16 ഇന്ത്യൻ തടവുകാർക്ക് പൊതുമാപ്പ്; ഹമദ് രാജാവിന് നന്ദി അറിയിച്ച് ഇന്ത്യൻ അംബാസഡർ
text_fieldsമനാമ: 16 ഇന്ത്യൻ തടവുകാരെ രാജകീയ മാപ്പ് പ്രകാരം മോചിപ്പിച്ചതിന്, ഹമദ് രാജാവിനോടും കിരീടാവകാശിയോടും ബഹ്റൈൻ അധികാരികളോടും ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ.ജേക്കബ് നന്ദി അറിയിച്ചു. സെപ്റ്റംബർ നാലിനാണ് ഇവർക്ക് പൊതുമാപ്പ് നൽകിയത്. ഇതോടെ ഈ വർഷം പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 126 ആയെന്നും അംബാസഡർ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപണ്‍ ഹൗസിൽ വ്യക്തമാക്കി. എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും ഓപണ്‍ ഹൗസിൽ പങ്കെടുത്തു.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 50 ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു. അംബാസഡർ കമ്യൂണിറ്റി അംഗങ്ങൾക്ക് ഓണാശംസകൾ അറിയിച്ചു. എംബസിയുടെ 24x7 ഹെൽപ് ലൈൻ മൊബൈൽ നമ്പറായ 39418071ൽനിന്ന് വരുന്ന വ്യാജകാളുകൾ സംബന്ധിച്ച് ജാഗ്രത പാലിക്കാൻ അംബാസഡർ ഇന്ത്യൻ കമ്യൂണിറ്റിയോട് ആവശ്യപ്പെട്ടു.
സ്വകാര്യ വിവരങ്ങൾ അഭ്യർഥിക്കുന്നതോ പണം കൈമാറ്റം ആവശ്യപ്പെടുന്നതോ ആയ വ്യാജ കോളുകളാണ് പലർക്കും വന്നത്. എംബസി ഉദ്യോഗസ്ഥർ ഈ നമ്പറിൽനിന്ന് ആരെയും വിളിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളത്തിൽ കാലതാമസം നേരിടുന്ന അമ്പതിലധികം ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പെട്ട സമീപകാല കേസ് ഉൾപ്പെടെ വിവിധ തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ ഉടനടിയുള്ള പിന്തുണക്കും നടപടിക്കും തൊഴിൽ മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
മുൻ ഓപൺ ഹൗസിൽ പങ്കെടുത്ത ഒറ്റപ്പെട്ടുപോയ കുടുംബത്തെ തിരിച്ചയക്കാനും ദീർഘനാളായി യാത്ര ചെയ്യാൻ കഴിയാതെ വന്ന ടി.ബി ബാധിച്ചയാളെ നാട്ടിലെത്തിക്കാനും കഴിഞ്ഞു.
25 വർഷത്തിലധികമായി നാട്ടിൽ പോകാൻ കഴിയാതെ ബഹ്റൈനിൽ കുടുങ്ങിപ്പോയ മറ്റൊരു ഇന്ത്യൻ പൗരനെ നാട്ടിലേക്ക് പറഞ്ഞയക്കാനും ആഗസ്റ്റിൽ സാധിച്ചു. ഇന്ത്യൻ പൗരന്മാരുന്നയിച്ച പരാതികളിൽ ചിലത് ഓപൺ ഹൗസിൽ പരിഹരിച്ചു. മറ്റുള്ളവക്ക് എത്രയും വേഗം പരിഹാരം കാണുമെന്നും ഓപൺ ഹൗസിൽ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായും അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.