വ്യോമഗതാഗതം; ആഗോളസഹകരണം ശക്തമാക്കുമെന്ന് എ.സി.ഐ
text_fieldsമനാമ: വ്യോമഗതാഗതം സംബന്ധിച്ച ആഗോളസഹകരണം ശക്തമാക്കുമെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ). കോവിഡിനുശേഷം ആഗോളതലത്തിൽ വ്യോമഗതാഗതം സാധാരണനിലയിലേക്ക് തിരിച്ചുവരുകയാണെന്നും ബഹ്റൈൻ എയർപോർട്ടിൽ നടത്തിയ വാർത്തസമ്മേളനത്തിൽ എ.സി.ഐ വേൾഡ് ഡയറക്ടർ ജനറൽ ലൂയിസ് ഫിലിപ്പ് ഡ ഒലിവേറിയ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ എ.സി.ഐ വേൾഡ് ഗവേണിങ് ബോർഡ് ചെയർമാനും ഒമാൻ എയർപോർട്ട് സി.ഇ.ഒയുമായ ശൈഖ് അയ്മൻ ബിൻ അഹ്മദ് അൽ ഹൊസാനി, ബഹ്റൈൻ എയർപോർട്ട് കമ്പനി സി.ഇ.ഒയും ഐ.സി.ഐ വേൾഡ് ഗവേണിങ് ബോർഡ് അംഗവുമായ മുഹമ്മദ് യൂസുഫ് അൽബിൻ ജലാ, എ.സി.ഐ ഏഷ്യ പസഫിക് ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബറോൺസി എന്നിവരും പങ്കെടുത്തു.
വ്യോമഗതാഗത മേഖലയുടെ നവീകരണം, സാങ്കേതിക സഹകരണം ഇവ സംബന്ധിച്ച ഉന്നതതല യോഗങ്ങൾ വരും ദിവസങ്ങളിൽ ബഹ്റൈനിൽ നടക്കും. വ്യോമഗതാഗതം നേരിടുന്ന പ്രശ്നങ്ങൾ, മേഖലയുടെ ഭാവി വികസനം എന്നിവ സംബന്ധിച്ചും യോഗം ചർച്ചചെയ്യും. കോവിഡിനുശേഷം ദുർബലമായ മേഖല 2023 ഓടെ ഏകദേശം പൂർവസ്ഥിതിയിലാകുമെന്നാണ് കരുതുന്നതെന്ന് എ.സി.ഐ വേൾഡ് ഡയറക്ടർ ജനറൽ പറഞ്ഞു. ആഗോളതലത്തിൽ 2019 ലുണ്ടായിരുന്നതിന്റെ 72 ശതമാനമായി കഴിഞ്ഞവർഷം യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. മിഡിലീസ്റ്റിൽ 2022ൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വലിയ വർധനവുണ്ടായി. 2024 ഓടെ യാത്രക്കാരുടെ എണ്ണം പൂർവസ്ഥിതിയിലാകുമെന്നാണ് കരുതുന്നത്.
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിലാണ് ലോകവ്യാപകമായി വർധന രേഖപ്പെടുത്തിയിട്ടുള്ളത്. 2041 ഓടെ യാത്രക്കാരുടെ എണ്ണം ആഗോളതലത്തിൽ 19.3 ബില്യണാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബഹ്റൈൻ എയർപോർട്ടിലടക്കം യാത്രക്കാരുടെ എണ്ണം പൂർവസ്ഥിതിയിലായിക്കൊണ്ടിരിക്കുകയാണ്. മേഖലയുടെ വികസനത്തിനായി സാങ്കേതിക സഹകരണവും മാർഗനിർദേശങ്ങളും നൽകാൻ എ.സി.ഐ പ്രതിജ്ഞാബദ്ധമാണ്. യാത്രക്കാർ അധികമില്ലാത്ത വിമാനത്താവളങ്ങളുടെ വികസനം സംബന്ധിച്ചും യോഗം ചർച്ചചെയ്യും. ലോകവ്യാപകമായി കണക്ടിവിറ്റി വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. കാർബൺ മലിനീകരണം വൻതോതിൽ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ലൂയിസ് ഫിലിപ്പ് ഡ ഒലിവേറിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.