ഗാന്ധിസന്ദേശം പകരാൻ പ്രസംഗമല്ല, പ്രവൃത്തിയാണ് വേണ്ടത് -ഡോ. എൻ. രാധാകൃഷ്ണൻ
text_fieldsഡോ. എൻ. രാധാകൃഷ്ണൻ
മനാമ: ഓരോ ശ്വാസത്തിലും നിറഞ്ഞുനിൽക്കുന്ന ഗാന്ധി ചിന്ത. പ്രമുഖ ഗാന്ധിയൻ ഡോ. എൻ. രാധാകൃഷ്ണന്റെ ജീവിതത്തെ ഇങ്ങനെ സംഗ്രഹിക്കാം. ഗാന്ധിജിയുടെ ആശയങ്ങളും ആദർശങ്ങളും ലോകം മുഴുവൻ എത്തിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഈ ഗാന്ധിസ്നേഹിയുടെ ജീവിതം പുതുതലമുറക്കുമുന്നിൽ തുറന്നുവെച്ചൊരു പാഠപുസ്തകമാണ്.
ഗാന്ധിയൻ ദർശനങ്ങളും ആശയങ്ങളും സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിക്കാതെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ആർക്കും കഴിയില്ലെന്ന് ചിന്തിക്കുന്ന മാനവ സ്നേഹിയാണ് അദ്ദേഹം. ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം തന്റെ കർമപരിപാടികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും 'ഗൾഫ് മാധ്യമ'ത്തോട് സംസാരിച്ചു.
വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുകാരൻ, പരിശീലകൻ തുടങ്ങിയ നിലകളിലും പ്രശസ്തനാണ് ഡോ. എൻ. രാധാകൃഷ്ണൻ. വൈക്കം സത്യഗ്രഹത്തിൽ മുൻനിര പോരാളിയായിരുന്നു അച്ഛൻ പി.കെ. നീലകണ്ഠ പിള്ള. ഗാന്ധിജിയുടെ നിർദേശപ്രകാരം കൊല്ലം ജില്ലയിലെ ചടയമംഗലത്ത് വീടിനോട് ചേർന്നുള്ള സ്ഥലത്ത് ഗാന്ധിയൻ കർമപരിപാടികൾക്ക് തുടക്കമിട്ടയാളാണ് അച്ഛൻ. 30ഓളം പേർ ഒരുമിച്ച് പ്രവർത്തിക്കുന്ന കർമമണ്ഡലമായിരുന്നു അത്. നിത്യജീവിതത്തിൽ ആവശ്യമുള്ള കാർഷിക വിഭവങ്ങളെല്ലാം അവിടെ ഉൽപാദിപ്പിച്ചു. കലാപ്രവർത്തനങ്ങളും നൂൽനൂൽപും നെയ്ത്തും എണ്ണയാട്ടും കയർപിരിക്കലുമെല്ലാം സജീവമായി നടന്ന ഇവിടെയാണ് ഡോ. എൻ. രാധാകൃഷ്ണൻ ജനിച്ചത്.
സ്വന്തം ജീവിത പരിസരത്തുനിന്നാണ് അദ്ദേഹം ഗാന്ധിജിയെ മനസ്സിലാക്കിയത്. ഈ അനുഭവത്തിന്റെ കരുത്താണ് മുന്നോട്ടുള്ള ജീവിതത്തിൽ അദ്ദേഹത്തിന് കരുത്തായതും. ഗാന്ധിജി ലക്ഷ്യമിട്ട സാമൂഹിക പരിവർത്തനം സാധ്യമാകണമെങ്കിൽ വ്യക്തികളിൽ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ളവർക്കുവേണ്ടി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ സന്തോഷം അനുഭവിക്കുന്നവരാണ് ഗാന്ധിയൻ പ്രവർത്തകർ. തമിഴ്നാട്ടിലെ ഗാന്ധിഗ്രാം യൂനിവേഴ്സിറ്റിയിലാണ് ഡോ. എൻ. രാധാകൃഷ്ണൻ ഉന്നത പഠനം നടത്തിയത്. യൂനിവേഴ്സിറ്റിയോട് ചേർന്നുള്ള കുഗ്രാമങ്ങളിൽ പോയി സാമൂഹിക പ്രവർത്തനം നടത്തി. ഗാന്ധിമാർഗം അടുത്ത തലമുറയിലേക്ക് എത്തിക്കേണ്ടത് നിത്യജീവിതത്തിലൂടെയാണെന്ന് അനുഭവത്തിലൂടെ പഠിച്ചു.
മനുഷ്യരിൽ ഓരോരുത്തരിലും ഒരു ഗാന്ധിയുണ്ടെന്ന് തിരിച്ചറിയാനും പരസ്പരം ആദരിക്കാനും കഴിയണമെന്ന് അദ്ദേഹം പറയുന്നു. സമൂഹം നന്നാകണമെങ്കിൽ വ്യക്തികൾ നന്നാകണം. സമൂഹം നന്നാകുമ്പോൾ രാഷ്ട്രം നന്നാകും. ഗാന്ധിജിയുടെ ചരിത്രം പഠിച്ചതുകൊണ്ട് ആർക്കും ഗാന്ധിയെ മനസ്സിലാക്കാനാവില്ല.
