Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോകം ഒരു ഗ്രാമമാവുന്ന...

ലോകം ഒരു ഗ്രാമമാവുന്ന കാലം

text_fields
bookmark_border
ലോകം ഒരു ഗ്രാമമാവുന്ന കാലം
cancel

'ലോകത്തിലെ പ്രവാസികളെല്ലാം ചേർന്ന് ഒരു രാജ്യം രൂപവത്കരിക്കുകയാണെന്ന് സങ്കൽപിച്ചാൽ ലോകത്ത് നാലാമത് ജനസംഖ്യയുള്ള രാജ്യമായി തീരും' -പ്രവാസി സമൂഹത്തിന്റെ എണ്ണവും പ്രാധാന്യവും വ്യക്തമാക്കാൻ മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായമാണിത്.

യു.എ.ഇ ജനസംഖ്യയുടെ 88 ശതമാനവും ഖത്തറിന്റെ 77 ശതമാനവും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് മൈഗ്രേഷൻ പോളിസി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തൽ. 2020ലെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ ഏകദേശം നാലുശതമാനം പേർ വിവിധ തലങ്ങളിലുള്ള പ്രവാസികളാണ്. സ്വദേശികളേക്കാൾ കൂടുതൽ ഇന്ത്യൻ ഡയസ്പോറ ഉൾക്കൊള്ളുന്ന രാജ്യങ്ങൾ തന്നെയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും നാം തന്നെ. 3.21 കോടി ഇന്ത്യക്കാരാണ് 200 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇന്ത്യൻ പ്രവാസത്തിന് ഏറെ പഴക്കമുണ്ടെങ്കിലും ഭാവിസാധ്യതകൾ വിലയിരുത്തുമ്പോൾ അത് യുവത്വദശയിലാണെന്നുകാണാം.

പ്രധാനമായും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ, പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലെ വളരെ കുറഞ്ഞ ജനനനിരക്കും ജനസംഖ്യയും, ഉയർന്ന പ്രായം, കോവിഡ് പോലുള്ള ലോകത്ത് ഉയർന്നുവരുന്ന മഹാമാരികൾ എന്നിവയെല്ലാം ഇന്ത്യൻ പ്രവാസികളുടെ സേവനം ലോകം ആവശ്യപ്പെടുകയാണ്. കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ പ്രത്യേകിച്ച് ജർമനിയിൽ മേൽകാരണങ്ങൾ മൂലം സാങ്കേതിക- ആരോഗ്യ രംഗങ്ങളിലേക്കും മറ്റും ഏറെ ഒഴിവിലേക്കാണ് ഇന്ത്യക്കാരെ ക്ഷണിക്കുന്നത്. ജപ്പാനിലേക്ക് മാത്രം അടുത്ത വർഷം അവസാനത്തോടെ മൂന്ന് ലക്ഷത്തിലധികം പേരെയാണ് റിക്രൂട്ട്മെൻറ് നടത്തുന്നത്. ആരോഗ്യ മേഖലകളിലേക്കാണ് ഏറ്റവും കൂടുതൽ ആളുകളെ ആവശ്യമായി വരുന്നത്. കേരളത്തിൽ നിന്നുമാത്രം ആരോഗ്യ രംഗത്തേക്ക് 10,000 പേരെയാണ് ജർമനിയിലേക്ക് നോർക്ക വഴി റിക്രൂട്ട് ചെയ്യാൻ ധാരണയായിട്ടുള്ളത്. ട്രിപ്ൾവിൻ പോഗ്രാം എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ രണ്ടാംഘട്ട റിക്രൂട്ട്മെൻറ് പുരോഗമിക്കുകയാണ്. പ്രായം ചെന്നവരെ പരിചരിക്കുന്നതിനായി വിദേശ രാജ്യങ്ങൾ ഏറെ ശ്രദ്ധയാണ് നൽകുന്നത്. കെയർ ഇക്കോണമി എന്ന സംജ്ഞ തന്നെ ഉണ്ടായിരിക്കുന്നു.

ഈ രംഗത്ത് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി ധാരാളം അവസരങ്ങളാണ് ഉണ്ടാവാൻ പോവുന്നത്. ഗാർഹിക തൊഴിൽ എന്നത് ശാസ്ത്രീയ മാർഗങ്ങളിലൂടെ മാറ്റത്തിന് വിധേയമാക്കുകയാണ് വേണ്ടത്. ഈ രംഗത്ത് അമേരിക്ക ചെലവിടാൻ ഒരുങ്ങുന്നത് 400 ബില്യൺ യു.എസ് ഡോളറാണ്. ഇതേ പാതയിൽ തന്നെയാണ് യൂറോപ്യൻ യൂനിയനും. നേരത്തെയുണ്ടായിരുന്നതിൽനിന്ന് വളരെ അനുകൂലമായ രീതിയിൽ എമിഗ്രേഷൻ നിയമങ്ങൾ മാറ്റിയെഴുതാനും പല രാഷ്ട്രങ്ങളും തയാറായത് ഇന്ത്യൻ പ്രവാസത്തിന് കരുത്തേകും. സ്റ്റാർട്ടപ് വിസ, ഗോൾഡൻ വിസ, ഇൻവെസ്റ്റ് വിസ, എൻട്രപ്രണർ വിസ, സ്വയം തൊഴിൽ വിസ എന്നിവയും ലഭിക്കാൻ തുടങ്ങിയത് പ്രഫഷനലുകൾക്കും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഏറെ അവസരങ്ങളാണ് ലഭിക്കുന്നത്.

