അനിൽ അക്കരക്കെതിരെ നിയമനടപടി;സ്വന്തമായി ഇതുവരെ വീടില്ല -പി.കെ. ബിജു
text_fieldsമനാമ: കരുവന്നൂർ ബാങ്ക് വിഷയത്തിൽ തനിക്കെതിരെ അപവാദപ്രചരണം നടത്തിയ അനിൽ അക്കര എം.എൽ.എക്കും ഷാജൻ സ്കറിയക്കെുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണെന്ന് മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ പി.കെ.ബിജു. വ്യക്തിഹത്യ നടത്തുന്ന ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതുവരെ സ്വന്തമായി വീട് ഇല്ലാത്തയാളാണ് താനെന്നും പാർട്ടി ഫ്ലാറ്റിലാണ് താമസിക്കുന്നതെന്നും ബഹ്റൈനിൽ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. കരുവന്നൂർ ബാങ്ക് വിഷയത്തിൽ സി.പി.എം പ്രതിരോധത്തിലല്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. അഴിമതി സംബന്ധിച്ച പരാതി പാർട്ടിനേതൃത്വത്തിന് ലഭിച്ചത് 2019 ൽ മാത്രമാണ്. ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അന്വോഷണം നടത്താനും സഹകരണ വകുപ്പും ക്രൈം ബ്രാഞ്ചും അതിന് നേതൃത്വം കൊടുക്കാനും നിർദ്ദേശിക്കുകയുമാണ് സി.പി.എം ചെയ്തത്.
അഴിമതി പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്താതിരുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. തട്ടിപ്പിന് കാരണക്കാരായവരെ കണ്ടെത്തി അവരിൽ നിന്ന് തുക ഈടാക്കും. നിക്ഷേപകർക്കെല്ലാം പണം തിരികെ നൽകാനായി കൺസോർട്ടിയമുണ്ടാക്കി പണം സമാഹരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരാണ് സഹകരണബാങ്കുകൾക്ക് ഗ്യാരന്റി. ഇന്ത്യയിലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാരുകൾ ഈ ഗ്യാരന്റി നൽകുന്നില്ല. സഹകരണബാങ്കുകളുടെ വിശ്യാസ്യത തകർക്കാനായി ബി.ജെ.പി സംസ്ഥാനത്ത് വ്യാജപ്രചരണം നടത്തുകയാണ്. ഇപ്പോഴുള്ള അന്വേഷണത്തിലൂടെ ബാങ്ക് സാധാരണ നിലയിലാകുന്ന അവസ്ഥ വരുന്നത് തടയാനാണ് ചില കോൺഗ്രസ് നേതാക്കളുടെ കൂടി ഒത്താശയോടെ ബി.ജെ.പി സർക്കാർ ഇ.ഡിയെ കയറൂരി വിട്ടിരിക്കുന്നത്. ഒരുവ്യക്തിക്ക് പരമാവധി വായ്പ കൊടുക്കുന്നത് സഹകരണ രജിസ്ട്രാറുടെ അനുമതിയോടെയാണ്.അതിൽ ചട്ട വിരുദ്ധമായി ഒന്നുമില്ല. ഓഡിറ്റിൽ ചില ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ബാങ്ക് ഭരണനേതൃത്വം നടപടി സ്വീകരിച്ചില്ല എന്നത് വാസ്തവമാണ്.
ഇ.ഡി യിൽ നിന്ന് യാതൊരുവിധ അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണ്.എൽ.ഡി.എഫ് സർക്കാർ രണ്ടാം തവണയും കേരളത്തിൽ അധികാരത്തിലെത്തിയപ്പോൾ മുതൽ പ്രതിപക്ഷം വിറളി പൂണ്ടിരിക്കുകയാണ്.
എന്നാൽ സംസ്ഥാന വികസനത്തിന് നിർണ്ണായക സംഭാവനകളാണ് എൽ.ഡി.എഫ് സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർക്കാരിനെ തകർക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ല. വിഴിഞ്ഞം തുറമുഖമടക്കമുള്ള വികസന പദ്ധതികൾ യാഥാർഥ്യമാകാൻ പോകുകയാണ്. വർഗീയ വിരുദ്ധ ശക്തികൾ യോജിച്ചുനിന്നാൽ തങ്ങൾ അധികാരത്തിൽനിന്ന് തൂത്തെറിയപെപടും എന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനറിയാം. അതിനെ അട്ടിമറിക്കാനാണ് ഏകീകൃത തെരഞ്ഞെടുപ്പ് എന്ന തന്ത്രവുമായി വരുന്നത്.
ഇൻഡ്യ എന്ന പ്ലാറ്റ് ഫോമിനെ അവർ ഭയക്കുകയാണ്. തങ്ങളെ എതിർക്കുന്ന എല്ലാവരേയും തുറുങ്കിലടക്കുക എന്ന നയമാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ വാർത്തകൾ പ്രസിദ്ധീകരിച്ചതിനാണ് ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തടഞ്ഞ് അടിയന്തിരാവസ്ഥക്ക് സമാനമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.