നാട്ടിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസം വരുന്നതായി ആക്ഷേപം
text_fieldsമനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം വരുന്നതായി ആക്ഷേപം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ സർട്ടിഫിക്കറ്റാണ് യാത്രക്കാർ ഹാജരാക്കേണ്ടത്. എന്നാൽ, ടെസ്റ്റ് ഫലം കിട്ടാൻ 48 മണിക്കൂർ കഴിയും എന്നാണ് ചില ലാബുകൾ പറയുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
ഏപ്രിൽ 27 മുതലാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ഇതനുസരിച്ച് ആറ് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ യാത്രക്കാരും ക്യു.ആർ കോഡ് ഉള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരളത്തിൽ കോവിഡ് ആർ.ടി. പി.സി.ആർ പരിശോധന നിരക്ക് 500 രൂപയായി കുറച്ചതിനുശേഷമാണ് കാലതാമസം വരുത്തുന്നതായി ആക്ഷേപമുള്ളത്. നേരത്തെ 1700 രൂപയായിരുന്ന ഫീസാണ് സർക്കാർ 500 രൂപയായി കുറച്ചത്. ഫീസ് കുറച്ചതിനെത്തുടർന്ന് ചില ലാബുകൾ പരിശോധന നടത്താൻ വിസമ്മതിച്ചു. പഴയ നിരക്ക് തന്നെ വേണമെന്നാണ് പല ലാബുകളുടെയും നിലപാട്.
ബുധനാഴ്ച രാത്രി ബഹ്റൈനിലേക്ക് വരുന്ന ഒരു യാത്രക്കാരൻ ചൊവ്വാഴ്ച രാവിലെ പരിശോധനക്ക് ലാബിൽ ചെന്നപ്പോൾ ഫലം വരാൻ 48 മണിക്കൂർ എടുക്കുമെന്നാണ് അറിയിച്ചത്. യാത്രാ ആവശ്യമാണെന്നും നേരത്തെ കിട്ടിയില്ലെങ്കിൽ യാത്ര മുടങ്ങുമെന്നും അറിയിച്ചപ്പോൾ പരമാവധി ശ്രമിക്കാമെന്നാണ് മറുപടി നൽകിയത്. പരിശോധനക്കെത്തുന്നവരുടെ തിരക്കാണ് ലാബുകാർ ഫലം വൈകുന്നതിന് കാരണമായി പറയുന്നത്. നിരവധി യാത്രക്കാർ സമാന പ്രശ്നം നേരിടുന്നുണ്ടെന്നാണ് അറിയുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ഫലം ലഭിച്ചില്ലെങ്കിൽ യാത്ര മുടങ്ങുന്ന സ്ഥിതിയാണ് പലർക്കും.
പരിശോധന ഫലം വൈകിക്കുന്നത് ലാബുകളുടെ സമ്മർദതന്ത്രമാണോയെന്നും യാത്രക്കാർ സംശയിക്കുന്നു. ഫലം വൈകുന്നത് ഒഴിവാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. പരിശോധന റിപ്പോർട്ട് എത്ര സമയത്തിനകം ലഭിക്കുമെന്ന് ചോദിച്ചറിയാൻ യാത്രക്കാർ ശ്രദ്ധിക്കണം. സർട്ടിഫിക്കറ്റിെൻറ സമയപരിധി കഴിയുന്നതിെൻറ യാത്രാ തടസ്സം ഒഴിവാക്കാൻ ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.