ക്ലബുകൾക്കും നിശാസംഗീത പരിപാടികൾക്കും ബഹ്റൈനിൽ ഇനി പുതിയ സമയക്രമം
text_fieldsമനാമ: ക്ലബുകൾക്കും നിശാസംഗീതപരിപാടികൾക്കും പുതിയ സമയക്രമമേർപ്പെടുത്തി ഗെസറ്റ് വിജ്ഞാപനം. ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഗെസറ്റിൽ സമയം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടൂറിസ്റ്റ് സൗകര്യങ്ങൾക്കെല്ലാം പുതിയ പ്രവർത്തന സമയം ബാധകമാണ്. ഭക്ഷണ പാനീയ സേവനങ്ങൾക്കായി നിയുക്തമാക്കിയ ഔട്ട്ലെറ്റുകൾ ഇപ്പോൾ പുലർച്ച മൂന്നിനാണ് അടക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് സംഗീത പ്രകടനങ്ങൾ, തത്സമയ ഡിജെകൾ തുടങ്ങിയ വിനോദസഞ്ചാര സേവനങ്ങൾ രാത്രി 2.30ന് അവസാനിപ്പിക്കണം.
കാറ്റഗറി I മുതൽ VI വരെയുള്ള ഔട്ട്ലെറ്റുകൾ 12 വരെയും, കാറ്റഗറി VII സൗകര്യത്തിലുള്ളവ വൈകുന്നേരം ആറു വരെയും മാത്രമേ പ്രവർത്തിക്കാവൂ. പുതിയ നിർദേശം പ്രസിദ്ധീകരിച്ചതിനാൽ 2023 മാർച്ചിൽ വന്ന മന്ത്രിതല തീരുമാനം റദ്ദായി.
ജുഫൈർ, ഹൂറ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിലെ നിരവധി നിവാസികൾ തങ്ങളുടെ മനസ്സമാധാനം കവരുന്ന രീതിയിലുള്ള ശബ്ദശല്യത്തിനെതിരെ പരാതിപ്പെട്ട സാഹചര്യത്തിലാണ് ടൂറിസം മന്ത്രിയുടെ തീരുമാനം. നിശാക്ലബുകൾ, ഡിസ്കോകൾ, ബാറുകൾ എന്നിവ സൗണ്ട് ബഫറുകൾ നിർബന്ധമായി സ്ഥാപിക്കണമെന്ന് എം.പി ഹസൻ ബുഖാമ്മാസിന്റെ നേതൃത്വത്തിൽ എം.പിമാർ ആവശ്യപ്പെട്ടു. ശബ്ദശല്യം ഉറക്കം നഷ്ടപ്പെടാനും മനസമാധാനം തകരാനും ഇടയാക്കുന്നു. അതോടൊപ്പം വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായും എം.പി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.