മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസം: വൃന്ദാവനൻ യാത്രപറയാനൊരുങ്ങുന്നു
text_fieldsവൃന്ദാവനൻ കല്ലിങ്കൽ
പ്രവാസ ജീവിതം അലങ്കാരത്തിനുള്ളതല്ലെന്നാണ് പലരുടെയും കാഴ്ചപ്പാട്. സാഹചര്യം മൂലം നാടും വീടും വിട്ട് അന്യദേശത്ത് തൊഴിലെടുക്കുന്ന മനുഷ്യർക്ക് അലങ്കാരമല്ലെന്ന് തന്നെ തോന്നിപ്പോകും. പാതിവഴിയിൽ ഇട്ടെറിഞ്ഞ് പോകുന്നവരും മടുത്തിട്ട് ഇറങ്ങിപ്പോരുന്നവരും അനവധിയാണ്. ദുരിതക്കയം എന്ന വിശേഷണമാണ് പ്രവാസം കേട്ട വലിയ പഴി.
എന്നാൽ, എല്ലാവരുടെയും അവസ്ഥ അങ്ങനെ ആയിരിക്കില്ല. മടുക്കാനോ വെറുക്കാനോ കിട്ടിയ സാഹചര്യത്തിൽ പോലും ഇഷ്ടപ്പെട്ട ചിലരും ഇവിടെയുണ്ട്. അവർക്ക് ഇവിടെ വിട്ട് പോവുക എന്നതാവും ഏറെ സങ്കടകരം.
പതിറ്റാണ്ടുകളോളമുള്ള ബന്ധങ്ങൾക്ക് വിട പറഞ്ഞ് വിമാനം കയറാൻ ഇന്ന് പല പ്രവാസികളും മടിക്കുന്ന കാഴ്ചയും വിരളമല്ല. അത്തരത്തിൽ സാഹചര്യത്തിന്റെ സമ്മർദം മൂലം മനസ്സില്ലാ മനസ്സോടെ നാടണയാനൊരുങ്ങുകയാണ് തൃശൂർ സ്വദേശി വൃന്ദാവനൻ കല്ലിങ്കൽ. സഹ പ്രവർത്തകർക്കിടയിൽ കെ.വി എന്ന പേരിൽ അറിയപ്പെടുന്ന വൃന്ദാവനൻ പേരു പോലെ തന്നെ ഏറെ വ്യത്യസ്തനായിരുന്നു. അതുപോലെ ഏറെ പ്രിയപ്പെട്ടവനും.
നീണ്ട മൂന്ന് പതിറ്റാണ്ടിലധികം കാലം പവിഴദ്വീപിന്റെ സ്നേഹം ഏറ്റുവാങ്ങിയ അദ്ദേഹം ഇനി വിശ്രമജീവിതത്തിന് തിരിക്കുകയാണ്. ഈ മാസം അവസാനം നാട്ടിലേക്ക് തിരിക്കും. മനസ്സിന് താൽപര്യമില്ലെങ്കിലും ശരീരം അതിനനുവദിക്കുന്നില്ലെന്നതാണ് വൃന്ദാവനന്റെ ഭാക്ഷ്യം. വയസ്സ് 60നോടടുത്തു. ഇനി നാട്ടിൽ കൃഷിയും മറ്റുമായി കൂടണം, അത്ര മാത്രമേ യാത്രപറച്ചിലായി നൽകാനുള്ളൂ-അദ്ദേഹം കൂട്ടിച്ചേർത്തു.
1991ലാണ് വൃന്ദാവനൻ ബഹ്റൈനിലെത്തുന്നത്. ഈ കാലത്തിനിടക്ക് രണ്ട് വർഷം യു.എ.ഇയിൽ ഒരു മാറ്റത്തിനെന്നോണം ജോലിക്ക് പോയെങ്കിലും പവിഴ ദ്വീപ് വീണ്ടും അദ്ദേഹത്തെ മാടിവിളിച്ചു. സ്വകാര്യ കമ്പനിയിലെ ഹെൽത്ത് സേഫ്റ്റി എൻവയോൺമെന്റ് ഓഫിസറായാണ് (എച്ച്.എസ്.ഇ) വിരമിക്കുന്നത്. വിവിധ കമ്പനികളിൽ വ്യത്യസ്ത കടമകളുമായി പ്രവർത്തിച്ചെങ്കിലും ഏറെക്കാലം എച്ച്.എസ്.ഇ ആയാണ് തുടർന്നത്. സഹായം ചോദിച്ചെത്തുന്നവരെ തഴയാത്ത അദ്ദേഹത്തിന്റെ ആ നല്ല മനസ്സിനെ ഓർത്തെടുക്കുന്ന അനേകം സുഹൃത്തുക്കൾ ഇന്ന് പവിഴദ്വീപിലുണ്ട്. തിരിച്ചുകിട്ടാത്ത കടം നൽകലുകളും സഹായിച്ചവരാൽ കബളിപ്പിക്കപ്പെടലുകളും കെ.വിയുടെ ജീവിതത്തിൽ നിത്യമായിരുന്നു.
അത്രത്തോളം സുതാര്യമായിരുന്നു അദ്ദേഹത്തിന്റെ പ്രവാസ കാലം. സാമൂഹിക പ്രവർത്തനത്തിലുള്ള അദ്ദേഹത്തിന്റെ അതിയായ ഭ്രമം സഹായമാവശ്യമുള്ള മനുഷ്യർക്ക് ഏറെ തുണയായിട്ടുണ്ട്. മതമോ ജാതിയോ സംഘടനയോ ഏതായാലും ബഹ്റൈനിലെ പരിപാടികൾക്ക് വൃന്ദാവനൻ സന്തോഷത്തോടെ എത്തുമായിരുന്നു.
തികഞ്ഞ മതേതരത്വം അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ഭാര്യ നൈസിലി നാട്ടിൽ ടീച്ചറാണ്. മകൻ അദ്വൈത് സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. ഇനിയുള്ള കാലം കെ.വി നാട്ടുകാർക്കും വീട്ടുകാർക്കുമിടയിൽ സാധാരണക്കാരനായി തുടരും. വൃന്ദാവനന്റെ ജീവിതത്തിൽ മാറുന്നത് ലോകമാണ്, ചുറ്റുമുള്ള മനുഷ്യരാണ്... പക്ഷേ ആ സ്നേഹവും കരുതലും ഇനിയും മാറാതെ മറ്റുള്ളവർക്കായി തുടരും...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.