ഈത്തപ്പഴ വൈവിധ്യം കാണാം, ഹൂറത്ത് ആലി ഫാർമേഴ്സ് മാർക്കറ്റിൽ
text_fieldsമനാമ: ഈന്തപ്പന ട്രീ ഫെസ്റ്റിവൽ അഞ്ചാമത് എഡിഷൻ ഹൂറത്ത് ആലിയിലെ ഫാർമേഴ്സ് മാർക്കറ്റിൽ തുടങ്ങി. മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് ഉദ്ഘാടനം ചെയ്തു.
നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് (എൻ.ഐ.എ.ഡി) സെക്രട്ടറി ജനറൽ ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ, ബഹ്റൈൻ ഡെവലപ്മെൻറ് ബാങ്ക് ഗ്രൂപ് (ബി.ഡി.ബി) സി.ഇ.ഒ ദലാൽ അഹമ്മദ് അൽ ഖായിസ് എന്നിവരും കർഷകർ, കാർഷിക കമ്പനി പ്രതിനിധികൾ, കരകൗശലത്തൊഴിലാളികൾ, തുടങ്ങിയവരും സന്നിഹിതരായിരുന്നു.
രാജ്യത്തിന്റെ പാരിസ്ഥിതിക സുസ്ഥിരതക്കും സുസ്ഥിര കാർഷിക വികസനത്തിനും പിന്തുണ നൽകുന്നതിൽ ഈന്തപ്പന കൃഷിയുടെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. ദേശീയ കാർഷിക ഉൽപന്നങ്ങൾ വർധിപ്പിക്കുന്നതിനും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ഈന്തപ്പന സംസ്കരണ വ്യവസായങ്ങൾ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
കാർഷിക മേഖല വികസിപ്പിക്കുന്നതിനും സുസ്ഥിര ഈന്തപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ മന്ത്രി പരാമർശിച്ചു.
കാർഷിക പൈതൃകം സംരക്ഷിക്കുക, മൂല്യനിർണയത്തിനും സംരക്ഷണത്തിനുമായി പ്രാദേശിക ഈന്തപ്പന ഇനങ്ങളുടെ ജനിതക ശേഖരം ഉണ്ടാക്കുക, ആധുനിക കാർഷിക സാങ്കേതികവിദ്യകൾ നടപ്പാക്കുക, ജി.സി.സി രാജ്യങ്ങളിൽ പ്രധാനപ്പെട്ട ഈന്തപ്പന ഇനങ്ങളുടെ വിവരങ്ങൾ ക്രോഡീകരിക്കുക, ഈന്തപ്പനയുമായി ബന്ധപ്പെട്ട ആവശ്യമായ പഠനങ്ങൾ നടത്തുക എന്നിവയെല്ലാം മന്ത്രാലയം നടത്തുന്നുണ്ട്.
വാർഷിക സാംസ്കാരിക പൈതൃക ഉത്സവമെന്ന നിലയിൽ ബഹ്റൈൻ ഡെവലപ്മെൻറ് ബാങ്ക് ഫാർമേഴ്സ് മാർക്കറ്റ് ഡിപ്പാർട്ട്മെന്റിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റാണ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്.
ബഹ്റൈൻ ഈത്തപ്പഴങ്ങളുടെ വൈവിധ്യം മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഫെസ്റ്റിവലിലേക്ക് പ്രവേശനം. വ്യത്യസ്ത രൂപത്തിലും രുചിയിലും ഉള്ള 200ലധികം ഇനം ഈത്തപ്പഴങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും നടന്നു. ആയിരക്കണക്കിനാളുകളാണ് മേള കാണാൻ എത്തുന്നത്. ഫെസ്റ്റിവൽ ഇന്ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.