എ.എഫ്.സി ഏഷ്യൻകപ്പ്; ബഹ്റൈൻ നാളെ കളത്തിലിറങ്ങുന്നു
text_fieldsമനാമ: ആവേശകരമായ എ.എഫ്.സി ഏഷ്യൻ കപ്പിന് പന്തുരുണ്ടുതുടങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് ബഹ്റൈൻ ടീം. ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിൽ ദക്ഷിണ കൊറിയ, മലേഷ്യ, ജോർഡൻ എന്നിവർക്കൊപ്പം ഗ്രൂപ് ഇയിലാണ് ബഹ്‌റൈൻ. അർജന്റീനക്കാരനും മുൻ ലോകകപ്പ് താരവുമായ ജുവാൻ അന്റോണിയോ പിസിയുടെ പരിശീലനമികവിൽ വലിയ നേട്ടം കൈവരിക്കാൻ ടീമിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബഹ്‌റൈനിലെ സീനിയർ പുരുഷ ദേശീയ ഫുട്‌ബാൾ ടീം ദോഹയിലെത്തിക്കഴിഞ്ഞു. ദുബൈയിലെ പരിശീലന ക്യാമ്പിൽനിന്നാണ് സംഘം ദോഹയിലേക്കെത്തിയത്. ബഹ്‌റൈൻ ഫുട്‌ബാൾ അസോസിയേഷൻ (ബി.എഫ്.എ) വൈസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അലി ബിൻ ഈസ ആൽ ഖലീഫ, ബി.എഫ്.എ സെക്രട്ടറി ജനറൽ റാഷിദ് അൽ സൂബി തുടങ്ങിയവർ ദോഹയിൽ ടീമിനെ സ്വീകരിക്കാനെത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് ദക്ഷിണ കൊറിയക്കെതിരെ മത്സരം. ദക്ഷിണ കൊറിയയുമായി ഇതുവരെ കളിച്ച 24 മത്സരങ്ങളിൽ 16 എണ്ണത്തിലും ദക്ഷിണ കൊറിയക്കായിരുന്നു ജയം. മൂന്നു കളികളിൽ മാത്രമാണ് ബഹ്റൈന് ജയിക്കാനായത്. എന്നാൽ, ഇത്തവണ കളി മാറിമറിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജനുവരി 20ന് വൈകീട്ട് 5.30ന് ബഹ്റൈൻ മലേഷ്യയുമായി ഏറ്റുമുട്ടും. ജനുവരി 25ന് ഉച്ചക്ക് 2.30ന് ജോർഡനെതിരെയാണ് അടുത്ത മത്സരം. സെയ്ദ് മുഹമ്മദ് ജാഫർ (ഗോളി, ക്യാപ്റ്റൻ), മുഹമ്മദ് അദേൽ, അമീൻ മുഹമ്മദ് ഹസൻ ബെനാഡി, വലീദ് അൽ ഹയാം, അബ്ദുല്ല അൽ ഖലാസി; മുഹമ്മദ് അൽ-ഹർദാൻ, അലി മദൻ, മോസസ് അറ്റെഡെ, ജാസിം ഖെലൈഫ് വഹാബ് അൽ സലാമ, കാമിൽ അൽ അസ്വാദ്, അബ്ദുല്ല യൂസഫ് ഹെലാൽ എന്നിവരാണ് ബഹ്റൈനുവേണ്ടി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.