ഉപദേശത്തിലൂടെയോ പ്രസംഗങ്ങളിലൂടെയോ പുസ്തകങ്ങളിലൂടെയോ ഗാന്ധിയൻ ആദർശങ്ങൾ പഠിപ്പിക്കാൻ കഴിയില്ല. കൂട്ടായ പ്രവർത്തനത്തിലൂടെയും അന്വേഷണത്തിലൂടെയുമാണ് അതിന് കഴിയുക. ഓരോ മനുഷ്യനും ഒരു ഉൽപാദകനാകണമെന്ന സന്ദേശമാണ് ഗാന്ധിയൻ സിദ്ധാന്തം മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടുമുറ്റത്തെ പച്ചക്കറിപോലും ഒരു ഉൽപാദനമാണ്. കാർഷിക പ്രവൃത്തി നമ്മുടെ ജീവന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. ഭൂമിക്കടിയിൽ ഒരിക്കലും വറ്റാത്ത ഒരു ശേഖരവുമില്ലെന്ന് ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിൽ ഗാന്ധി മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. അതിനെ കരുതലോടെ ഉപയോഗിക്കുകയും അതിന്റെ ശേഖരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തേടുകയും ചെയ്തില്ലെങ്കിൽ വലിയ വിപത്ത് മാനവരാശിക്ക് നേരിടേണ്ടിവരും. അത് സത്യമാണെന്ന് ഇന്ന് നാം തിരിച്ചറിയുന്നു. വി.പി. സിങ് മുതൽ വാജ്പേയി വരെയുള്ള ആറ് പ്രധാനമന്ത്രിമാരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള ഡോ. എൻ. രാധാകൃഷ്ണൻ ഗാന്ധിസന്ദേശവുമായി 120ലധികം രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
1998ൽ കൊളംബിയയിൽവെച്ച് ഗറില്ലകൾ തട്ടിക്കൊണ്ടുപോയതും ഭോപാലിൽവെച്ച് ഫൂലൻദേവിയുടെ സംഘാംഗങ്ങൾ തട്ടിക്കൊണ്ടുപോയതും അദ്ദേഹത്തിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓർമകളാണ്. ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായ കൊളംബിയയിലെ ഗവർണർ ഡോ. ഗവിരിയയുടെ ക്ഷണമനുസരിച്ച് ലോകത്തെ മറ്റ് ഏഴ് പ്രമുഖർക്കൊപ്പം പ്രഫ. എൻ. രാധാകൃഷ്ണനും ഒളിപ്പോരാളികളുടെ സങ്കേതത്തിലേക്ക് അനുരഞ്ജന യാത്ര നടത്തി. എന്നാൽ, വഴിയിൽവെച്ച് ഒളിപ്പോരാളികൾ സംഘത്തെ തടയുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. രാധാകൃഷ്ണൻ ഉൾപ്പെടെ എട്ടുപേരെ ഒരു കേന്ദ്രത്തിലും ഗവർണർ ഉൾപ്പെടെ മറ്റുള്ളവരെ വേറൊരു കേന്ദ്രത്തിലുമാണ് പാർപ്പിച്ചത്. രാധാകൃഷ്ണനെയും സംഘത്തെയും പിറ്റേ ദിവസം വിട്ടയച്ചു. എന്നാൽ, ഗവർണറെയും സംഘത്തെയും ഒരു വർഷത്തോളം തടവിൽ പാർപ്പിച്ചു. പിന്നീട് ഗവർണറെ വധിക്കുകയും ചെയ്തു.
ഫൂലൻ ദേവിക്കും സംഘത്തിനും ആയുധങ്ങൾ അടിയറവെച്ച് കീഴടങ്ങുന്നതിനുള്ള പദ്ധതി തയാറാക്കാനാണ് ഡോ. എസ്.എൻ. സുബ്ബറാവുവിന്റെ നിർദേശ പ്രകാരം 1986ൽ ചമ്പൽ താഴ്വരയിൽ എത്തിയത്. എന്നാൽ, സർക്കാറിന്റെ ഏജന്റാണെന്ന് തെറ്റിദ്ധരിച്ച് കൊള്ളക്കാർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടുദിവസത്തിനുശേഷമാണ് അവിടെനിന്ന് മോചനം സാധ്യമായത്. നിരവധി യൂനിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രഫസറായ ഡോ. എൻ. രാധാകൃഷ്ണൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഗാന്ധിയൻ സ്റ്റഡീസ് നാഷനൽ ചെയർമാൻ, കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
മഹാത്മാഗാന്ധി കൾചറൽ ഫോറം മാനവമൈത്രി സംഗമം ഇന്ന്
മനാമ: മഹാത്മാഗാന്ധി കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഗാന്ധിദർശൻ മാനവ മൈത്രി സംഗമം' വെള്ളിയാഴ്ച വൈകീട്ട് ഏഴിന് കെ.സി.എ ഓഡിറ്റോറിയത്തിൽ നടക്കും.കേരള ഗാന്ധി സ്മാരക നിധി, ഇന്ത്യൻ കൗൺസിൽ ഓഫ് ഗാന്ധിയൻ സ്റ്റഡീസ് എന്നിവയുടെ ചെയർമാനായ ഡോ. എൻ. രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ മുന്നോടിയായി വൈകീട്ട് ആറിന് ദേശഭക്തിഗാന മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയിൽ ബി.കെ.ജി ഹോൾഡിങ് ചെയർമാൻ കെ.ജി ബാബുരാജൻ, അമാദ് ഗ്രൂപ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, ഡോ. പി.വി. ചെറിയാൻ, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ എന്നിവരെ വിശിഷ്ടാംഗത്വം നൽകി ആദരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.