എ.എഫ്.സി ഏഷ്യൻ കപ്പ്: ബഹ്റൈന് ജയം
text_fieldsമനാമ: ഖത്തർ അൽ റയ്യാനിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തെ ത്രസിപ്പിച്ച ആവേശകരമായ മത്സരത്തിൽ മലേഷ്യയെ 1-0ത്തിന് പരാജയപ്പെടുത്തി ബഹ്റൈൻ എ.എഫ്.സി ഏഷ്യൻ കപ്പിൽ തങ്ങളുടെ സാധ്യതകൾ നിലനിർത്തി. രണ്ടാം ഗ്രൂപ് ഇ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ അലി മദൻ നേടിയ മികച്ച ഗോളിന്റെ പിൻബലത്തിലായിരുന്നു മലേഷ്യക്കെതിരെ ജയം. നിശ്ചിത 90 മിനിറ്റിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു മദന്റെ മിന്നുന്ന ഗോൾ പിറന്നത്.
കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയോട് ബഹ്റൈൻ 3-1ന് തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. നാലു ടീമുകളിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ബഹ്റൈൻ. ജോർഡനും ദക്ഷിണ കൊറിയക്കും നാലു പോയന്റുണ്ട്. ഗോൾ ശരാശരിയിൽ ജോർഡനാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. മലേഷ്യക്കെതിരായ വിജയം ബഹ്റൈന്റെ റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടാനുള്ള സാധ്യത വർധിപ്പിച്ചു. രണ്ടാം പരാജയം ഏറ്റുവാങ്ങിയ മലേഷ്യക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു.ബഹ്റൈനിന്റെ അവസാന ഗ്രൂപ് ഇ മത്സരം വ്യാഴാഴ്ച ജോർഡനെതിരെയാണ്.
ഗ്രൂപ്പിലെ മികച്ച രണ്ടു ടീമുകളിലൊന്നായി അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ബഹ്റൈന് വിജയം ആവശ്യമാണ്. ജോർഡനെതിരെ വിജയിക്കാൻ നല്ല കളി പുറത്തെടുക്കേണ്ടതുണ്ടെന്ന് കോച്ച് ജുവാൻ അന്റോണിയോ പിസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.