ആ യുവാവിന് ‘നോട്ടം’ മാറ്റാൻ കഴിഞ്ഞില്ല; വിനോദ് കുമാറിെൻറ ജീവിതം മാറ്റിയെഴുതപ്പെടുന്നു
text_fieldsമനാമ: യാദൃശ്ചികമായി വഴിയാത്രക്കാരനായ ഒരു യുവാവിെൻറ കണ്ണിൽപെട്ടതാണ് ആലപ്പുഴ സ്വദേശി വിനോദ്കുമാറ ി(65)െൻറ അനാഥതുല്ല്യമായ ജീവിതം മാറ്റിയെഴുതപ്പെടാൻ കാരണമായത്. തിരുവനന്തപുരത്തുകാരനായ ഷിജുവിെൻറ നൻമയും മനുഷ്യത്വവും ആ മനുഷ്യെൻറ ദുരിതജീവിതത്തിന് മോക്ഷം നൽകാൻ കാരണമായിരിക്കുകയാണ്. കഴിഞ്ഞ 30 വർഷത്തോളമായി ബഹ്റൈനിൽ ജോലി ചെയ്ത് വരികയായിരുന്ന വിനോദ്കുമാറിെൻറ ജീവിതം സംഭവബഹുലമാണ്. നാട്ടിൽ ഉന്നത കുടുംബാംഗമായ വിനോദ് ആദ്യം 25 വർഷത്തോളം ആലിയിലെ ഒരു കമ്പനിയിൽ ജീവനക്കാരൻ, ഡ്രൈവർ എന്നീ നിലകളിൽ ജോലി ചെയ്യുകയായിരുന്നു.
ഗണിതശാസ്ത്ര ബിരുദധാരിയായ ഇദ്ദേഹം കമ്പനിയിൽ മികച്ച ജീവനക്കാരൻ എന്ന നിലയിൽ പേരെടുത്തിരുന്നു. തുടർന്ന് ചില കമ്പനികളിലും ഒരു വീട്ടിലും ഡ്രൈവറായി ജോലി ചെയ്തു. എന്നാൽ ഒരു വർഷത്തോളം മുമ്പാണ് ദുരിതങ്ങൾ തുടങ്ങിയത്. തൊഴിലുടമയിൽ നിന്ന് നഷ്ടപരിഹാരത്തിന് കോടതിയിൽ കേസിന് പോകേണ്ടി വന്നു. എന്നാൽ ചില സാേങ്കതിക പ്രശ്നങ്ങൾ കാരണം വിധി പ്രതികൂലമായി. പാസ്പോർട്ട് കൈവശമില്ലാത്തതിനാൽ തുടർന്ന് വിസ പുതുക്കാൻ കഴിഞ്ഞതുമില്ല. ഇതിനിടെ ഒരു മൊബൈൽ ഫോൺ ഇൻസ്റ്റാൾമെൻറ് സ്കീമിൽ വാങ്ങിയതിെൻറ പ്രതിമാസ ഗഡുക്കൾ മുടങ്ങിയതിനാൽ, കേസാകുകയും യാത്രാനിരോധനം വരികയും ചെയ്തു.
ഇതോടെ മാനസികമായി തളർന്ന വിനോദിന് വാർധക്ക്യ സഹജമായ അസുഖങ്ങളും കഴുത്തിലെ മുഴയും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കി. ജോലിയെടുക്കാനുള്ള ആരോഗ്യംപോലും ഇല്ലാതെ വന്നതിനാൽ, ഒടുവിൽ തങ്ങാൻ ഒരു സ്ഥലം തേടി ആദ്യം ജോലി ചെയ്തിരുന്ന കമ്പനി അധികൃതരുടെ അടുത്തെത്തി. അവരുടെ ഒൗദാര്യത്തിൽ കമ്പനിയുടെ ഗോഡൗണിൽ താമസം തുടങ്ങി.
പട്ടിണിയും രോഗങ്ങളും അവശനാക്കിയിട്ടും അഭിമാനം കാരണം തെൻറ പ്രശ്നങ്ങൾ ആരെയും അറിയിക്കാൻ വിനോദ് തയ്യാറായതുമില്ല. ഇതിനിടെയാണ് വിനോദിനെ ഇൗസ ടൗണിലെ ബസ്സ്റ്റോപ്പിൽ ഷിജു കാണുന്നതും ആ ദൈന്യത കണ്ട് മനസലിഞ്ഞതും. തുടർന്ന് സഹായം എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് അന്വേഷണം നടത്തിയെങ്കിലും പുഞ്ചിരിയോടെ നിരസിക്കുകയായിരുന്നുവത്രെ വിനോദ്കുമാർ. എങ്കിലും ഭക്ഷണ പാനീയങ്ങൾ വാങ്ങി നിർബന്ധിച്ച് നൽകിയശേഷം താമസസ്ഥലത്തേക്ക് കൊണ്ടാക്കുകയും അടുത്ത ദിവസം അവിടെ ചെന്ന് കൂടുതൽ വിവരങ്ങൾ മനസിലാക്കുകയും ചെയ്തു.
താമസിക്കുന്ന സ്ഥലത്തിെൻറ ശോചനീയാവസ്ഥ വ്യക്തമാക്കി ഷിജു വീഡിയോചിത്രം എടുക്കുകയും ചില സുഹൃത്തുക്കൾക്കും സാമൂഹിക പ്രവർത്തകർക്കും പോസ്റ്റ് ചെയ്തു. െഎ.സി.ആർ.എഫ് അംഗം സുധീർ ഇൗ വിവരം സാമൂഹിക പ്രവർത്തകരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. തുടർന്ന് സാമൂഹിക പ്രവർത്തകരായ സിയാദ് ഏഴംകുളം, മനോജ് വടകര, കെ.എം.സി.സി സൗത്ത് സോൺ ഭാരവാഹികളായ ബാദുഷ, നവാസ് കുണ്ടറ എന്നിവർ ചേർന്ന് വിനോദിെൻറ താമസ സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിക്കുകയും വേണ്ട സഹായ വാഗ്ധാനങ്ങൾ നൽകുകയും ചെയ്തു.
വിനോദിെൻറ നാട്ടിലുള്ള ഭാര്യയോട് വിവരങ്ങൾ അറിയിക്കുകയും ഇദ്ദേഹത്തിെൻറ അവസ്ഥയെ കുറിച്ച് ധരിപ്പിക്കുകയും ചെയ്തു. എത്രയുംവേഗം നിയമനടപടികൾ പരിഹരിച്ച് നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. വിനോദ് കുമാർ നാട്ടിൽപോയിട്ട് മൂന്നുവർഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.