മന്ത്രിസഭയോഗം ഹമദ് രാജാവിന്റെ അധ്യക്ഷതയിൽ: രാജ്യം കൈവരിച്ച നേട്ടങ്ങളിൽ ജനാധിപത്യ സംവിധാനങ്ങളുടെ പങ്ക് വലുത് -ഹമദ് രാജാവ്
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ സഖീർ പാലസിൽ മന്ത്രിസഭ യോഗം ചേർന്നു. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടത്തിൽ പാർലമെന്റ് അടക്കമുള്ള ജനാധിപത്യ സംവിധാനങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ മന്ത്രിസഭ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും വികസനവും വളർച്ചയും ഉറപ്പാക്കാനും സാധ്യമാക്കി. വരുംകാലങ്ങളിൽ കൂടുതൽ ഊർജസ്വലമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ മന്ത്രിസഭക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വരുന്ന പാർലമെന്റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പുകൾ വിജയിപ്പിക്കുന്നതിനും മെച്ചപ്പെട്ട രൂപത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനും വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും സഹകരിക്കണമെന്ന് ഹമദ് രാജാവ് ആഹ്വാനം ചെയ്തു. പാർലമെന്റും എക്സിക്യൂട്ടിവും തമ്മിൽ പരസ്പര സഹകരണമുണ്ടാകുന്നത് രാജ്യപുരോഗതിക്ക് ഏറെ ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദി ഭരണാധികാരി, കിരീടാവകാശി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ശക്തമായ ബന്ധങ്ങൾക്ക് നിമിത്തമായതായി അദ്ദേഹം വിലയിരുത്തി. ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. കാലങ്ങളായി വിവിധ സമൂഹങ്ങൾ തമ്മിൽ സഹിഷ്ണുതയോടെയും സഹവർത്തിത്വത്തോടെയും കഴിയുന്ന ബഹ്റൈൻ പാരമ്പര്യം ലോകത്തിന് മാതൃകയാണ്. മാനവികതയും സാഹോദര്യവും ലോകത്തെ സമാധാനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിലാദുന്നബിയോടനുബന്ധിച്ച് അറബ്, ഇസ്ലാമിക സമൂഹത്തിനും ബഹ്റൈൻ ജനതക്കും അദ്ദേഹം ആശംസ നേർന്നു.
ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ മുഴുവൻ അധ്യാപകർക്കും അദ്ദേഹം ആശംസ നേർന്നു. രാജ്യത്തെ വിദ്യാഭ്യാസ പുരോഗതിയിൽ അധ്യാപകർ നിർവഹിക്കുന്ന പങ്ക് മികവുറ്റതാണ്. പുതിയ തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകരുടെ കാര്യക്ഷമവും ചടുലവുമായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെയും മേഖലയിലെയും വിവിധ വിഷയങ്ങളെക്കുറിച്ച് ഹമദ് രാജാവ് സംസാരിച്ചു. സംഘർഷങ്ങളും സംഘട്ടനങ്ങളുമൊഴിവാക്കി സമാധാനവും ശാന്തിയും കൈവരിക്കാനാണ് ശ്രമിക്കേണ്ടത്. സാമാധാനമുള്ള അന്തരീക്ഷത്തിൽ മാത്രമേ വികസനവും വളർച്ചയും സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് മന്ത്രിസഭയുടെ പേരിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.