പുരോഗമനപരമായ ചുവടുവെപ്പ്; വനിതകൾക്ക് അംഗത്വവുമായി എസ്.എൻ.സി.എസ്
text_fieldsമനാമ: വനിതകൾക്ക് അംഗത്വംനൽകാനുള്ള പുരോഗമനപരമായ തീരുമാനവുമായി എസ്.എൻ.സി.എസ്. രജിസ്റ്റർചെയ്ത പ്രവാസിസംഘടനകളിലൊന്ന് ആദ്യമായാണ് വനിതകൾക്ക് അംഗത്വം നൽകുന്നത്. സ്ത്രീപുരുഷ സമത്വം ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുകയും അതിനായി നിരന്തര സമരങ്ങൾ നടന്നുവരുകയും ചെയ്യുന്ന കാലഘട്ടത്തിനനുസരിച്ച് മുന്നേറാനാണ് ശ്രീനാരായണ കൾചറൽ സൊസൈറ്റി ഭരണസമിതി ഈ തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രവാസി സംഘടനകൾക്ക് സ്ത്രീകൾക്ക് അംഗത്വം നൽകാനും അവരെ നേതൃനിരയിലേക്ക് എത്തിക്കാനും കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിൽ എസ്.എൻ.സി.എസ് അതിന്റെ നിയമസാധ്യതകൾ പഠിക്കുകയും സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് 7.30ന് ബാങ്സാങ് തായ് ഹോട്ടലിൽ നടക്കുന്ന മെംബേഴ്സ് നൈറ്റിൽ അംഗത്വവിതരണത്തിന് നാന്ദി കുറിക്കും. മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് എൻ.ജി.ഒ ആക്ടിങ് ഡയറക്ടർ അമീന അൽജാസിം അംഗത്വ വിതരണോദ്ഘാടനം നിർവഹിക്കും. അംഗത്തിന് വാലിഡ് റെസിഡൻസ് പെർമിറ്റും സി.പി.ആറുമുള്ള 18 വയസ്സ് പൂർത്തിയായ വനിതകൾക്ക് അപേക്ഷ സമർപ്പിക്കാം. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.