ശൂന്യതയിൽനിന്നൊരു കൊടുമുടി കയറ്റം
text_fieldsഎണ്ണംകൊണ്ടും വലുപ്പം കൊണ്ടും ലോകത്തിനു മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുകയാണ് ഇന്ത്യയിന്ന്. രാജ്യത്തിന്‍റെ ശബ്ദത്തിന് ലോകം കാതോർക്കുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണിത്.
ജനങ്ങളുടെ എണ്ണം തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. അതായത്, ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ വിപണിയെന്ന സ്ഥാനം. ആധുനിക ലോകത്ത് വിപണിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അതിനാൽത്തന്നെ, ഇന്ത്യയെന്ന അതിശക്തമായ വിപണിയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്.
ഏറ്റവും വലിയ വിപണിയുടെ പിൻബലത്തിൽ ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി മാറാൻ രാജ്യത്തിന് കഴിഞ്ഞു. 2024ൽ അഞ്ച് ട്രില്യൺ ഡോളർ വലുപ്പമുള്ള സമ്പദ്വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ലക്ഷ്യമിടുമ്പോൾ അതിൽ അതിശയിക്കാനൊന്നുമില്ല. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ വൻശക്തികളോട് കിടപിടിക്കുന്ന സാമ്പത്തിക ശക്തിയായി മാറുകയാണ് നമ്മുടെ രാജ്യവും.
വളരുന്ന ജി.ഡി.പി
സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ശൂന്യതയിൽനിന്ന് ലോകത്തിെന്‍റ നെറുകയിലേക്കുള്ള കുതിപ്പാണ് ഇന്ത്യ കാഴ്ചവെച്ചത്. പിന്നിട്ട ഭൂതകാലത്തിെന്‍റ നഷ്ടങ്ങളെ രാജ്യം നേട്ടങ്ങളാക്കി മാറ്റി. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) കേവലം 2.7 ലക്ഷം കോടി രൂപയായിരുന്നു. 75 വർഷങ്ങൾക്കിപ്പുറം ജി.ഡി.പി 236.65 ലക്ഷം കോടി രൂപയായി (3.05 ട്രില്യൺ ഡോളർ) ഉയർന്നു. ഇപ്പോൾ ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ 2031 ആകുമ്പോഴേക്കും മൂന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള തയാറെടുപ്പിലാണ്.
അതിഭീമമായ സമ്പദ്വ്യവസ്ഥയിലേക്കുള്ള വളർച്ച അത്ര എളുപ്പമുള്ളതായിരുന്നില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും നിരക്ഷരതയുമായിരുന്നു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ സമ്പാദ്യം. ആറിലൊന്ന് ഇന്ത്യക്കാരും നിരക്ഷരർ. കടുത്ത ദാരിദ്ര്യവും രൂക്ഷമായ സാമൂഹിക അസന്തുലിതാവസ്ഥയും ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ അതിജീവനത്തിനു മുന്നിൽ ചോദ്യ ചിഹ്നമുയർത്തി. 1700ൽ ലോകത്തിലെ മൊത്തം വരുമാനത്തിൽ ഇന്ത്യയുടെ പങ്ക് 22.6 ശതമാനമായിരുന്നു. യൂറോപ്പിന്‍റെ വിഹിതമായ 23.3 ശതമാനത്തിനടുത്ത്. എന്നാൽ, 1952 ആയപ്പോൾ ഇന്ത്യയുടെ വിഹിതം 3.8 ശതമാനമായി കുറഞ്ഞുവെന്ന് കേംബ്രിജ് ചരിത്രകാരനായ ആംഗസ് മാഡിസൺ ചൂണ്ടിക്കാട്ടി.
എന്നാൽ, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറുന്ന ഇന്ത്യയെയാണ് ലോകം കണ്ടത്. രാഷ്ട്രത്തിന് മേൽക്കൈയുള്ള ഒരു സമ്പദ്വ്യവസ്ഥ നടപ്പാക്കിയ ജവഹർലാൽ നെഹ്റുവിന്‍റെ ദീർഘവീക്ഷണങ്ങൾ രാജ്യത്തെ മുന്നോട്ടുനയിച്ചു. പദ്ധതി ആസൂത്രണത്തിനും നടത്തിപ്പിനുമായി 1950ൽ രൂപംകൊടുത്ത ആസൂത്രണക്കമീഷൻ എന്ന സംവിധാനം ഇന്ത്യയുടെ വളർച്ചയിൽ വഹിച്ച പങ്ക് അതിപ്രധാനമാണ്. അന്നത്തെ യു.എസ്.എസ്.ആറിെന്‍റ മാതൃകയിൽ കേന്ദ്രീകൃത സാമ്പത്തിക, സാമൂഹിക വളർച്ച പദ്ധതികളായിരുന്നു പഞ്ചവത്സര പദ്ധതികളിലൂടെ വിഭാവനചെയ്തത്.
1951ൽ ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയിൽ കൃഷിക്കാണ് മുഖ്യ പരിഗണന നൽകിയത്. ഭക്ഷ്യധാന്യ ഇറക്കുമതിയിലൂടെ വിലപ്പെട്ട വിദേശനാണ്യശേഖരം നഷ്ടമാകുന്നത് തടയുകയായിരുന്നു ലക്ഷ്യം. പദ്ധതി വൻ വിജയമായി മാറി. 1950കളിലും 60കളിലും വിദേശരാജ്യങ്ങളിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ സഹായമായി സ്വീകരിച്ച രാജ്യം ഇന്ന് ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിക്കാരാണ്. 1950ൽ 54.92 ദശലക്ഷം ടണായിരുന്ന ഭക്ഷ്യോൽപാദനം 2020ൽ 305.44 ദശലക്ഷം ടണായി ഉയർന്നു. 1960കളിലെ ഹരിതവിപ്ലവം ഇന്ത്യൻ കാർഷികരംഗത്തെ അടിമുടി മാറ്റിമറിച്ചു. അരി, ഗോതമ്പ്, വിവിധതരം പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകരാണ് ഇന്ത്യയിന്ന്. ക്ഷീരവിപ്ലവത്തിൽനിന്ന് ഊർജം കൈവരിച്ച രാജ്യം പാലുൽപാദനത്തിൽ മുന്നിലെത്തുകയും ചെയ്തു.
