എയർ ഇന്ത്യ എക്സ്പ്രസ്: ഇതെന്തൊരു ക്രൂരത, എന്തൊരു ധാർഷ്ട്യം
text_fieldsതുടർച്ചയായി ഷെഡ്യൂൾ റദ്ദാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് പണം കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരോട് കൊഞ്ഞനം കുത്തുകയാണ്. ഇതെന്തൊരു ക്രൂരത, എന്തൊരു ധാർഷ്ട്യം. സ്വകാര്യവത്കരിക്കപ്പെട്ടാൽ സ്വർഗമാകുമെന്ന് പ്രതീക്ഷിച്ചവർക്കുള്ള മറുപടിയാണ് ഈ ആകാശവാഹനം.
വിമാനമില്ലാത്ത ഒരു രാജ്യമായി ഇന്ത്യ മാറിയപ്പോൾ സന്തോഷിച്ചവർ ഏറെയായിരുന്നു. ‘കെടു’ വിലക്ക് വിമാനകമ്പനി കരസ്ഥമാക്കുകയും തുടർന്ന് യാത്രക്കാരെ വെല്ലുവിളിക്കുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്.
കല്യാണം, മരണം, അസുഖം, പരീക്ഷ, ഹ്രസ്വ അവധി തുടങ്ങിയ ആവശ്യങ്ങളുമായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ മുന്നിൽ എയർ ഇന്ത്യ എക്സ്പ്രസ് പേടിസ്വപ്നമായി മാറിയിരിക്കുന്നു. ബോർഡിങ് പാസ് ലഭിച്ചാൽപോലും വിമാനം പറന്നുയരുമെന്ന് ഒരുറപ്പുമില്ല. പറക്കാത്ത കുറ്റം ഏറ്റെടുക്കുന്നതിനും പരിഹാരം കാണുന്നതിനും അവരൊട്ട് തയാറാകുന്നുമില്ല.
കണ്ണൂർ വിമാനത്താവളം ഈ കമ്പനിയുടെ കുത്തകയാണ്. അതുകൊണ്ടുതന്നെ മറ്റു വിമാനങ്ങളിൽ യഥേഷ്ടം കണ്ണൂരിലേക്ക് പോകാനാകുമെന്ന യാത്രക്കാരുടെ താൽപര്യം നടക്കാത്ത സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. കണ്ണൂരിൽ ഇറങ്ങേണ്ടുന്ന യാത്രക്കാർ മുംബൈ, ഡൽഹി എന്നിവിടങ്ങളിലൂടെയാണ് ഇപ്പോൾ ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിലേക്ക് എത്തുന്നത്.
നാളിതുവരെ ഇല്ലാത്ത നിരുത്തരവാദപരമായ സമീപനവുമായി എയർ ഇന്ത്യ എന്ന സ്വകാര്യ വിമാന കമ്പനി ധാർഷ്ട്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇത് നമ്മളെ അനാഥരാക്കുകയാണ്, അത്ഭുതപ്പെടുത്തുകയാണ്.
എത്ര മനുഷ്യരുടെ അന്നത്തിലാണ് മണ്ണു വാരിയിട്ടത്? എത്ര പ്രവാസികളുടെ ഭാവിയാണ് ഇരുട്ടിലാക്കിയത്?. ഫെസ്റ്റിവൽ സീസണിലും വേനൽ അവധിക്കാലത്തും വിമാനം ചാർട്ട് ചെയ്ത് യാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിന് മൂന്നാം ലോക കേരളസഭ ആവശ്യമുന്നയിച്ചിരുന്നു. സംസ്ഥാന സർക്കാർ അനുകൂല സമീപനം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, വ്യോമയാന മേഖലയും വിമാന കമ്പനിയും തടസ്സം നിന്നതിനാൽ അതും നടന്നില്ല.
ദുബൈയിൽ ചേർന്ന ലോക കേരളസഭയുടെ മേഖല സമ്മേളനത്തിൽ എയർ കേരള എന്ന ആശയം മുന്നോട്ടുവെച്ചു. അതിനും തടസ്സം കേന്ദ്ര സർക്കാറായിരുന്നു. ‘വല്ലത്തിൽ കിടക്കുന്ന പട്ടിയുടെ സമീപന’മാണ് ഇവർ സ്വീകരിച്ചുവരുന്നത്.
പട്ടി പുല്ല് തിന്നുകയുമില്ല, പശുവിനെ തിന്നാൻ അനുവദിക്കുകയുമില്ലയെന്നതാണവസ്ഥ. ലക്ഷക്കണക്കിന് പ്രവാസികൾ നമ്മുടെ നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുമ്പോൾ അവരുടെ നട്ടെല്ല് തകർക്കാൻ ശ്രമിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂരത അവസാനിപ്പിക്കാൻ ഇനിയും സമയം വൈകിക്കൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.