തീച്ചൂടിലെ മരണക്കെണി
text_fieldsഒരു തീക്കാലം പിന്നെയുമെത്തി. കൊറോണ വൈറസിന്റെ മറവിൽ എ.സി മുറികളികളിൽ അടച്ചിരുന്നവർക്ക് ഈ ഉഷ്ണം കൂടുതൽ അസഹ്യമാവാം.നാം ഒതു ഉഷ്ണരക്തജീവിയാണ്. അതായത്, നമ്മുടെ ശരീരത്തിന് ഒരു നിശ്ചിത ഊഷ്മാവുണ്ട്. ശരീരം നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും ഈ ഊഷ്മാവിലാണ്. അത് 37 ഡിഗ്രി സെൽഷ്യസിനും 37.8 ഡിഗ്രി സെൽഷ്യസിനുമിടയിലാണ്. ശരീരത്തിന് സ്വന്തമായുള്ള താപ നിയന്ത്രണ സംവിധാനം അഥവാ തെർമോ റെഗുലേഷൻ മെക്കാനിസമാണ് ശരീരത്തെ അടിസ്ഥാന ഊഷ്മാവിലേക്ക് നടത്തുന്നത്. താപനിയന്ത്രണ സംവിധാനം തകരാറിലായാൽ ശരീരോഷ്മാവ് ഉയരുകയോ താഴുകയോ ചെയ്യുന്നു.
അത് മസ്തിഷ്ക തകരാറിനോ മരണത്തിനോ വരെ കാരണമാകുന്നു. ഉഷ്ണകാലത്ത് ശരീരോഷ്മാവിലുണ്ടാകുന്ന വർധന നമ്മുടെ ശരീരത്തെയും ബാധിക്കുന്നു. തൽഫലമായി ശരീരത്തിൽനിന്നും ധാരാളം ഈർപ്പവും ലവണങ്ങളും നഷ്ടമാകുന്നു.ശരീരോഷ്മാവ് വർധിക്കുമ്പോൾ ചർമത്തിന്റെ അടിവശത്തുള്ള രക്തക്കുഴലുകൾ വികസിക്കുകയും രക്തം അവിടേക്ക് കൂടുതലായി ഒഴുകുകയും ചെയ്യുന്നു. തൽഫലമായി സംവഹനം മൂലമുണ്ടാകുന്ന താപനഷ്ടം ശരീരോഷ്മാവ് താഴ്ത്തുന്നു.
വിയർപ്പ് ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന വിയർപ്പ് ചർമത്തിൽ പടരുന്നു. ശരീരത്തിൽനിന്നും താപം സ്വീകരിച്ച് വിയർപ്പുണങ്ങുന്നതിനാൽ ശരീരോഷ്മാവ് സാധാരണ നിലയിലേക്ക് താഴുന്നു. ശരീരത്തിലുണ്ടാകുന്ന ഈർപ നഷ്ടം നിർജ്ജലീകരണത്തിലേക്ക് (Dehydration) നയിക്കുന്നു. നിർജ്ജലീകരണം മൂലം രക്തത്തിന്റെ അളവ് കുറയുന്നു. ഇത് ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് വേണ്ട ഓക്സിജൻ, പോഷകങ്ങൾ എന്നിവയുടെ ലഭ്യത കുറക്കുന്നതിനാൽ അവയവങ്ങളുടെ പ്രവർത്തനത്തിൽ തകരാറുണ്ടാകുന്നു. രക്തത്തിന്റെ പി.എച്ച് മൂല്യം 7.35-7.45 ആണ്. രക്തം നേരിയ തോതിൽ ക്ഷാര സ്വഭാവമുള്ളതാണ്.
രക്തത്തിന്റെ അളവിലുണ്ടാകുന്ന കുറവ് രക്തത്തെ കൂടുതൽ ക്ഷാര സ്വഭാവമുള്ളതാക്കുന്നു. ഈ അവസ്ഥ ഹൃദയം, വൃക്കകൾ തുടങ്ങി ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു. നിർജലീകരണം തലവേദന, ക്ഷീണം, വർധിച്ച ദാഹം, വിശപ്പില്ലായ്മ, ചർമ വരൾച്ച, മയക്കം, ഹൃദയസ്പന്ദന നിരക്കിൽ വർധന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാനിടയാക്കുന്നു. ഉഷ്ണകാലത്ത് മരുപ്രദേശങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ കൈകാലുകളിലെ വിരലുകൾ കോച്ചി വലിച്ച് വിറങ്ങലിച്ച് നിൽക്കുന്നതായി കാണാം. വർധിച്ച നിർജ്ജലീകരണം വൃക്കനാശം, മസ്തിഷ്ക തകരാർ, ബോധക്ഷയം, ഹൃദയാഘാതം എന്നീ അവസ്ഥകളിലേക്കും തുടർന്ന് മരണത്തിലേക്കും നയിക്കുന്നു.അതിനാൽ, അത്യുഷ്ണത്തിൽനിന്നും കഴിവതും അകന്നുനിൽക്കുന്നതാണ് ഉത്തമം.
തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് അതിന് കഴിഞ്ഞെന്ന് വരില്ല. അത്തരക്കാർ പഴച്ചാറുകൾ, ലവണങ്ങൾ അടങ്ങിയിട്ടുള്ള ശീതള പാനീയങ്ങൾ, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെളളം എന്നിവയിൽ ഏതെങ്കിലും ഇടക്കിടെ കഴിച്ചുകൊണ്ടിരിക്കണം. ഒ.ആർ.എസ് പൊടി നിശ്ചിത അളവ് വെള്ളത്തിൽ ചേർത്ത് തയാറാക്കിയ പാനീയവും നല്ലതാണ്. ലഭിക്കുമെങ്കിൽ ഇളനീരാണ് ഏറ്റവും ഉത്തമം. അതിൽ വേണ്ടത്ര ലവണങ്ങൾ അടങ്ങിയിട്ടുണ്ട്. കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക. തണുത്ത ജലത്തിൽ മുഖവും ശരീരഭാഗങ്ങളും ഇടക്കിടെ തുടക്കുന്നതും നല്ലതാണ്. ശരീരഭാഗങ്ങളിൽ കഴിവതും നേരിട്ട് വെയിലേൽക്കാത്ത വിധം വസ്ത്രധാരണം നടത്തുക.ആരോഗ്യ പരിരക്ഷക്കാവട്ടെ ഈ കൊടും വേനലിൽ നമ്മുടെ കരുതലും ജാഗ്രതയും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.