അൽ ഫാതിഹ് ഹൈവേ വികസനം 34 ശതമാനം പൂർത്തിയായി
text_fieldsമനാമ: അൽ ഫാതിഹ് ഹൈവേ വികസന പ്രവർത്തനം 34 ശതമാനത്തിലധികം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് പറഞ്ഞു.
ഗൾഫ് ഹോട്ടൽ ജങ്ഷനിൽ ടണലിന്റെ നിർമാണവും ശൈഖ് ദുഐജ് റോഡും അൽ ഫാതിഹ് റോഡും ചേരുന്ന ജങ്ഷനിൽ ഇടത്തേക്ക് തിരിയുന്നതിന് ഒറ്റവരി പാലത്തിന്റെ നിർമാണവുമാണ് പുരോഗമിക്കുന്നത്. ഗതാഗതത്തിന് തടസ്സം വരാതിരിക്കാൻ വിവിധ ഘട്ടങ്ങളിലായാണ് ടണൽ നിർമാണം. മേൽപാല നിർമാണം നടക്കുമ്പോൾ ഇരുദിശയിലും മൂന്നു വരി വീതം ഗതാഗതം ഉറപ്പാക്കിയിട്ടുണ്ട്. നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ ആവശ്യമായ നടപടി മന്ത്രാലയം സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
അൽ ഫാതിഹ് കോർണിഷിനു സമീപം രണ്ടു വരി യു ടേൺ പാതയോടുകൂടിയ മേൽപാലത്തിന്റെ നിർമാണം 56 ശതമാനം പൂർത്തിയായി. മനാമയിൽനിന്ന് അൽ ഫാതിഹ് ഹൈവേ വഴി പ്രിൻസ് സഊദ് അൽ ഫൈസൽ അവന്യൂവിലേക്കുള്ള ഗതാഗതത്തിനായുള്ള വൺവേ മേൽപാല നിർമാണം 35 ശതമാനം പൂർത്തിയായി. പദ്ധതി നടത്തിപ്പിൽ മന്ത്രാലയം നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും കൃത്യമായ രൂപരേഖയും ആസൂത്രണവും വിവിധ വകുപ്പുകളുടെ സഹകരണവും അതെല്ലാം മറികടക്കാൻ സഹായിച്ചതായി മന്ത്രി വ്യക്തമാക്കി.
29.6 മില്യൺ ദീനാർ ചെലവ് കണക്കാക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ അൽ ഫത്തേ ഹൈവേയുടെ ശേഷി 61 ശതമാനം വർധിക്കും. നിലവിൽ പ്രതിദിനം 87,000 വാഹനങ്ങളാണ് ഈ ഹൈവേയിലൂടെ സഞ്ചരിക്കുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ പ്രതിദിനം 1,40,000 വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയും.
വടക്ക് ശൈഖ് ഹമദ് കോസ്വേ മുതൽ തെക്ക് മിന സൽമാൻ സിഗ്നൽ വരെ നീളുന്നതാണ് ഹൈവേയുടെ വികസനം. നിലവിലെ അൽ ഫത്തേ ഹൈവേ ഇരുദിശയിലും മൂന്നു കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയായി വികസിപ്പിക്കൽ, തെക്ക്-വടക്ക് ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തിനായി ഗൾഫ് ഹോട്ടൽ ജങ്ഷനിൽ 595 മീറ്റർ നീളത്തിൽ ഇരുദിശയിലും മൂന്നുവരിയുള്ള അടിപ്പാത, മനാമയിൽനിന്ന് ജുഫൈറിലെ പ്രിൻസ് സൗഉദ് അൽ ഫൈസൽ റോഡിലേക്ക് രണ്ടുവരി വൺവേ മേൽപാലം എന്നിവയാണ് പ്രധാന നിർമാണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.