എ.ഐ സഹായത്തോടെ സാമ്പത്തിക തട്ടിപ്പ്; തടയാൻ സംവിധാനമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsമനാമ: അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനങ്ങൾ പണംതട്ടിപ്പിന് ഉപയോഗിക്കുന്നത് തടയാനുള്ള പദ്ധതികളുമായി രാജ്യം. ബഹ്റൈനിൽ ഇതുവരെ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ സംവിധാനം ശക്തമാണെന്നും ആഭ്യന്തര മന്ത്രാലയം സാമ്പത്തിക കുറ്റകൃത്യങ്ങൾ ഡിപ്പാർട്മെന്റ് ഹെഡ് മേജർ മുഹമ്മദ് അൽ അബ്ദുല്ല പറഞ്ഞു.
റിഫയിലെ അബ്ദുറഹ്മാൻ കാനൂ കൾചറൽ സെന്ററിൽ നടന്ന ‘സൈബർ ഫ്രോഡ്സ്: മെത്തേഡ്സ് ആൻഡ് പ്രിവൻഷൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ നടക്കുന്ന എ.ഐ, ഡീഫ് ഫേക്ക് തട്ടിപ്പുകളെക്കുറിച്ച് ഉദ്യോഗസ്ഥർ ബോധവാന്മാരാണ്. ടെലികമ്യൂണിക്കേഷൻ ദുരുപയോഗവുമായി ബന്ധപ്പെട്ട് 1314 ക്രിമിനൽ കേസുകളും സോഷ്യൽ മീഡിയ ദുരുപയോഗവുമായി ബന്ധപ്പെട്ട് 753 കേസുകളും കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായി. സോഷ്യൽ മീഡിയ കേസുകളിൽ 388 എണ്ണം വാട്സ്ആപ്പിലും 184 എണ്ണം ഇൻസ്റ്റഗ്രാമിലും 54 എണ്ണം സ്നാപ്ചാറ്റിലും 51 എണ്ണം ടിക്ടോക്കിലും 51 ഫേസ്ബുക്കിലും 25 എക്സിലുമാണ്. മിക്ക തട്ടിപ്പുകാരും രാജ്യത്തിന് പുറത്തുള്ള ഇടനിലക്കാരുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഡീപ് ഫേക്ക് ടെക്നോളജിയുടെ സഹായത്തോടെ യഥാർഥ വ്യക്തിയും സ്ഥാപനവുമാണെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള തട്ടിപ്പുകൾ ലോകത്ത് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുമാന്യ വ്യക്തികളടെ ഇമേജുകളും ഷോർട്ട് വിഡിയോകളുമുപയോഗിച്ച് കൃത്രിമ ദൃശ്യങൾ സൃഷ്ടിക്കാൻ തട്ടിപ്പുകാർക്കു കഴിയും.
992 എന്ന നമ്പറിൽ ഡയൽ ചെയ്തോ അല്ലെങ്കിൽ 17108108 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെട്ടോ ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് അഴിമതിവിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിനെ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.