വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് തട്ടിയത് വൻ തുക; സ്ഥാപനം പൂട്ടി മുങ്ങി മലയാളി
text_fieldsമനാമ: വിവിധ സ്ഥാപനങ്ങളുമായി വൻ തുകയുടെ വ്യാപാരം നടത്തിയശേഷം ചെക്ക് നൽകി കബളിപ്പിച്ച മലയാളി മുങ്ങി. ചെക്ക് മടങ്ങിയപ്പോൾ അന്വേഷിച്ചെത്തിയവർക്ക് കാണാനായത് പൂട്ടിയ ഓഫിസ് മാത്രം. അഞ്ചു ലക്ഷം ദിനാറോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നാൽപതോളം പേരാണ് ഇതുവരെ പരാതി നൽകിയിട്ടുള്ളത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് വൻ തട്ടിപ്പ് നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ജനറൽ ട്രേഡിങ് ആൻഡ് കൺസ്ട്രക്ഷൻ എന്ന നിലയിൽ ലൈസൻസുള്ള സ്ഥാപനം ഒരു വർഷം മുമ്പാണ് പ്രവർത്തനം തുടങ്ങിയത്.
സീഫ് ഏരിയയിൽ ആഡംബര ഓഫിസ് അടക്കം എടുത്തായിരുന്നു പ്രവർത്തനം. ട്രാവൽ ഏജൻസികൾ, കൺസ്ട്രക്ഷൻ സാധനങ്ങളും ഉപകരണങ്ങളും ഹെവി വെഹിക്കിൾ പാർട്സും വിൽക്കുന്ന കമ്പനികൾ, ഹോട്ടലുകൾ, ഫുഡ്, ഗ്രോസറി, ചിക്കൻ തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ അടക്കമുള്ള സ്ഥാപനങ്ങളെയാണ് ഇവർ ലക്ഷ്യമിട്ടത്.
ആദ്യം റെഡി കാഷിന് വ്യാപാരം നടത്തും. നല്ല വ്യാപാര ബന്ധം സ്ഥാപിച്ച ശേഷം അടുത്ത തവണ രണ്ടാഴ്ചത്തെ കാലാവധിയിൽ ചെക്ക് നൽകും. ആ ചെക്ക് കൃത്യമായി പാസാകും. അടുത്ത തവണ നല്ല ഓർഡർ നൽകും. ചെക്കിന്റെ കാലാവധി ഒരു മാസമാക്കും. ഇതും പാസാകുമ്പോൾ തീർച്ചയായും സ്ഥാപനമുടമകൾ കൂടുതൽ തുകക്ക് ക്രെഡിറ്റിൽ സാധനങ്ങൾ നൽകാൻ തയാറാകും. ഇതായിരുന്നു തട്ടിപ്പിന്റെ രീതി.
കൺസ്ട്രക്ഷൻ എക്യുപ്മെന്റുകളും സാധനങ്ങളും തേഡ് പാർട്ടി ലോജിസ്റ്റിക്സിലാണ് ഇവർ കൊണ്ടുപോയിരുന്നത്. അതുകൊണ്ടുതന്നെ എങ്ങോട്ടാണ് ഈ സാധനങ്ങൾ പോയതെന്ന് കൃത്യമായി സാധനങ്ങൾ സൈപ്ല ചെയ്ത വ്യാപാരികൾക്ക് അറിയാൻ സാധിച്ചിരുന്നില്ല.
ട്രാവൽ ഏജൻസികളിൽ നിന്ന് ആദ്യം ടിക്കറ്റ് വാങ്ങി കൃത്യമായി പണം നൽകുമായിരുന്നു. അതിനുശേഷം ക്രെഡിറ്റിൽ വൻ തോതിൽ ടിക്കറ്റുകൾ വാങ്ങുകയും ചെക്ക് നൽകുകയും ചെയ്തു. ഇതും പാസാക്കിയശേഷം ബൾക്ക് പർച്ചേസ് ക്രെഡിറ്റിൽ നടത്തുകയും സീസൺ സമയത്ത് ഇങ്ങനെ വാങ്ങിയ ടിക്കറ്റുകൾ ഇവർ കുറഞ്ഞ നിരക്കിൽ വിറ്റഴിക്കുകയുമായിരുന്നു. ചെക്ക് മടങ്ങിയതിനെത്തുടർന്ന് വ്യാപാരികളും സ്ഥാപനങ്ങളും ഓഫിസ് അന്വേഷിച്ചെത്തിയപ്പോഴാണ് തട്ടിപ്പിന്റെ ആഴം മനസ്സിലായത്.
രണ്ടു ദിവസം മുമ്പേ ഓഫിസ് പൂട്ടി സ്ഥാപനമുടയും ജീവനക്കാരും സ്ഥലം വിട്ടതായാണ് വ്യക്തമായത്. സമാനമായ തട്ടിപ്പിനിരയായവർ എല്ലാം അവിടെയെത്തിയിട്ടുണ്ടായിരുന്നു. തട്ടിപ്പിനിരയായ എല്ലാവർക്കും ഏകദേശം ഒരേ തീയതിയിലാണ് ചെക്ക് നൽകിയിരുന്നതെന്നത് വ്യക്തമായ ആസൂത്രണം ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെന്നത് വ്യക്തമാക്കുന്നു. കൂടുതൽ പേർ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നും അടുത്തമാസത്തെ തീയതിയിൽ ചെക്ക് ലഭിച്ചവരുണ്ടെന്നും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.