എയർ ഇന്ത്യ എക്സ്പ്രസ്; യാത്രക്കാർക്ക് നിയമസഹായം ലഭ്യമാക്കും -പ്രവാസി ലീഗൽ സെൽ
text_fieldsമനാമ: എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതുമൂലം പ്രവാസി യാത്രക്കാർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾക്ക് തക്കതായ നഷ്ടപരിഹാരം അടക്കമുള്ളവ ലഭ്യമാക്കുന്നതിനായ നിയമസഹായം നൽകാൻ പ്രവാസി ലീഗൽ സെൽ സംവിധാനം ഒരുക്കിയതായി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പി.ആർ. ഒ ആൻഡ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത് എന്നിവർ അറിയിച്ചു. പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കാനാവശ്യമായ അടിയന്തര നടപടിക്രമങ്ങൾ സർക്കാറിന്റെയും എയർലൈനുകളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത് അനിവാര്യമാണെന്നും പ്രവാസി ലീഗൽ സെൽ അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ യാത്ര സംബന്ധമായ നിരവധി വിഷയങ്ങളിൽ നിയമപോരാട്ടം നടത്തി വിജയിച്ച സന്നദ്ധസംഘടനയാണ് ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ. നിയമസഹായം ആവശ്യമുള്ളവർ Pravasilegalcell@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ നിലപാട് അപലപനീയം -ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി
മനാമ: എയർ ഇന്ത്യ എക്സ്പ്രസ് സമരം മൂലം യാത്രാക്ലേശം അനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടിയിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
എയർ ഇന്ത്യ എക്സ്പ്രസിന്റെ പെട്ടെന്നുള്ള റദ്ദാക്കൽ മൂലം ജോലി വരെ നഷ്ടപ്പെടുന്ന പ്രവാസികളുടെ പ്രശ്നത്തിൽ ഒരു ഇടപെടൽ നടത്താത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടി അപലപനീയമാണെന്ന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ജാലിസ് കെ.കെ, ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പാനായി എന്നിവർ ആരോപിച്ചു. പ്രവാസികളാണ് നാടിന്റെ നട്ടെല്ല് എന്ന് പ്രസംഗിച്ചു വരെ നടക്കുന്ന സംസ്ഥാന സർക്കാർ നാളിതുവരെ ഈ പ്രശ്നത്തിൽ ഇടപെടാത്തതിൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.