എയർ ഇന്ത്യ എക്സ്പ്രസ് സമ്മർ ഷെഡ്യൂളിലെ മാറ്റങ്ങളെക്കുറിച്ച്
text_fieldsഎയർ ഇന്ത്യ എക്സ്പ്രസ് സമ്മർ ഷെഡ്യൂളിൽ ചില മാറ്റങ്ങൾ വരുത്തിയ വിവരം എല്ലാവരും ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ. മാറ്റം വരുത്തിയ ഫ്ലൈറ്റുകളെക്കുറിച്ചും ദിവസത്തെക്കുറിച്ചും പലരിലും സംശയങ്ങൾ നിലനിൽക്കുന്നുമുണ്ട്. ബഹ്റൈനിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ രണ്ട് വിമാനങ്ങളാണ് പോയിക്കൊണ്ടിരുന്നത്. അത് മാർച്ച് അഞ്ച് മുതൽ 15 വരെ ഉണ്ടായിരിക്കില്ല എന്നാണ് പുതിയ സർക്കുലർ പ്രകാരം വ്യക്തമാകുന്നത്. മാർച്ച് 15നു ശേഷം ആ സർവിസുകൾ തുടരുകയും ചെയ്യും. ആ സമയത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് എയർപോർട്ട് മാറ്റാനോ, യാത്രാസമയം മാറ്റാനോ, റീഫണ്ടോ അനുവദിക്കും.
ബഹ്റൈൻ -ഡൽഹി റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഏഴ് സർവിസുകളാണ് നടത്തുന്നത്. പുതിയ തീരുമാന പ്രകാരം മാർച്ച് 30 മുതൽ ഒക്ടോബർ 20 വരെ ഞായർ, തിങ്കൾ ദിവസങ്ങളിലെ യാത്ര റദ്ദ് ചെയ്ത് ബാക്കി അഞ്ച് ദിവസങ്ങളിലായിരിക്കും ഇനി സർവിസ് നടത്തുക. ഡൽഹിയിലെ സ്ലോട്ട് പ്രശ്നമെന്നാണ് അധികൃതർ കാരണമായി അറിയിച്ചത്. എന്നിരുന്നാലും ബാക്കി അഞ്ച് ദിവസങ്ങളിലെ സർവിസ് തുടരുന്നത് ആശ്വാസമാണ്.
കൊച്ചിയിലേക്കുണ്ടായിരുന്ന ആറ് സർവിസുകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലെ യാത്ര റദ്ദാക്കി ആഴ്ചയിൽ നാല് എന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് വരെ ഈ അവസ്ഥയിലായിരിക്കും കൊച്ചിയിലേക്ക് സർവിസ് നടത്തുക. ഞായറാഴ്ചയും കൊച്ചിയിലേക്ക് സർവിസുണ്ടായിരിക്കില്ല. കോഴിക്കോട്ടേക്ക് നിലവിൽ നാല് സർവിസുകളാണ് നടത്തുന്നത്. സമ്മർ ഷെഡ്യൂളിൽ അത് രണ്ട് സർവിസുകൾ അധികരിപ്പിച്ച് ആറാക്കി മാറ്റിയിട്ടുണ്ട്.
സർവിസില്ലാത്ത ദിവസമായി വ്യാഴാഴ്ച മാത്രമാണ് കോഴിക്കോട്ടുള്ളത്. ഈ മാർച്ച് അവസാനത്തോടെ ഗൾഫ് എയർ കോഴിക്കോട്ടേക്കുള്ള സർവിസ് പൂർണമായും നിർത്തുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് എയർഇന്ത്യ എക്സ്പ്രസ് സർവിസുകളുടെ എണ്ണം കൂട്ടിയത്. സമ്മർ സീസണിൽ വിമാനങ്ങൾ പൂർണമായി റദ്ദ് ചെയ്തിട്ടില്ല. പകരം കുറഞ്ഞയെണ്ണം സർവിസ് താൽക്കാലികമായി നിർത്തി വെച്ചതാണെന്നാണ് ലഭിച്ച വിവരം. ഇത് ബഹ്റൈനിൽ നിന്നുള്ള ഫ്ലൈറ്റുകളിൽ മാത്രമല്ല മറ്റു ജി.സി.സി രാജ്യങ്ങളിലെ ഷെഡ്യൂളുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.