റ് അംഗീകരിക്കുന്നു.
2023നെ അന്താരാഷ്ട്ര ചെറുധാന്യങ്ങളുടെ വർഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ചെറുധാന്യ കർഷകരെക്കുറിച്ച് ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കാനുള്ള സർക്കാരിന്റെ പരിശ്രങ്ങൾ പ്രശംസനീയമാണ്. ചെറുധാന്യങ്ങളുടെ ഏറ്റവും വലിയ ഉൽപാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെയും അദ്ദേഹം അഭിനന്ദിച്ചു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചത് ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നത് കൂടുതൽ എളുപ്പമാക്കും. ഡിജിലോക്കർ പരിധിയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ഉൾപ്പെടുത്തുന്നതും ‘പാൻ’ പൊതു തിരിച്ചറിയൽ കാർഡാക്കുന്നതും ഉപഭോക്താക്കളുടെ രേഖാനടപടികൾ എളുപ്പമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതു സ്വകാര്യ പങ്കാളിത്തത്തിൽ ടൂറിസം മേഖല വികസിപ്പിക്കാനുള്ള നിർദേശം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. 50 പുതിയ വിമാനത്താവളങ്ങൾ തുറക്കാനുള്ള നിർദേശം രാജ്യത്തേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നും മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക സാധ്യതകൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.