ഉന്നത പഠനംതേടി വിദേശങ്ങളിലേക്ക്

പുതുതലമുറയിൽപെട്ടവർ തങ്ങളുടെ ഹൈസ്കൂൾതല പഠനം മുതൽ ഉപരിപഠനം വരെ വിദേശങ്ങളിൽ നടത്താനും പിന്നീട് അവിടെത്തന്നെ തങ്ങളുടെ ജീവിതം സ്ഥിരമാക്കാനും ആഗ്രഹിക്കുന്നവരാണ്. ഇന്ത്യയിൽനിന്ന് വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം 2016ൽ 4.4 ലക്ഷമായിരുന്നത് 2019ൽ ഏഴ് ലക്ഷത്തി എഴുപതിനായിരം പേരായെന്നും 2024 ആവുമ്പോഴേക്ക് ഇത് 18 ലക്ഷമാവുമെന്നും കണക്കാക്കുന്നതായി ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ വെളിപ്പെടുത്തുന്നു. പ്രതിവർഷം 50,000 കോടി രൂപയാണ് വിദേശത്ത് വിദ്യാഭ്യാസത്തിനായി ഇന്ത്യയിൽനിന്ന് രക്ഷിതാക്കളും വിദ്യാർഥികളും ചെലവഴിക്കുന്നത്.

പ്രവാസരീതിയും മാറുന്നു

മാറിവരുന്ന സാങ്കേതിക വിദ്യയുടെ ഉപയോഗം വരും കാലങ്ങളിൽ ഇന്ത്യൻ പ്രവാസത്തിന് പുതിയ ഭാഷ്യം തന്നെ രചിക്കും. ഗിഗ് ഇക്കോണമിയും (Gig) വെർച്വൽ പ്ലാറ്റ് ഫോമിലൂടെയുള്ള ജോലികളും പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്നു. വികസിത-വികസ്വര രാജ്യങ്ങൾ തങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ഉപയോഗിക്കുന്ന മാധ്യമമാണ് ഇവയെല്ലാം. ചുരുങ്ങിയ കാലത്തേക്കുള്ളതോ ഒരു പ്രവൃത്തിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതോ ആണ് പലപ്പോഴും ഗിഗ് ഇക്കോണമിയിൽ വരുന്നത്. ലോകത്തിലെ വൻ ഡേറ്റ അനലിസ്റ്റ് മുതൽ ബുക്ക് കീപ്പിങ് ജോലികൾ വരെ ഇന്ത്യയിൽനിന്ന് ഔട്ട്സോഴ്സ് വഴിയാണ് നടത്തുന്നത്. ഇങ്ങനെയുള്ള ജോലികൾക്ക് ധാരാളം സാധ്യതകളാണ് ഭാവിയിൽ വരാനിരിക്കുന്നത്. ഇന്ത്യയിൽ താമസിച്ചുതന്നെ വിദേശജോലി ചെയ്യാൻ ആയിരങ്ങൾക്ക് അവസരം ലഭിക്കുന്നതിനാൽ പ്രവാസമെന്നത് ഇതര രാജ്യങ്ങളിൽ താമസിച്ചുള്ളതാണെന്ന നിർവചനം മാറ്റിവെക്കേണ്ട സാഹചര്യമാണ് സംജാതമാവുന്നത്.

വികസിത രാജ്യങ്ങൾക്കൊപ്പംതന്നെ ആഫ്രിക്കൻ രാജ്യങ്ങളും ഇന്ത്യക്കാർ പുതിയ മേഖലയായി തിരഞ്ഞെടുക്കുന്നു. വളർന്നുവരുന്ന പല രാജ്യങ്ങളും ആഫ്രിക്കൻ മേഖലകളിൽ ഉണ്ടായിവരുന്നു. ഇവിടെ ഉയർന്ന തസ്തികയിലെ ജോലികൾക്കുപുറമെ, ഖനനം മുതൽ കൃഷി വരെയുള്ള മേഖലകളിൽ നിക്ഷേപം നടത്തുന്നവരാണ് ഇന്ത്യക്കാർ.

