ഗസ്സക്ക് സഹായം തുടരുന്നു; ഏഴ് ആംബുലൻസുകൾ കൈമാറി
text_fieldsമനാമ: ഗസ്സയിലെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിനും ആവശ്യമായ ചികിത്സ നൽകുന്നതിനുമായി ഏഴ് ആംബുലൻസുകൾ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ കൈമാറി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശത്തിന്റെ വെളിച്ചത്തിലാണ് ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്കായി ആർ.എച്ച്.എഫ് സഹായം പ്രഖ്യാപിച്ചത്. ജോർഡൻ ചാരിറ്റി അതോറിറ്റിക്കു കീഴിലുള്ള ഗസ്സയിലെ ജോർഡൻ ഫീൽഡ് ഹോസ്പിറ്റലിനാണ് ആംബുലൻസുകൾ ആർ.എച്ച്.എഫ് പ്രതിനിധിസംഘം കഴിഞ്ഞ ദിവസം കൈമാറിയത്.
ജോർഡൻ തലസ്ഥാനമായ അമ്മാനിലെ ഹുസൈൻ കാൻസർ സെന്ററിൽ പരിക്കേറ്റവരും രോഗികളുമായ ഗസ്സക്കാർക്ക് ചികിത്സ നൽകുന്ന സംവിധാനങ്ങളും സംഘം സന്ദർശിച്ചു.
ഹമദ് രാജാവിന്റെ നിർദേശമനുസരിച്ച് ഗസ്സയിലേക്കുള്ള സഹായം വരുംദിവസങ്ങളിലും നൽകുന്നത് തുടരുമെന്ന് ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ വ്യക്തമാക്കി.
സംഘത്തിൽ ആർ.എച്ച്.എഫ് വൈസ് ചെയർമാൻ ഡോ. മുസ്തഫ അസ്സയ്യിദ്, കാഫ് ഹ്യുമാനിറ്റേറിയൻ സി.ഇ.ഒ ജാസിം മുഹമ്മദ് സയ്യാർ, പ്രോജക്ട് മാനേജർ താരിഖ് താഹ അശ്ശൈഖ്, ഫലസ്തീൻ സപ്പോർട്ട് സൊസൈറ്റി ചെയർമാൻ അബ്ദുൽ മുൻഇം അൽ മീർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഏഴ് ആംബുലൻസുകളിൽ രണ്ടെണ്ണം മൊബൈൽ ക്ലിനിക്കുകളാണ്.
ബഹ്റൈൻ ജനതയുടെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സമ്മാനമാണിതെന്ന് ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.