പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി -വിദ്യാഭ്യാസ മന്ത്രി
text_fieldsമനാമ: പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം എല്ലാവിധ സൗകര്യങ്ങളും നൽകിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അൽ നുഐമി അറിയിച്ചു. ബുദ്ധിവൈകല്യം, ഡൗൺ സിൻഡ്രോം, ഓട്ടിസം, അന്ധർ, ബധിരർ തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികൾക്ക് സാധാരണ സ്കൂൾ അന്തരീക്ഷത്തിൽതന്നെ പഠിക്കാൻ കഴിയുന്ന സൗകര്യങ്ങളാണ് തയാറാക്കിയത്. ഇത്തരം വിദ്യാർഥികൾക്ക് മന്ത്രാലയത്തിന്റെ സേവനം തുടർന്നും നൽകുമെന്നും കോവിഡ് സാഹചര്യം ഇതിന് തടസ്സമല്ലെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രാലയത്തിന്റെ യുട്യൂബ് ചാനൽ വഴിയാണ് പാഠങ്ങൾ നൽകുന്നതെന്നും രക്ഷിതാക്കൾക്ക് ഫോൺ കോളുകൾ, ടെക്സ്റ്റ് മെസേജുകൾ, ഇ–മെയിലുകൾ, ക്ലാസ് ഡോജോ, വാട്സ്ആപ് എന്നിവ വഴി സ്കൂളുകളുമായി ആശയവിനിമയം നടത്താമെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അൽ നുഐമി അറിയിച്ചു.
ബ്രിട്ടീഷ് സ്കൂളിൽ പഠനം ഓൺലൈനിൽ
മനാമ: കോവിഡ്ബാധയെ തുടർന്ന് ബ്രിട്ടീഷ് സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ പഠനം ഓൺലൈനാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത തീരുമാനം. സ്കൂളിൽ ഏതാനും പേർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പ്രൈമറി വിഭാഗത്തിന്റെ പഠനം ഓൺലൈനാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.