പ്രചാരണ വാഹനത്തിനു പിന്നാലെ ഓടിയ ബാല്യകാലം
text_fieldsആകാശക്കാഴ്ചകൾക്കും അപ്പുറം കടലുകടക്കുന്നതിനുമുമ്പ് അറിഞ്ഞൊരു തെരഞ്ഞെടുപ്പുകാലം ഉണ്ടായിരുന്നു. ചൂടുള്ള ചായക്കോപ്പയിൽ ആവി ഉയരുമ്പോൾ അതിനൊപ്പം പത്രത്താളുകൾ തിരിച്ചും മറിച്ചും ആവേശത്തോടെ വായിച്ചിരുന്നവർക്കൊപ്പം വാർത്തകൾ കേൾക്കാനും കാണാനും ഒപ്പം കൂടെയിരുന്നവർ വിജയിയുടെ പേര് ഉറക്കെ വായിക്കുമ്പോൾ തങ്ങളുടെ വോട്ട് പാഴായില്ല എന്ന് മനസ്സിൽ പറഞ്ഞ് നടന്നുനീങ്ങിയ പഴയ തെരഞ്ഞെടുപ്പ് കാലം. അതു കഴിഞ്ഞുപോയി.
എല്ലാം ഇനി ഓർമകളിൽ മാത്രം. തെരഞ്ഞെടുപ്പിന്റെ ചൂടിൽ മത്സരാർഥിക്കുവേണ്ടി വിളിച്ചുപറഞ്ഞു വരുന്ന വാഹനത്തിനു പിന്നാലെ ഓടിയ ഒരു ബാല്യകാലം. ഇന്ന് കാലം മാറി, വിരൽത്തുമ്പിൽ വാർത്തകൾ എത്തുന്ന സമയം. വളർച്ച ലോകത്തിന്റെ അവസ്ഥയെ തന്നെ മാറ്റിയെടുത്തപ്പോൾ കാറ്റിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു പുതിയ കാലത്തിന് തിരികൊളുത്തി എന്നുതന്നെ വേണം പറയാൻ.
നാട്ടിലുണ്ടായിരുന്ന സമയത്ത് ഒരു പ്രാവശ്യം തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്കെത്തിയ ദിവസം വെറുതെ എല്ലാവരെയും കാണാൻ ഇറങ്ങിയതാണ്. പെട്ടെന്ന് അറിയാവുന്ന ഒരാൾ വന്ന് വിളിച്ചു, “നീ നമ്മുടെ നേതാവിന് ഒരു മാലയിടണം” കേട്ടപ്പോൾ ആദ്യം ഞെട്ടി. നല്ല തിക്കും തിരക്കും, വരുന്നില്ല എന്ന് പല തവണ ആവർത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല. അവസാനം ഉന്തിത്തള്ളി സ്റ്റേജിന്റെ അടുത്തുകൊണ്ടുപോയി മൈക്കിൽകൂടി പേര് വിളിച്ചുപറഞ്ഞു. ഞാൻ പോയി മാലയിട്ടു, പിന്നെ അവിടെ നിന്നില്ല.
സ്വന്തം നാട്ടിൽ തെരഞ്ഞെടുപ്പും പ്രവർത്തനങ്ങളും കോളജ് കാലം കൊണ്ട് അവസാനിച്ചു എന്നുവേണം പറയാൻ. നാട്ടിൽ വോട്ട് ചെയ്തത് തന്നെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണെങ്കിലും അധ്യാപകനായി ജോലിചെയ്യുന്ന സമയം വടക്കേ ഇന്ത്യയിൽ വോട്ട് ചെയ്യാനുള്ള അവസരവും അതുപോലെ പ്രവർത്തിക്കാനും സാധിച്ചിട്ടുണ്ട്. ആ നാട്ടിൽ രാഷ്ട്രീയത്തിന് മറ്റൊരു മുഖമാണ്. നേതാക്കൾ, അവരുടെ ചിന്തകൾ, പിന്നാലെ നടക്കുന്ന അണികൾ... എല്ലാം ഓരോരോ കാഴ്ചയാണെങ്കിലും അധ്യാപകൻ എന്ന നിലയിൽ അവർക്ക് എന്നും ഒരു ബഹുമാനമാണ് ഉണ്ടായിരുന്നത്.
ഒരിക്കൽ, തെരഞ്ഞെടുപ്പിന്റെ തിരക്കിൽ വോട്ട് ചെയ്യാൻ വരുന്നവരെ ഓരോ രീതിയിലും നേതാക്കന്മാരുടെ അണികൾ കരുതുകയും സ്നേഹിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതുകണ്ട് വോട്ടും ചെയ്ത് ഇറങ്ങിവന്ന ഞാൻ കുറെ നേരം ആ കാഴ്ച നോക്കി നിന്നു. ഒരു വേറിട്ട കാഴ്ചതന്നെയായിരുന്നു അത്. തിരിച്ചുപോകാൻ തുടങ്ങുമ്പോൾ അവിടെനിന്ന നേതാവിന്റെ സന്തതസാഹചാരി വോട്ട് ചെയ്ത എന്റെ വിരൽ പിടിച്ചിട്ട് ചോദിച്ചു- “ചെയ്തത് മാറിപ്പോയില്ലല്ലോ.” ഓരോ തെരഞ്ഞെടുപ്പ് കാലം വരുമ്പോഴും എന്റെ മനസ്സിലേക്ക് എത്തുന്ന ഓർമയിൽ പലപ്പോഴും അയാളുടെ മുഖമാണ്. തെരഞ്ഞെടുപ്പിനുശേഷം വീണ്ടും പല പ്രാവശ്യം ഞങ്ങൾ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീയോ, പുരുഷനോ ആരും ആയിക്കൊള്ളട്ടെ. ഏത് രാഷ്ട്രീയ പാർട്ടിയും ആകട്ടെ. വോട്ടെന്നാൽ അത് എന്നും ജനപങ്കാളിത്തമാണ്. അവിടെ ഭൂരിപക്ഷം നേടുന്നത് കഴിവും സൗഹൃദവുമാണ്. ജനങ്ങളെ നോക്കി കൂപ്പുന്ന കൈകളിൽ അവരുടെ വാക്കുകളെകൂടി കേൾക്കാനും നടപ്പാക്കാനും കഴിയും എന്നൊരു തീരുമാനമുള്ളവനാണ് യഥാർഥ ജനമുന്നണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.