എക്കർ മഴവെള്ള ഡ്രെയ്നേജ്: നിർമാണം 85 ശതമാനം പൂർത്തിയായി
text_fieldsമനാമ: എക്കറിൽ മഴവെള്ള ഡ്രെയ്നേജ് ശൃംഖലയുടെ നിർമാണം 85 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് അണ്ടർ സെക്രട്ടറി അഹ്മദ് അബ്ദുൽ അസീസ് അൽ ഖയാത്ത് പറഞ്ഞു. നിശ്ചിത സമയക്രമം അനുസരിച്ച് പദ്ധതികൾ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സനദ് അൽ അസ്കൻ താഴ്വരയെ എക്കറിലെ ഡ്രെയ്നേജ് ശൃംഖലയുമായി ബന്ധിപ്പിക്കും. ഇതുവഴി, ഈ മേഖലയിൽ മഴവെള്ളക്കെട്ട് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1326 മീറ്റർ നീളത്തിൽ ഡ്രെയ്നേജ് ലൈനുകൾ ദീർഘിപ്പിക്കുന്നതിന്‍റെ നിർമാണം പൂർത്തിയായി. ഇതിന് പുറമെ, 18 പരിശോധന മുറികളും 17 മഴവെള്ള ശേഖരണ കേന്ദ്രങ്ങളും നിർമിച്ചു.
ഏറ്റവും മികച്ച ഗുണമേന്മയിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. മഴവെള്ള നിർമാർജന പദ്ധതി ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. മഴക്കാലത്ത് വെള്ളക്കെട്ടുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. ഈ വർഷം ആദ്യം കനത്തമഴയിൽ വിവിധ സ്ഥലങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായിരുന്നു. നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടം നേരിടുകയും ചെയ്തു.
പദ്ധതി നിർമാണവേളയിൽ ബദൽ റോഡുകൾ തിരഞ്ഞെടുത്തും മുന്നറിയിപ്പുകൾ പാലിച്ചും സഹകരിക്കണമെന്ന് ജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. 2,43,609 ദീനാർ ചെലവിൽ യോകോ എൻജിനീയറിങ് കമ്പനിയാണ് ഡ്രെയ്നേജ് സംവിധാനം ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.