ബഹ്റൈനിൽ കോവിഡ് ഭീതിപരത്തിയിട്ട് ഒരുവർഷം
text_fieldsമനാമ: ലോകമാകെ ആശങ്ക വിതച്ച കോവിഡ് -19 ബഹ്റൈനിൽ എത്തിയിട്ട് നാളെ ഒരുവർഷം തികയുന്നു. കഴിഞ്ഞവർഷം ഫെബ്രുവരി 21ന് ഇറാനിൽനിന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സ്കൂൾ ബസ് ഡ്രൈവറായ സ്വദേശിയിലാണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്. ഫെബ്രുവരി 24നാണ് ആരോഗ്യമന്ത്രാലയം ആദ്യ കേസ് സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് രാജ്യം അതിജാഗ്രതയിലായി. പ്രതിരോധ, മുൻകരുതൽ നടപടികളുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തി. ശക്തമായ മുൻകരുതൽ നടപടികളുടെ ഭാഗമായി കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ അധികൃതർക്ക് കഴിഞ്ഞു. എന്നാൽ, ചില സമയങ്ങളിൽ ജനങ്ങളുടെ ജാഗ്രതക്കുറവ് രോഗികളുെട എണ്ണം വർധിക്കാനിടയാക്കി.
ഇൗവർഷം ഫെബ്രുവരി 12നാണ് രാജ്യത്ത് ഒരുദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക് റിപ്പോർട്ട് ചെയ്തത്. 896 പേരിലാണ് അന്ന് പുതുതായി രോഗം കണ്ടെത്തിയത്.
അതിന് മുമ്പുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് സെപ്റ്റംബർ 16നായിരുന്നു. 841 പേരാണ് അന്ന് പുതുതായി രോഗബാധിതരായത്. 750ന് മുകളിൽ പ്രതിദിന കേസുകൾ തുടർച്ചയായി കണ്ടെത്തിയതും ഇൗ വർഷം ഫെബ്രുവരിയിലാണ്. കഴിഞ്ഞ സെപ്റ്റംബറിൽ രണ്ടുദിവസം പ്രതിദിന കോവിഡ് നിരക്ക് 750ന് മുകളിലെത്തിയിരുന്നു. സെപ്റ്റംബർ 16നും 10നും. സെപ്റ്റംബർ 10ന് 757 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.
എന്നാൽ, ഇൗവർഷം ഫെബ്രുവരി ഒമ്പത് മുതൽ 13 വരെ തുടർച്ചയായി പ്രതിദിന നിരക്ക് 750ന് മുകളിൽ വന്നു. തുടർന്ന് 15, 16 തീയതികളിലും കോവിഡ് കേസുകൾ 750ന് മുകളിലായി. കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച പുതിയ വകേഭദമാണ് ഇപ്പോഴത്തെ വർധനക്ക് പ്രധാന കാരണമായി പറയുന്നത്. അതിവേഗം വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരെ അതിജാഗ്രതയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ഇതിെൻറ ഭാഗമായി, നേരത്തേ പിൻവലിച്ച നിയന്ത്രണങ്ങൾ പലതും തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. റസ്റ്റാറൻറുകളിൽ അകത്ത് ഭക്ഷണം നൽകുന്നതിനും ഇൻഡോർ ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും തുറക്കുന്നതിനുമുള്ള നിയന്ത്രണം മാർച്ച് 14 വരെ തുടരും.
കഴിഞ്ഞ ഒരുവർഷത്തിനിടെ നിരവധി പുതിയ അനുഭവങ്ങളിലൂടെയാണ് ലോകത്തിനൊപ്പം ബഹ്റൈൻ ജനതയും കടന്നുപോയത്. പുറത്തിറങ്ങുന്നതിനും കൂട്ടമായി പരിപാടികളിൽ പെങ്കടുക്കുന്നതിനും നിയന്ത്രണംവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം ഒാൺലൈനായി. വാണിജ്യ സ്ഥാപനങ്ങൾ തുടർച്ചയായി അടഞ്ഞുകിടന്നതും ഇക്കാലത്തെ പ്രത്യേകതയാണ്. വിമാന സർവിസുകൾക്കും നിയന്ത്രണം വന്നു.
വെല്ലുവിളികളെ അതിജീവിച്ച് തിരിച്ചുവരവിെൻറ പാതയിൽ മുന്നേറാൻ ഒരുങ്ങുകയാണ് ബഹ്റൈൻ. പഴയ നാളുകളിലേക്ക് തിരിച്ചുപോകാൻ പ്രവാസികളുടെയും സ്വദേശികളുടെയും ജാഗ്രത അനിവാര്യമാണെന്ന് അധികൃതർ നിരന്തരം ഒാർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.