ഒന്നര ലക്ഷത്തോളം പേരാണ് സഹായത്തിനായി അപേക്ഷ നൽകിയത്: പ്രവാസികൾക്കുള്ള 5000 രൂപ സഹായം എന്തായി?
text_fieldsമനാമ: കോവിഡ് കാലത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് പ്രഖ്യാപിച്ച 5000 രൂപ ധനസഹായം പലർക്കും കിട്ടിയില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു. എന്നാൽ, അപേക്ഷകരിൽ പകുതിയിലധികം പേർക്കും ഇതിനകം സഹായം കൈമാറിയെന്നും ബാക്കിയുള്ളവരുടെ അപേക്ഷകളിൽ നടപടി സ്വീകരിച്ചുവരികയാണെന്നും നോർക്ക അധികൃതർ വ്യക്തമാക്കുന്നു.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുകയും ലോക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാകാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5000 രൂപയുടെ ധനസഹായം ലഭിക്കുക. ഇതുവരെ ഒന്നര ലക്ഷത്തോളം പേരാണ് സഹായത്തിനായി അപേക്ഷ നൽകിയത്. അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പലർക്കും സഹായം ലഭിച്ചില്ലെന്നാണ് പരാതി. കുറേപ്പേർ ഇതിനകം വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. ലോക്ഡൗണിൽ വരുമാനമില്ലാതെ നാട്ടിൽ കുടുങ്ങിപ്പോയവർ ഏറെ പ്രതീക്ഷയോടെയാണ് നോർക്ക ധനസഹായത്തെ കണ്ടത്. എല്ലാ രേഖകളും സമർപ്പിച്ച് കാത്തിരിക്കുന്ന ഒേട്ടറെ പ്രവാസികളുണ്ട്. സഹായം കിട്ടാത്തത് സംബന്ധിച്ച് പ്രവാസ ലോകത്തെ വാട്സ്ആപ് ഗ്രൂപ്പുകളിലും ചർച്ച നടക്കുന്നുണ്ട്. അപേക്ഷ നൽകി മാസങ്ങൾ കാത്തിരുന്നിട്ടും സഹായം ലഭിക്കുന്നില്ലെന്നാണ് പരാതി. എന്നാൽ, സഹായം ലഭിക്കുന്നില്ലെന്ന ആരോപണം ശരിയല്ലെന്നാണ് നോർക്ക അധികൃതർ വ്യക്തമാക്കുന്നത്. ഇതിനകം 82,000 ത്തോളം പേർക്ക് സഹായം നൽകിയതായി നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. 41 കോടി യാണ് ഇതിനായി ചെലവഴിച്ചത്.
കഴിഞ്ഞ മാസം 28 വരെയുള്ള കണക്കനുസരിച്ച് മലപ്പുറത്താണ് ഏറ്റവുമധികം പേർക്ക് സഹായം നൽകിയത്. 13,373 പേർക്ക് ഇവിടെ സഹായം ലഭിച്ചു. ഇടുക്കിയിലാണ് ഏറ്റവും കുറച്ചുപേർക്ക് സഹായം ലഭിച്ചത് (315 പേർ.) ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് എത്തിയവരായിരിക്കണം എന്ന വ്യവസ്ഥ പാലിക്കാത്ത ചില അപേക്ഷകൾ നിരസിച്ചിട്ടുണ്ട്. യോഗ്യരായ അപേക്ഷകളിൽ ശേഷിക്കുന്നവർക്ക് ഉടൻ തുക നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു. നോർക്ക നൽകുന്ന പട്ടിക അനുസരിച്ച് കനറ ബാങ്കാണ് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത്. ഫണ്ട് ലഭിക്കുന്നതിനനുസരിച്ചാണ് ബാങ്കിന് പട്ടിക നൽകുന്നത്. അപേക്ഷകൾ പരിശോധിച്ച് രേഖകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തിയാണ് പട്ടിക തയാറാക്കുന്നത്. കോവിഡ് കാലത്തും ഒാഫിസ് ജീവനക്കാർ ആത്മാർഥമായി പരിശ്രമിച്ചാണ് ഇതിനുള്ള നടപടി പൂർത്തീകരിക്കുന്നതെന്ന് നോർക്ക അധികൃതർ വ്യക്തമാക്കുന്നു.
