ബദാം ഫെസ്റ്റിവൽ ഇന്നു മുതൽ ബുദയ്യയിൽ
text_fieldsമനാമ: രാജ്യത്താദ്യമായി ബദാം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലെ ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിലാണ് ശനിയാഴ്ച ഫെസ്റ്റിവൽ തുടങ്ങുന്നത്. വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെ സന്ദർശകർക്ക് പ്രവേശനമുണ്ട്. ഫെസ്റ്റിവലിന്റെ എല്ലാ ഒരുക്കവും പൂർത്തിയായതായി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കാർഷിക കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഒറൈബി പറഞ്ഞു.
നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് (എൻ.ഐ.എ.ഡി), ബഹ്റൈൻ അഗ്രികൾചറൽ കോഓപറേറ്റിവ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മന്ത്രാലയം പരിപാടി സംഘടിപ്പിക്കുന്നത്. ഇനിമുതൽ എല്ലാ വർഷവും ഫെസ്റ്റിവൽ നടക്കും. രണ്ടാഴ്ച നീളുന്ന ഫെസ്റ്റിവലിൽ 15 കർഷകർ ഉൽപന്നങ്ങളുമായി പങ്കെടുക്കും. ഇതുകൂടാതെ മൂന്നു പ്രോജക്ടുകളും അവതരിപ്പിക്കും. ബദാം വിഭവങ്ങളുമായി നാലു റസ്റ്റാറന്റുകളും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.
ബദാം അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങളും പ്രദർശിപ്പിക്കും. ബദാം വിത്തുകൾ വിതരണം ചെയ്യാനും കാർഷിക മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ബദാം കൃഷി പ്രോത്സാഹിപ്പിക്കുക, വിപണി കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളും ഫെസ്റ്റിവലിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.