ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സദാ സന്നദ്ധം -നിയുക്ത അംബാസഡർ
text_fieldsമനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. നിയുക്ത അംബാസഡർ വിനോദ് കുര്യൻ ജേക്കബും എംബസിയുടെ കോൺസുലാർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപൺ ഹൗസിൽ 75ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിന്റെ ഭാഗമായി എംബസി സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങിൽ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളുടെ വൻതോതിലുള്ള പങ്കാളിത്തത്തിൽ നിയുക്ത അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു. കോൺസുലാർ, വിസ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ അപ്പോയിൻമെന്റ് എടുക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ (EoIBh കണക്ട്) ഡൗൺലോഡ് ചെയ്യാൻ അദ്ദേഹം അഭ്യർഥിച്ചു. ഇന്ത്യൻ സമൂഹത്തോടുള്ള പിന്തുണക്കും സഹകരണത്തിനും പ്രാദേശിക അധികാരികളോട് നിയുക്ത അംബാസഡർ നന്ദി അറിയിച്ചു. കോൺസുലാർ, തൊഴിൽ പ്രശ്നങ്ങളുടെ പരിഹാരത്തിന് സഹായിക്കുന്ന ഇന്ത്യൻ സമൂഹത്തിനും സംഘടനകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് മുഖേന സഹായം ആവശ്യമുള്ള വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള ദുരിതബാധിതരായ ഇന്ത്യക്കാർക്ക് താമസസൗകര്യവും വിമാനടിക്കറ്റുകളും എംബസി നൽകാറുണ്ട്. ആ സഹായം ഇനിയും തുടരും. ഓപൺ ഹൗസിൽ അവതരിക്കപ്പെട്ട പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു. ബാക്കിയുള്ളവ ഉടൻ പരിഹരിക്കും. ഓപൺ ഹൗസിൽ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കും നിയുക്ത അംബാസഡർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.