സമാജം പ്രവർത്തനങ്ങൾ മാതൃകപരം -എം. വിൻസെന്റ് എം.എൽ.എ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ കോവളം എം.എൽ.എ എം. വിൻസെന്റ് പങ്കെടുത്തു. ലോകമെമ്പാടുമുള്ള മലയാളി പ്രവാസി സംഘടനകൾക്ക് ഏതൊരു കാര്യത്തിലും ഉദാത്ത മാതൃകയാണ് ബഹ്റൈൻ കേരളീയ സമാജം എന്ന് അദ്ദേഹം പറഞ്ഞു.
ഒരുമാസത്തോളം നീണ്ടുനിൽക്കുന്നതും അത്യാകർഷകവുമായ ഓണാഘോഷം കുറ്റമറ്റതായി നടത്തിക്കൊണ്ടുപോകുന്നതിന് സമാജം ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. ശരിയായ ഓണാഘോഷങ്ങൾ കാണണമെങ്കിൽ നാട്ടിൽ നിന്ന് ബഹ്റൈനിൽ വരേണ്ട അവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോയ അംഗങ്ങളെയും അവധിക്കു നാട്ടിൽ വരുന്ന അംഗങ്ങളെയും ചേർത്ത് ഓണത്തോടനുബന്ധിച്ച് നടത്തുന്ന ബി.കെ.എസ് ഹാർമണി എന്ന പരിപാടി തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു.
ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ് നന്ദി പറഞ്ഞു. സമാജം എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് ചേരിയിൽ, മെംബർഷിപ് സെക്രട്ടറി വിനോദ് അളിയത്, ഇന്റേണൽ ഓഡിറ്റർ പോൾസൺ ലോനപ്പൻ, ശ്രാവണം 2024 ജോയന്റ് കൺവീനർമാരായ ആഷ്ലി കുര്യൻ, സുധി അച്ചാഴിയത്, നിഷ ദിലീഷ് എന്നിവരും സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന അനശ്വരഗാനങ്ങൾ എന്ന സംഗീത പരിപാടിയിൽ പന്തളം ബാലൻ, കമുകറ ശ്രീകുമാർ, രാധാകൃഷ്ണൻ നായർ, തേക്കടി രാജൻ, രാജലക്ഷ്മി എന്നീ പ്രശസ്ത ഗായകർ ഗാനങ്ങൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.