അറിവിന്റെ പുതുലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാമ്പ്
text_fieldsമനാമ: അറിവിന്റെ അനുഭവങ്ങളുടെയും ലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാമ്പിന് തുടക്കമായി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ, ടീൻ ഇന്ത്യ, മലർവാടി എന്നിവയുമായി സഹകരിച്ച് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘സമ്മർ ഡിലൈറ്റ് 2023’ കഴിഞ്ഞ ദിവസം വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ ഉദ്ഘാടനം ചെയ്തു.
സമ്മർ വെക്കേഷൻ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിനോടൊപ്പം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ സ്വയം മനസ്സിലാക്കി പഠനത്തിൽ കൂടുതൽ ശ്രദ്ധയും താൽപര്യവും ഉള്ളവരാക്കുകയും മത്സരാത്മക ജീവിതത്തിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ അവരെ പ്രാപ്തരാക്കുകയുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. ഉയർന്ന പൗരബോധവും കാഴ്ചപ്പാടും ഭാവിയെക്കുറിച്ച് പ്രതീക്ഷയുമുള്ള പുതുതലമുറയെ വാർത്തെടുക്കുകയും ഇതിലൂടെ ഉദ്ദേശിക്കുന്നതായി ക്യാമ്പ് ഡയറക്ടർ എം.എം. സുബൈർ പറഞ്ഞു.
കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ജനറേഷൻ വിടവുകളുടെ അകലം കുറക്കാൻ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കുമെന്ന് പ്രശസ്ത മോട്ടിവേഷനൽ ട്രെയിനർ നുഅ്മാൻ വയനാട് അഭിപ്രായപെട്ടു. രക്ഷിതാക്കളുടെ വാശികൾ അടിച്ചേൽപിക്കുന്നതിനു പകരം അവരെ കേൾക്കാനുള്ള മനഃസ്ഥിതി കൈവരിക്കേണ്ടതുണ്ടെന്ന് കൗൺസലറും സിനിമ സംവിധായകനും അഭിനേതാവുമായ അൻസാർ നെടുമ്പാശ്ശേരി പറഞ്ഞു.
ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. എം.എം. സുബൈർ സ്വാഗതവും മലർവാടി കേന്ദ്ര കൺവീനർ ലുബ്ന ഷഫീഖ് നന്ദിയും പറഞ്ഞു. ശൈഖ ഫാത്തിമ പരിപാടി നിയന്ത്രിച്ചു. ഫ്രൻഡ്സ് വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ടീൻസ് കേന്ദ്ര കോഓഡിനേറ്റർ ഇൻ ചാർജ് റഷീദ സുബൈർ, ഫ്രൻഡ്സ് ആക്ടിങ് ജനറൽ സെക്രട്ടറി യൂനുസ് രാജ്, ക്യാമ്പ് കൺവീനർ പി.പി. ജാസിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.