ജനകീയ സർക്കാറിെൻറ പ്രവാസികളോടുള്ള ആത്മാർഥതയുടെ തെളിവാണ് 5000 രൂപ വീതം സഹായം നൽകാനുള്ള തീരുമാനം. രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു കാര്യം കാണാൻ കഴിയില്ല. സാമ്പത്തിക പരിമിതികൾക്കിടയിലും അപേക്ഷകരിൽ പകുതിയിലധികം പേർക്കും സഹായം നൽകാൻ കഴിഞ്ഞത് വലിയ കാര്യമാണ്. വിമർശനം ഉന്നയിക്കുന്നവർ വസ്തുത മനസ്സിലാക്കണം.
സുബൈർ കണ്ണൂർ, പ്രവാസി കമീഷൻ അംഗം
അപേക്ഷ നൽകി സഹായത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. ജോലിയും വരുമാനവും ഇല്ലാത്ത കാലത്ത് ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ ഇൗ സഹായത്തെ കണ്ടത്. എന്നാൽ, നാളുകൾ കാത്തിരുന്നിട്ടും പലർക്കും സഹായം ലഭിച്ചില്ല. ഇവരിൽ പലരും ഇതിനകം വിദേശത്തേക്ക് തിരിച്ചെത്തി. മറ്റ് പല ആനുകൂല്യങ്ങളും ഇതിനകം നൽകിയപ്പോൾ പ്രവാസികളെ തഴഞ്ഞത് ശരിയായില്ല.
എ.പി ഫൈസൽ, കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി
പ്രവാസികൾക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 5000 രൂപ നാളിത് വരെ ലഭിക്കാത്ത അനേകം പ്രവാസികൾ ഉണ്ട്. ഇവർക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണം. സർക്കാർ പറഞ്ഞ എല്ലാ രേഖകളും നിരവധി തവണ സമർപ്പിച്ച ആളുകൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത തുക നൽകാതിരിക്കുന്നത് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണ്. ഇതിെൻറ സമയപരിധി നീട്ടി നൽകാൻ സർക്കാർ തയാറാകണം.
ബിനു കുന്നന്താനം, ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡൻറ്
പ്രവാസികൾക്കുവേണ്ടി നോർക്ക കൊണ്ടുവന്ന ഇൗ പദ്ധതി അഭിനന്ദനീയമാണ്. ഇത്രയും പേർക്ക് സഹായം കൊടുക്കേണ്ടി വരുേമ്പാൾ കാലതാമസം സ്വാഭാവികമാണ്. ഇക്കാര്യത്തിൽ സർക്കാറിനെ കുറ്റപ്പെടുത്താനാവില്ല. അതേസമയം, ഒരു പരിധിക്കപ്പുറം കാലതാമസമുണ്ടാകാനും പാടില്ല. പ്രവാസികൾക്കുവേണ്ടി നോർക്ക പ്രഖ്യാപിച്ച സൂപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ള നല്ല കാര്യങ്ങളും ചർച്ച ചെയ്യാൻ സമൂഹം തയാറാകണം.
കെ.ടി. സലിം, സാമൂഹിക പ്രവർത്തകൻ
ബഹ്റൈനിൽനിന്നുള്ള പല പ്രവാസികൾക്കും നോർക്ക പ്രഖ്യാപിച്ച സഹായം കിട്ടിയില്ലെന്ന് പരാതിയുണ്ട്. നല്ലൊരു പദ്ധതിയാണെങ്കിലും പണം നൽകുന്നതിലെ കാലതാമസം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. നിരവധി പേർ സഹായം കിട്ടാതെ തിരിച്ചുവന്നതായാണ് അറിയാൻ കഴിഞ്ഞത്. തിരിച്ചുവന്നവർക്കുൾപ്പെടെ യുദ്ധകാലാടിസ്ഥാനത്തിൽ തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം.
ജമാൽ നദ്വി, പ്രസിഡൻറ്, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.