മത്സരം മുറുകി; വിമാനനിരക്കുകൾ കുറഞ്ഞു
text_fieldsമനാമ: വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം മുറുകിയതോടെ സീസൺ മധ്യത്തിലും വിമാനനിരക്കുകൾ കുറഞ്ഞു. അവധികാലത്തിന്റെ തുടക്കത്തിൽ ഉയർന്ന നിരക്കായിരുന്നതിനാൽ യാത്രക്കാർ വലഞ്ഞിരുന്നു. വളരെ നേരത്തെ ടിക്കറ്റ് എടുത്തവർക്ക് മാത്രമാണ് കുറഞ്ഞനിരക്ക് ലഭിച്ചത്. എന്നാൽ, പിന്നീട് ടിക്കറ്റ് നിരക്കുകൾ കുറയുകയായിരുന്നു. ഇൻഡിഗോയാണ് ആദ്യം ബഹ്റൈനിൽനിന്നുള്ള നിരക്കുകളിൽ കുറവ് വരുത്തിയത്. പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകളും കുറഞ്ഞു. ഇൻഡിഗോ ബഹ്റൈനിൽനിന്ന് ദിവസേന മുംബൈ, കൊച്ചി സർവിസുകൾ ആരംഭിച്ചിരുന്നു.
മുംബൈയിൽനിന്ന് കണ്ണൂർ, കോഴിക്കോട് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണക്ഷൻ വിമാനങ്ങൾ ലഭ്യമാണെന്നതിനാൽ യാത്രക്കാർക്ക് ഈ സർവിസുകൾ പ്രയോജനപ്രദമാണ്. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കും കണക്ഷൻ വിമാനമുണ്ട്. രണ്ടു വിമാനങ്ങളിലുമായി 340 സീറ്റുകൾ പ്രതിദിനം ലഭ്യമാണ്. ഇൻഡിഗോ എയർലൈൻസ് കൊച്ചിയിൽനിന്നുള്ള സർവിസ് രാത്രി 8.30ന് ആയതിനാൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരും അത് പ്രയോജനപ്പെടുത്താറുണ്ട്.
ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്ക് ഇപ്പോൾ 58 ദീനാറിന് ഇൻഡിഗോ ടിക്കറ്റുകൾ ലഭ്യമാണ്. എയർ ഇന്ത്യ എക്സ്പ്രസ് 52 ദീനാറാണ് ഈടാക്കുന്നത്. റിട്ടേൺ അടക്കമാണെങ്കിൽ 104 ദീനാറാണ് എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക്. ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ നിരക്ക് 61 മുതൽ 75 ദീനാർ വരെയാണ്. ബഹ്റൈനിൽനിന്ന് മുംബൈ വഴി കണ്ണൂരിലേക്ക് 57 ദീനാറിന് ഇൻഡിഗോ ടിക്കറ്റുകൾ ലഭിക്കുന്നുണ്ട്. ഇത്രയും കുറഞ്ഞ നിരക്കിന് ടിക്കറ്റുകൾ ലഭ്യമാകുന്നത് 20 വർഷങ്ങൾക്കുശേഷം ആദ്യമാണെന്ന് അബ്ദുൽ സഹീർ (ബഹ്റൈൻ എക്സ്പ്രസ് ട്രാവൽസ് ആൻഡ് ടൂർസ്) ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.