കൃഷി അഭിവൃദ്ധിപ്പെടുന്നു; ബഹ്റൈനിൽ കൃഷിഭൂമിയുടെ 47 ശതമാനവും ഈന്തപ്പനകൾ
text_fieldsമനാമ: ഈന്തപ്പന കൃഷി വ്യാപകമാക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയതിന്റെ തെളിവായി കാർഷിക മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് 500,930 ഈന്തപ്പനകളുണ്ടെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വാൽ അൽ മുബാറക് ശൂറ കൗൺസിലിനെ രേഖാമൂലം അറിയിച്ചു. ബഹ്റൈനിലെ കൃഷിഭൂമിയുടെ 47 ശതമാനത്തിലും ഇപ്പോൾ ഈന്തപ്പനകളാണുള്ളത്. ഒരുകാലത്ത് ബഹ്റൈൻ ദശലക്ഷം ഈന്തപ്പനകളുടെ നാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് പല കാരണങ്ങളാൽ കൃഷി കുറഞ്ഞു. കൃഷി വ്യാപകമാക്കി പഴയ പ്രഭാവം വീണ്ടെടുക്കാനുള്ള പദ്ധതികൾ കൃഷി വകുപ്പ് ആവിഷ്കരിച്ചിരുന്നു.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈന്തപ്പന കൃഷിയും പച്ചക്കറി കൃഷിയും വ്യാപിപ്പിക്കാനായിരുന്നു പദ്ധതി. മണ്ണ് അധികം വേണ്ടാത്ത രീതിയിൽ ആധുനിക കാർഷികമാർഗങ്ങൾ അവലംബിക്കാനും തീരുമാനിച്ചിരുന്നു. ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി സമാഹീജിലും അധാരിയിലും 3.3 ഹെക്ടർ വരുന്ന രണ്ട് പ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട്.
പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിനായി കാർഷിക ഉൽപാദനത്തിൽ അധിക മേഖലകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറി സ്വയം പര്യാപ്തത കൈവരിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. കാർഷിക മേഖലയുടെ വികസനത്തിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിക്ഷേപം നടത്തുമെന്നും മന്ത്രി പറഞ്ഞു.
റോഡ് ശൃംഖല, പാലങ്ങൾ, മേൽപാലങ്ങൾ, അണ്ടർപാസുകൾ എന്നിവ കൂടുതലായി സ്ഥാപിച്ച് ഗതാഗതം സുഗമമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ആൽ ഹവാജ് ശൂറ കൗൺസിലിനെ അറിയിച്ചു. പാലങ്ങളുടെ അടിയിലുള്ള സ്ഥലം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശൂറ കൗൺസിൽ അംഗത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാന ജങ്ഷനുകളും മറ്റും ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച് മനോഹരമാക്കാൻ പദ്ധതിയുണ്ട്.
ഇത് നഗരസൗന്ദര്യം വർധിപ്പിക്കും. സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ച് ഇക്കാര്യങ്ങൾ നടപ്പാക്കണമെന്നാണ് വിചാരിക്കുന്നത്. പാലങ്ങൾക്ക് താഴെയുള്ള സ്ഥലങ്ങളിലൂടെ റോഡിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. അങ്ങനെ ചെയ്താൽ അത് അപകടങ്ങൾക്ക് കാരണമായേക്കാം.റോഡ് സുരക്ഷ നിലനിർത്തുന്നത് പ്രധാനപ്പെട്ട കാര്യമായതിനാൽ പാലങ്ങൾക്ക് താഴെയുള്ള സ്ഥലങ്ങളിലേക്ക് റോഡിൽനിന്ന് പ്രവേശനം അനുവദിക്കില്ല.
മാത്രമല്ല ഇവിടെ സർവിസ് കേബിളുകൾ സ്ഥാപിച്ചിട്ടുമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസുകളും പട്രോളിങ് കാറുകളും പാർക്ക് ചെയ്യാൻ ഈ സ്ഥലങ്ങൾ അനുവദിക്കണമെന്ന അഭ്യർഥനകൾ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. അങ്ങനെ വന്നാൽ റോഡ് സുരക്ഷയും ട്രാഫിക് സുരക്ഷയും പരിഗണിച്ചുമാത്രം അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.