ഉപപ്രധാനമന്ത്രി തറക്കല്ലിട്ടു; മുഹറഖിൽ പുതിയ ബഹുനില കാർപാർക്കിങ്
text_fieldsമനാമ: മുഹറഖിലെ അമാകിൻ- പേൾസ് പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പങ്കെടുത്തു. ബഹ്റൈൻ കാർ പാർക്സ് കമ്പനി (അമാകിൻ) നടപ്പാക്കുന്ന സഅദ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് പുതിയ ബഹുനില കാർപാർക്കിങ് വരുന്നത്.
ശൈഖ് ഹമദ് റോഡിൽ 400ലധികം കാറുകൾക്ക് ബഹുനില കാർ പാർക്കിങ്ങിൽ സൗകര്യമുണ്ടാകും. ഏകദേശം 21,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമാണം. ഉപപ്രധാനമന്ത്രിയെ ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ് കമ്പനി സി.ഇ.ഒ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ സ്വീകരിച്ചു. ബഹ്റൈൻ കാർ പാർക്സ് കമ്പനി സി.ഇ.ഒ താരീഖ് അലി അൽ ജൗദർ സന്നിഹിതനായിരുന്നു. ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം കാത്തുസൂക്ഷിക്കുന്നതിനായി പൈതൃക മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉപപ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും വികസന നയങ്ങൾക്ക് അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരവികസനത്തോടൊപ്പം പൈതൃക സംരക്ഷണവും സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.
മുഹറഖ് ഉൾപ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെ ആധുനിക സൗകര്യങ്ങളുള്ള ആകർഷകമായ പൈതൃക വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ശൈഖ് ഹമദ് റോഡ് വികസിപ്പിക്കുന്നതിൽ സർക്കാർ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ അദ്ദേഹം അംഗീകരിക്കുകയും സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ചെയ്തു. ബഹ്റൈന്റെ സാമ്പത്തിക വികസനത്തിന് പിന്തുണ നൽകുന്നതാണ് ഇത്തരം പദ്ധതികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.