ദേശീയവും അന്തർദേശീയവുമായ നിയമങ്ങളും കരാറുകളും സുരക്ഷിതവും നിയമപരമായതും അനുസ്യൂതവുമായ കുടിയേറ്റം ലക്ഷ്യമാക്കി യു.എൻ.ഒ തയാറാക്കിയ മാർഗനിർദേശങ്ങളായ ഗ്ലോബൽ കോംപാക്ട് ഫോർ മൈഗ്രേഷൻ ധാരാളം രാജ്യങ്ങൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ രാജ്യവും ഈ ദിശയിലേക്ക് മുന്നേറുകയാണ്. പാർലമെൻറിന്റെ പരിഗണനയിലുള്ള എമിഗ്രേഷൻ ബിൽ 2021 അന്താരാഷ്ട്ര കുടിയേറ്റം ഏറെ പ്രോത്സാഹിപ്പിക്കുന്നതും കോംപാക്ട് ഫോർ മൈഗ്രേഷൻ നിർദേശങ്ങൾ ഒരു പരിധിവരെ ഉൾക്കൊള്ളുന്നതുമാണ്. തൊഴിലുമായും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടും ഭാരതം ഏറെ കരാറുകളിൽ ഏർപ്പെട്ടത് കുടിയേറ്റത്തിന്റെ ഭാവി ശോഭനമാക്കാൻ സഹായിക്കും.

ഗൾഫ് സമ്പദ്വ്യവസ്ഥയും മാറുന്നു

എണ്ണയിലധിഷ്ഠിമായ ഇക്കോണമിക്കൊപ്പം പോസ്റ്റ്-പെട്രോകെമിക്കൽ സമ്പദ്‌വ്യവസ്ഥയിലേക്ക് കടക്കുന്ന ഗൾഫ് രാജ്യങ്ങളിൽ പരമ്പരാഗത മേഖലകളേക്കാൾ അവസരം പുതിയ മേഖലകളിലേക്കും ഉയർന്ന തസ്തികകളിലേക്കും നിക്ഷേപ സാധ്യതകളിലേക്കും ഇന്ത്യക്കാരെ നയിക്കും. വികസിത രാജ്യങ്ങളിലുള്ള അവസരങ്ങൾക്ക് തുല്യമായവ ഗൾഫ് നാടുകളിലും ഉണ്ടാവും. ഖത്തറുമായി ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഇന്ത്യൻ വൈസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ സ്റ്റാർട്ടപ് ബിസിനസ് കരാർ ഇരു രാജ്യങ്ങൾക്കിടയിലും വലിയ രീതിയിൽ നിക്ഷേപം ആകർഷിക്കാനും ദീർഘകാല സാമ്പത്തിക വളർച്ചക്കും അഭിവൃദ്ധിക്കും കാരണമാവുകയും ചെയ്യും.

പോസ്റ്റ്-പെട്രോകെമിക്കൽ സമ്പദ്‌വ്യവസ്ഥക്ക് തയാറെടുക്കുന്ന ഖത്തറിൽ സ്റ്റാർട്ടപ് രംഗത്ത് വലിയ സാധ്യതയാണുള്ളതെന്നും ഇരുരാജ്യങ്ങളും മനസ്സിലാക്കുന്നു. കോവിഡ് രൂക്ഷമായ കാലത്തും ഗൾഫ് നാടുകളിൽ ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ തൊഴിൽ നൽകിയത് ഖത്തർറാണ്. ഇതേ കോവിഡ് കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവാസികളെ കൂട്ടത്തോടെ തിരിച്ചയച്ചപ്പോഴും അനധികൃത താമസക്കാർക്ക് രേഖകൾ ശരിയാക്കി മറ്റു ജോലികളിലേക്ക് മാറാൻ മാസങ്ങളോളം നീണ്ട അവസരം നൽകി ഖത്തർ പ്രവാസികളെ കൂടെക്കൂട്ടുകയായിരുന്നു. ഖത്തർ പ്രവാസികൾക്ക് ഒരുക്കുന്ന അവസരങ്ങളുടെ നിദർശനമാണിത്.

കുടിയേറ്റം കൂടിയപ്പോൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിക്കുന്നതും കൂടിവരുകയാണ്. 2021ൽ മാത്രം ഒരു ലക്ഷത്തി അറുപതിനായിരം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യൻ പാർലമെൻറിലെ ചോദ്യത്തിന് ഉത്തരമായി 2015വരെ 8.81 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചതായി വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങൾ ഏറെ സൗകര്യങ്ങൾ നൽകി ഇന്ത്യക്കാർക്ക് പൗരത്വം നൽകുകയാണെങ്കിൽ ഇന്ത്യയിൽനിന്ന് ചോർന്നുപോവുന്നത് നമ്മുടെ തലച്ചോറുകൾ തന്നെയായിരിക്കും. ഉപരി ജീവനംതേടി വിദേശ പൗരത്വം സ്വീകരിക്കുന്നതിനുപുറമെ അതിസമ്പന്നരായ 8000 പേർ 2022ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുമെന്നും കണക്കാക്കുന്നു! സന്തുലിത നയനിലപാടുകളിലൂടെ ഇന്ത്യക്ക് അനുകൂലമാക്കി മാറ്റണം പ്രവാസത്തെ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:villageIndipendence DayBest of Bharat
News Summary - A time when the world was a village
Next Story