ഫാൽക്കണുകളെ സ്നേഹിച്ച് അറബ്നാട്ടിൽ ഒരു മലയാളി
text_fieldsമനാമ: അറബ് ജീവിതത്തിൽ പ്രതാപത്തിന്റെ അടയാളമായാണ് ഫാൽക്കൺ പക്ഷിയെ കണക്കാക്കുന്നത്. ഫാൽക്കണുകൾക്കായി ലക്ഷങ്ങൾ ചെലവഴിക്കാനും അറബികൾക്ക് മടിയില്ല. അത്യന്തം ശ്രദ്ധയും വൈദഗ്ധ്യവും വേണ്ട ഒന്നാണ് പൂർണമായും മാംസഭോജിയായ ഫാൽക്കണിന്റെ പരിശീലനം.
പരിശീലിപ്പിച്ചെടുത്ത ഫാൽക്കണുകളെ വേട്ടക്കായി ഉപയോഗിക്കാറുണ്ട്. അതിവൈദഗ്ധ്യം വേണ്ട ഈ മേഖലയിൽ, ചെറുപ്പം മുതലുള്ള താൽപര്യം ഒന്നുകൊണ്ടു മാത്രം വെന്നിക്കൊടി പാറിച്ച ഒരു മലയാളി ബഹ്റൈനിലുണ്ട്. തൃശൂർ കരൂപ്പടന്ന സ്വദേശിയായ ഡോ. ഷഹീർ.
പഠിച്ചതും ജോലി ചെയ്യുന്നതും വൈദ്യശാസ്ത്രമേഖലയിലാണെങ്കിലും ഡോ. ഷഹീറിന്റെ ഒഴിവുസമയങ്ങൾ മുഴുവൻ മലയാളത്തിൽ പ്രാപ്പിടിയൻ എന്നു പറയുന്ന ഫാൽക്കണുകൾക്കൊപ്പമാണ്. 40ലധികം വർഷം സെൻട്രൽ മാർക്കറ്റിൽ ഹോട്ടലും കാന്റീനും നടത്തിയിരുന്ന പിതാവ് ഷംസുദ്ദീനോടൊപ്പം കുടുംബം ബഹ്റൈനിലായിരുന്നു.
ഷഹീറും സഹോദരനും ഇബ്നുൽ ഹൈതം സ്കൂളിലും ഇന്ത്യൻ സ്കൂളിലുമായാണ് പഠിച്ചത്. പഠന കാലത്തുതന്നെ ഷഹീർ ഫാൽക്കണുകളോടുള്ള ഭ്രമം പ്രകടിപ്പിച്ചിരുന്നു.
ഫാൽക്കൺ മത്സരവേദികളിൽ നിത്യസാന്നിധ്യമായിരുന്ന ബാലന് ശാസ്ത്രീയമായി ഫാൽക്കണുകളെ പരിശീലിപ്പിക്കാൻ സാധിച്ചത് ഫിലിപ്പീൻസിലെ മെഡിക്കൽ പഠനകാലത്താണ്. തുടർന്ന് കേരളത്തിലും ബഹ്റൈനിലും ജോലി ചെയ്യുമ്പോഴും ഫാൽക്കണുകളെപ്പറ്റിയുള്ള പഠനം തുടർന്നു.
സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായാണ് സ്വദേശികള്‍ ഫാൽക്കണ്‍ പക്ഷികളെ കാണുന്നത്. ഇവയുടെ ഇരപിടിക്കൽ മത്സരങ്ങളും പറക്കൽ മത്സരങ്ങളും അറബ് നാടുകളിൽ സർവസാധാരണമാണ്. ഫാൽക്കണുകളുടെ ഭക്ഷണം, പരിശീലനം തുടങ്ങിയവ എല്ലാം സൂക്ഷ്മശ്രദ്ധ വേണ്ടതാണെന്ന് ഡോ. ഷഹീർ പറയുന്നു.
പക്ഷിയോട് സ്നേഹവും ക്ഷമയുമുള്ളയാൾക്കു മാത്രമേ പൊതുവേ ഇണങ്ങാൻ വിമുഖരായ ഇവരെ വരുതിയിലാക്കാൻ സാധിക്കൂ. ഓരോ ഇനങ്ങളുടെയും പ്രത്യേകതകളുമനുസരിച്ച് അവയെ പരിശീലിപ്പിക്കേണ്ടതുണ്ട്. രോഗങ്ങൾ വരാതെ സൂക്ഷിക്കുകയും വേണം.
അതിവേഗത്തില്‍ പറന്ന് വേട്ടയാടിപ്പിടിക്കുന്ന രീതിയാണ് ഷഹീർ പരിശീലിപ്പിക്കുന്നത്. ഇക്കാര്യത്തിൽ സമർഥരായ ഫാല്‍ക്കണുകളുടെ ശേഖരമുണ്ട് ഷഹീറിന്റെ പക്കല്‍. പരിചരണത്തിനും പരിപാലനത്തിനുമായി പാൻപാഗ എന്ന പേരിൽ ഫാൽക്കൺ ക്ലബും ഷഹീർ തുടങ്ങിയിരുന്നു. ഷഹീറിന്റെ പരിശീലനകേന്ദ്രത്തിൽ സ്വദേശികളടക്കം പരിശീലനം നേടുന്നു.
മണിക്കൂറിൽ 350 കിലോമീറ്റർ മുകളിലേക്കും താഴേക്കും പറക്കാൻ കഴിയുന്ന ഫാൽക്കണുകൾ നിമിഷനേരംകൊണ്ട് ഇരയുമായി തിരിച്ചെത്തും. മുയലിനെയും മാനിനെയും വരെ വേട്ടയാടുന്ന ഫാൽക്കണുകളുണ്ട്. രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങൾ വിലമതിക്കുന്ന അതിസമർഥരായ ഫാൽക്കണുകളെ വരെ ഷഹീർ പരിശീലിപ്പിച്ചിട്ടുണ്ട്.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബവും ഷഹീറിന്റെ ഫാൽക്കൺ സ്നേഹത്തിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. പിതാവിന്റെ മരണശേഷം മാതാവ് ഐഷ ഷംസുദ്ദീനും കുടുംബാംഗങ്ങളോടുമൊപ്പം മനാമയിലാണ് താമസം. അൽ നൂർ സ്കൂൾ അധ്യാപികയായ ഫാമിദ മജീദാണ് ഭാര്യ. മകൻ ഹംദാൻ മുഹമ്മദ് ഷഹീർ അൽ നൂർ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥിയാണ്. മൂന്നു വയസ്സുകാരിയായ ഹെസ്സ മുഹമ്മദ് ഷഹീർ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.