ചരിത്രത്തിലേക്കൊരു യാത്ര; മനാമ ഫെസ്റ്റിന് തുടക്കം
text_fieldsമനാമ: മനാമയുടെ ചരിത്രപരവും സാമ്പത്തികവും സാമൂഹികവുമായ പൈതൃകം കാഴ്ചക്കാർക്ക് മുമ്പിൽ അനാവരണം ചെയ്ത് മനാമ ഫെസ്റ്റിന് (റെട്രോ മനാമ) തുടക്കമായി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ നാടിന്റെ മനോഹരമായ ഭൂതകാലത്തിന്റെ സുവർണ സ്മൃതികൾ പ്രദർശിപ്പിക്കുന്നതാണ്.
ജനുവരി ഏഴുവരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവെലിൽ ഫുഡ് ടൂർ, ഗോൾഡ് ഷോപ് ടൂർ, സംഗീത-നാടക പ്രകടനങ്ങൾ, റെട്രോ ഗെയിമുകൾ, മ്യൂസിയം പ്രദർശനങ്ങൾ എന്നിങ്ങനെ നിരവധി പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ഫുഡ് എക്സ്പ്ലൊറേഷന് പുറമെ വിന്റേജ് ഫാഷനും അനുഭവവേദ്യമാക്കും.
മനാമയുടെ ചരിത്രത്തിലെ സുപ്രധാന കാലഘട്ടങ്ങളും സാംസ്കാരിക വൈവിധ്യവും സമ്പന്നമായ ചരിത്രവും മനസ്സിലാക്കാൻ പറ്റിയ അവസരമാണിതെന്ന് ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി പറഞ്ഞു. മനാമയെ ഗൾഫ് ടൂറിസം ക്യാപിറ്റൽ 2024 ആയി പ്രഖ്യാപിക്കുന്നതിനോട് അനുബന്ധിച്ച് ആരംഭിച്ച പരിപാടികളുടെ ഭാഗമായാണ്. സെലിബ്രേറ്റ് ബഹ്റൈൻ 2024 നോടനുബന്ധിച്ചാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്ന ഒരു അതുല്യമായ അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടിവ് സാറാ ബുഹിജി പറഞ്ഞു.
റെട്രോ മനാമ ഞായർ മുതൽ ബുധൻവരെ ദിവസങ്ങളിൽ വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെയാണ്. വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെ വൈകീട്ട് അഞ്ചുമുതൽ അർധരാത്രിവരെ ഫെസ്റ്റിവൽ നീണ്ടുനിൽക്കും.
റെട്രോ മനാമ: പ്രധാന പരിപാടികൾ
- ക്ലാസിക് കാർ ഷോ, യതീം സെന്ററിന് സമീപം
- കാർട്ടൂൺ ക്ലാസിക് മ്യൂസിക് നൈറ്റ്, ഡിസംബർ 27, രാത്രി 8.30, യതീം സെന്റർ
- പീപ്പിൾസ് സ്റ്റേജ്, എല്ലാ രാത്രിയും യതീം സെന്റർ റൂഫ്ടോപ്പ്
- അൽ അബ്രാജ് റെട്രോ ഓറിയന്റൽ ഹോട്ടലിൽ എല്ലാ രാത്രിയും പ്രവൃത്തിദിവസങ്ങളിൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ അർധരാത്രി വരെയും
- യുണീക്ക് ട്രഷേഴ്സ് ടൂർ, ഡിസംബർ 27 മുതൽ ജനുവരി ആറുവരെ, വൈകുന്നേരം ഏഴുമുതൽ (ഗോൾഡ് ഷോപ്പ് ടൂർ)
- ടേസ്റ്റ് ഓഫ് മനാമ ടൂർ, ഡിസംബർ 27 മുതൽ ജനുവരി അഞ്ചുവരെ, വൈകുന്നേരം ഏഴുമുതൽ (ഫുഡ് ടൂർ)
- സ്പിരിറ്റ് ഓഫ് മനാമ മ്യൂസിയം, മനാമ സ്റ്റോറിയുടെ ചരിത്ര പ്രദർശനം, ഫഖ്റു ബിൽഡിങ്.
- മനാമയുടെ മ്യൂറൽ, ഒരു മനാമ-തീം ചുവർചിത്രത്തിനുള്ള തുറന്ന ആഹ്വാനമാണ്, ഡിസംബർ 29ന് പ്രൊപ്പോസൽ ഡെഡ്ലൈൻ
- റോളർ സ്കേറ്റിങ് റിങ്ക്, തവാവീഷ് സ്ക്വയർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.