മലയാളികളുടെ പ്രവാസത്തിന്റെ കണ്ണാടി -നിസാർ കുന്നംകുളത്തിങ്ങൽ
text_fieldsമനാമ: ചെറുപ്പത്തിൽ വീടിനടുത്തുള്ള കൂട്ടുകാരൻ പൊന്നുട്ടന്റെ വീട്ടിൽ പാൽ വാങ്ങാനായി പോകുമ്പോൾ അവിടെവെച്ചാണ് ആദ്യമായി പത്രം കാണുന്നത്. പൊന്നുട്ടന്റെ ഉപ്പ കുഞ്ഞാപ്പുക്ക വായിക്കുന്ന പത്രം. പത്രം കിട്ടിയാൽ ആദ്യം പിന്നിലെ സ്പോർട്സ് പേജിൽനിന്നാണ് വായന തുടങ്ങുക. അങ്ങനെ അതൊരു ശീലമായി. പിന്നീട് കോളജിലെത്തി കാമ്പസ് രാഷ്ട്രീയത്തിൽ സജീവമായതോടെ പരന്ന വായന തുടങ്ങി.
അപ്പോൾ എന്റെ വായനക്ക് കളമൊരുക്കിയിരുന്നത് ഓങ്ങല്ലൂരുള്ള കെ.ടി. രാവുണ്ണി മേനോൻ വായനശാലയാണ്. അതിനും ഒരു കാരണമുണ്ടായിരുന്നു. വീട്ടിൽ രാവിലെ ഉപ്പ സുബ്ഹിക്ക് വിളിച്ചെഴുന്നേൽപിക്കും. സുബ്ഹി നമസ്കാരം വീട്ടിലാണെങ്കിൽ അതു കഴിഞ്ഞാൽ വീട്ടിലിരുന്ന് ഖുർആൻ ഓതണമെന്നാണ് ഉപ്പയുടെ നിർദേശം. പള്ളിയിലാണെങ്കിൽ പള്ളിയിൽ ഇരുന്നും ഓതണം. അതുകൊണ്ട് ഞാൻ പള്ളിയിലാണ് പോകാറുള്ളത്. അവിടെ നമസ്കാരം കഴിഞ്ഞാൽ നേരെ വായനശാലയിൽ പോയി അവിടെയുള്ള എല്ലാ പത്രങ്ങളും വായിക്കും. വീട്ടിൽ ചോദിച്ചാൽ പള്ളിയിലിരുന്ന് ഓതുകയായിരുന്നു എന്നു പറയും. അങ്ങനെ എല്ലാ പത്രങ്ങളും വായിക്കുന്നത് ഒരു ലഹരിയായിരുന്നു. സ്വഭാവ രൂപവത്കരണത്തിലും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വളർത്തുന്നതിലും ഈ വായന വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പിന്നീട് പ്രവാസം തിരഞ്ഞെടുത്ത് ബഹ്റൈനിൽ എത്തിയപ്പോൾ നാട്ടിലെ ശീലമായിരുന്ന പത്രവായന തുടരാനായത് ഗൾഫ് മാധ്യമം ഉള്ളതുകൊണ്ടാണ്. പ്രവാസ ലോകത്തിന്റെ കണ്ണാടിയാണ് ഗൾഫ് മാധ്യമം.
പ്രവാസത്തിന്റെ നേർക്കാഴ്ചകളെ വരച്ചുകാട്ടുന്നതിലും അത് ലോകത്തെ അറിയിക്കുന്നതിലും ഗൾഫ് മാധ്യമം വലിയ പങ്കു വഹിക്കുന്നുണ്ട്. ഡിജിറ്റൽ വായനയിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വായനശീലം നിലനിർത്താൻ ഗൾഫ് മാധ്യമം നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണ്. ആ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതോടൊപ്പം പ്രവാസത്തിന്റെ നേർക്കാഴ്ചയായി മലയാളികളുടെ കണ്ണാടിയായി മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ടുനടക്കാൻ ഗൾഫ് മാധ്യമത്തിന് എക്കാലവും കഴിയട്ടെ എന്നുകൂടി ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.