അബ്ദുൽ ഷുക്കൂറിനും മക്കൾക്കും വേണം സുമനസ്സുകളുടെ കാരുണ്യം
text_fieldsമനാമ: പ്രമേഹം അധികരിച്ച് ഗുരുതരാവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ കഴിയുന്ന മലയാളി സുമനസ്സുകളുടെ സഹായം തേടുന്നു. തലശ്ശേരി ചാലിൽ സ്വദേശി അബ്ദുൽ ഷുക്കൂറാണ് (60) ദുരിതാവസ്ഥയിൽ കഴിയുന്നത്.
ഷുഗർ കൂടി കാലിലെ വിരലുകൾ മുറിച്ചുകളഞ്ഞെങ്കിലും മുറിവ് അതിദയനീയമായ അവസ്ഥയിലാണ്. ഇതിനോടകം നാല് ഓപറേഷൻ നടത്തി. തുടർചികിത്സയും ഇദ്ദേഹത്തിന് വെല്ലുവിളിയായി അവശേഷിക്കുകയാണ്. ജസ്റയിൽ ലോൺഡ്രി തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു അബ്ദുൽ ഷക്കൂർ. തുച്ഛമായ വേതനത്തിന് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് അസുഖ ബാധിതനായി ആശുപത്രിയിൽ എത്തിയത്. മുമ്പ് അത്യാവശ്യം ജോലികൾ ഉണ്ടായിരുന്നെങ്കിലും കോവിഡ് മഹാമാരി എത്തിയതോടെ പ്രതിസന്ധി ആരംഭിച്ചു. ലോൺഡ്രി ജോലികൾ കുറഞ്ഞതോടെ ജീവിതം വഴിമുട്ടി. 12ഉം 10ഉം എട്ടും വയസ്സുള്ള മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. നാട്ടിൽ സഹോദരിയുടെ കുടുംബത്തിനൊപ്പം വാടക വീട്ടിലാണ് മക്കൾ കഴിയുന്നത്. വീട്ടുവാടക അബ്ദുൽ ഷുക്കൂറാണ് അയച്ചുനൽകിയിരുന്നത്. ഇപ്പോൾ ജോലി ഇല്ലാത്തതിനാൽ രണ്ട് മാസത്തെ വാടക കുടിശ്ശികയാണ്. സ്വന്തമായി വീടോ ഒരു തുണ്ടു ഭൂമിയോ ഇല്ലാത്ത ഇദ്ദേഹം തന്റെ തുച്ഛ വരുമാനത്തിൽനിന്ന് മിച്ചംപിടിച്ചാണ് വീട്ടുവാടകക്കുള്ള പണം അയച്ചിരുന്നത്. ഇദ്ദേഹം ആശുപത്രിക്കിടക്കയിലായതോടെ കുട്ടികളുടെ ഭാവിയും പ്രതിസന്ധിയിലാണ്. അബ്ദുൽ ഷുക്കൂറിന്റെ തുടർ ചികിത്സക്കും കുട്ടികളെ സഹായിക്കുന്നതിനുമായി ബഹ്റൈനിലെ സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥലം വാങ്ങി സ്വന്തമായി ഒരു വീട് നിർമിച്ചുനൽകി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് മുഖ്യലക്ഷ്യം. ഒപ്പം, അബ്ദുൽ ഷുക്കൂറിന്റെ ചികിത്സയും നടക്കണം. സുമനസ്സുകൾ സഹായിച്ചാൽ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് സാമൂഹിക പ്രവർത്തകരുടെ പ്രതീക്ഷ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: നിസാർ ഉസ്മാൻ -3345 3535, അഫ്സൽ -3810 3296, അഷ്കർ പൂഴിത്തല - 3395 0796.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.