1969 ജൂലൈ 20ന് 14 സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിക്കാൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എടുത്ത തീരുമാനം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്തിെന്‍റ നട്ടെല്ലായ കാർഷിക മേഖലയിലേക്ക് കൂടുതൽ പണമെത്തിക്കുകയായിരുന്നു ലക്ഷ്യം. അതുവരെ ബാങ്ക് വായ്പകളിൽ നല്ലൊരു ശതമാനവും ലഭിച്ചിരുന്നത് ചില വൻകിട ബിസിനസുകാർക്കായിരുന്നു. ബാങ്കിങ് മേഖലയെ സോഷ്യലിസവുമായി ബന്ധിപ്പിക്കാനുള്ള ഇന്ദിര ഗാന്ധിയുടെ നീക്കത്തെ ജനങ്ങൾ കൈയടിച്ച് സ്വീകരിച്ചു. കാർഷിക മേഖലയിലേക്കും മറ്റ് മുൻഗണനാ മേഖലകളിലേക്കും ബാങ്ക് വായ്പകൾ കൂടുതലായെത്തി. ഇത് കർഷകർക്കും കാർഷിക മേഖലക്കും പുത്തനുണർവ് നൽകി.
വിദേശനിക്ഷേപത്തിെന്‍റ ഒഴുക്ക്
1991ൽ ഉദാരവത്കരണ നയം സ്വീകരിച്ചതിലൂടെയാണ് രാജ്യത്തേക്ക് വിദേശനിക്ഷേപത്തിെന്‍റ കുത്തൊഴുക്കുണ്ടായത്. സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തെ ലൈസൻസ് രാജിന് അന്ത്യം കുറിക്കുകയും സ്വകാര്യമേഖലക്കും വിദേശനിക്ഷേപകർക്കുമായി വ്യവസായ മേഖല തുറന്നിടുകയും ചെയ്തു. 1948ൽ ഇന്ത്യയിലെ വിദേശ നിക്ഷേപം 256 കോടി രൂപയായിരുന്നു. എന്നാൽ, 2021-2022 കാലത്ത് 83.57 ബില്യൺ യു.എസ് ഡോളറിെന്‍റ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത്.
1990 ഒടുവിലും 21ാം നൂറ്റാണ്ടിെന്‍റ ആദ്യ ദശകത്തിലും പ്രധാനമായും ഇൻഫർമേഷൻ ടെക്നോളജി മേഖലയാണ് രാജ്യത്തിെന്‍റ വളർച്ചയെ നയിച്ചത്. ഐ.ടി മേഖലയിലുണ്ടായ വൻ വളർച്ചയെ മുതലാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. 2000-2001ലെ 6.3 ബില്യൺ യു.എസ് ഡോളറിൽനിന്ന് 2020-21ൽ 133.7 ബില്യൺ ഡോളറായാണ് സോഫ്റ്റ്വെയർ കയറ്റുമതി വളർന്നതെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അടിസ്ഥാന ജനവിഭാഗങ്ങൾ
അതേസമയം, സമ്പദ്വ്യവസ്ഥയുടെ വലുപ്പം സാധാരണ ജനങ്ങൾക്ക് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. മധ്യവർഗത്തിന് താഴെയുള്ള ബഹുഭൂരിപക്ഷം ജനങ്ങളും മതിയായ സൗകര്യങ്ങളില്ലാതെ ജീവിക്കുന്ന അവസ്ഥയാണുള്ളത്. ഓരോ വർഷവും തൊഴിൽ വിപണിയിലേക്കിറങ്ങുന്ന അഭ്യസ്തവിദ്യർക്ക് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നേറിയിട്ടില്ല. അവിദഗ്ധ തൊഴിൽ മേഖലയിലാണ് നല്ലൊരുശതമാനം ആളുകളും ജോലിചെയ്യുന്നത്. വിലക്കയറ്റം പോലുള്ള പ്രതിഭാസങ്ങൾ മുട്ടിക്കുന്നതും ഇവരുടെ അന്നമാണ്.
എല്ലാ വിഭാഗം ജനങ്ങളെയും പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും കൈപിടിച്ചു നടത്തുന്ന വികസനമാണ് രാജ്യത്തിനാവശ്യം. അപ്പോഴാണ് വരുംതലമുറയോട് നമുക്ക് നീതിപുലർത്താനാവുക. സമ്പത്തിെന്‍റ സിംഹഭാഗവും ചെറിയൊരു ശതമാനം ആളുകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന നിലവിലെ സ്ഥിതിയിൽനിന്ന് എല്ലാവരിലേക്കും തുല്യമായി വിതരണം ചെയ്യപ്പെടുന്ന അവസ്ഥ സംജാതമാകണം. അതിനുള്ള ഇച്ഛാശക്തിയും പ്രാഗല്ഭ്യവുമാണ് നമ്മുടെ ഭരണാധികാരികളിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ലോക സാമ്പത്തിക ശക്തിയെന്ന അഭിമാനം ഓരോ ഇന്ത്യക്കാരെന്‍റയും സിരകളിലേക്ക് പടർന്നുകയറുക അപ്പോഴാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.