ചികിത്സയിൽ കഴിഞ്ഞ തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsമനാമ: അസുഖബാധിതനായി ചികിത്സയിൽ കഴിഞ്ഞ മലയാളി ബഹ്റൈനിൽ നിര്യാതനായി. തിരുവനന്തപുരം പാറശ്ശാല പാലിയോട് ജസ്റ്റിൻ രാജ് (40) ആണ് മരിച്ചത്.
അഞ്ച് വർഷം മുമ്പ് ബഹ്റൈനിലെത്തിയ ജസ്റ്റിൻ ചെറിയ കൺസ്ട്രക്ഷൻ ജോലികൾ ചെയ്തുവരികയായിരുന്നു. കടുത്ത തലവേദനയും വിട്ടുമാറാത്ത പനിയും ബാധിച്ചാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വിശദമായ പരിശോധനക്കൊടുവിൽ സൽമാനിയ ഹോസ്പിറ്റലിൽനിന്ന് ജസ്റ്റിന് ടി.ബിയാണന്ന് സ്‌ഥിരീകരിച്ചു. തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കൂടാതെ രക്തം തലയിൽ കട്ടപിടിച്ചത് മൂലം സർജറിയും ചെയ്യേണ്ടി വന്നു. അതിനുശേഷം വെന്‍റിലേറ്ററിൽ കഴിയുകയായിരുന്നു.
ഇദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞ് ഹോപ് ബഹ്റൈൻ പ്രവർത്തകരാണ് ചികിത്സക്കും മറ്റും വേണ്ട സഹായങ്ങൾ നൽകിയത്. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺ ഹൗസിൽ ഇദ്ദേഹത്തിന്റെ വിഷയം എത്തിയിരുന്നു. ജസ്റ്റിന്റെ ഭാര്യ അജിത നാട്ടിൽനിന്ന് ഇന്ത്യൻ അംബാസഡറുടെ മുമ്പാകെ പ്രയാസങ്ങൾ അവതരിപ്പിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അംബാസഡർ അറിയിക്കുകയും ചെയ്തിരുന്നു.
അതിനിടെയാണ് ആകസ്മികമായി മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടി സ്വീകരിച്ചുവരുന്നു. സ്നേഹ, സ്നേഹിത്ത് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.