ചുരുങ്ങുന്ന വിമാന സർവിസുകൾ, നട്ടംതിരിയുന്ന പ്രവാസി
text_fieldsബഹ്റൈനിലുള്ള ഇന്ത്യക്കാരിൽ പകുതിയിലധികം നാല് അന്താരാഷ്ട്ര എയർപോർട്ടുകളുള്ള കേരളത്തിൽനിന്നുള്ളവരാണ്. ഇപ്പോൾ അടുത്തകാലത്ത് കേരളത്തിലേക്കുള്ള വിമാന സർവിസുകളിൽ വിമാന കമ്പനികൾ സേവനം വെട്ടിച്ചുരുക്കുന്നതായിട്ടാണ് കാണുന്നത്. ഇതുകാരണം എല്ലാ വിശേഷ അവസരങ്ങളിലും യാത്രചെയ്യുന്ന മലയാളികൾക്ക് ദുരിതം ഏറുകയാണ്. കൊച്ചിയിലേക്ക് നിത്യേന ഉണ്ടായിരുന്ന ഇൻഡിഗോ വിമാന സർവിസ് നിർത്തലാക്കി.
ഗൾഫ് എയർ കേരളത്തിലേക്കുള്ള പല സർവിസുകളുടെയും എണ്ണം വെട്ടിച്ചുരുക്കുന്നു. ഇപ്പോൾ കോഴിക്കോട്ടേക്കുള്ള ഗൾഫ് എയർ സർവിസ് പൂർണമായും നിർത്തലാക്കി. ഫ്ലൈ ദുബൈ കേരളത്തിലേക്കുള്ള എല്ലാ സർവിസുകളും നിർത്തലാക്കി. വരുമാനം കുറവാണെന്നുള്ള കാരണമാണ് ഇവർ പറയുന്നത്. വിമാനം നിറയെ ആളുകളുമായി പോകുന്ന ഇവർക്ക് എങ്ങനെയാണ് നഷ്ടം ഉണ്ടാവുന്നതെന്ന് മനസ്സിലാകുന്നില്ല.
ഇത് കണക്ഷൻ ഫ്ലൈറ്റുമായി മറ്റു രാജ്യങ്ങളിലൂടെ പോകുന്ന വിമാന കമ്പനികൾക്ക് ടിക്കറ്റ് നിരക്ക് കൂട്ടാൻ സാഹചര്യമൊരുക്കുന്നു. കണ്ണൂർപോലെയുള്ള നിലവാരമുള്ള എയർപോർട്ടിലേക്ക് പല പ്രമുഖ വിമാന കമ്പനികളും സർവിസ് നടത്തുവാൻ തയാറായിട്ടും സർക്കാറുകളുടെ കടുംപിടിത്തംമൂലം സർവിസ് തുടങ്ങാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഏകദേശം 500ൽ അധികം സീറ്റുകളാണ് എയർലൈനുകളുടെ വെട്ടിച്ചുരുക്കൽമൂലം ഇപ്പോൾ നിത്യേന കേരളത്തിന് നഷ്ടമായിട്ടുള്ളത്.
മുടങ്ങിയ സർവിസുകൾ പുനരാരംഭിക്കണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ, എം.എൽ.എമാർ, എം.പിമാർ, മന്ത്രിമാർ തുടങ്ങിയവർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ടുകൊണ്ട് വെട്ടിക്കുറച്ച സർവിസുകൾ മറ്റു എയർലൈനുകൾക്ക് നൽകി സർവിസുകൾ പഴയനിലയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം ഉയർന്നുവരേണ്ടതുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ കേരളത്തിലേക്ക് പോകേണ്ടുന്ന യാത്രക്കാർക്ക് യാത്ര നടത്താൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് ബഹ്റൈനിലുള്ള മലയാളികൾക്ക് സംജാതമായിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.