അംവാജ് ഐലന്റ്സ്: മുഖം മിനുക്കി സഞ്ചാരികളുടെ പറുദീസ
text_fieldsമനാമ: രാജ്യത്തെ ആദ്യ മനുഷ്യനിർമിത ദ്വീപായ അംവാജ് ഐലൻഡ്സ് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി മുഖം മിനുക്കുന്നു. സുരക്ഷ കാര്യങ്ങളിലുൾപ്പെടെ വമ്പിച്ച മാറ്റവുമായി ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി മാറാനൊരുങ്ങുകയാണ് വിനോദസഞ്ചാരികളുടെ ഈ പറുദീസ.
അംവാജ് ഐലൻഡ്സ് സെൻട്രൽ ഓണേഴ്സ് അസോസിയേഷന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ ദ്വീപിന്റെ നിലവിലുള്ള അവസ്ഥയും വികസന കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. ഇതനുസരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികളുണ്ടാകുമെന്ന് ബോർഡ് ചെയർമാനും എം.പിയുമായ അഹമ്മദ് അൽ സലൂം പറഞ്ഞു.
അംവാജ് ദ്വീപിന്റെ അറ്റകുറ്റപ്പണികൾക്കായി ടെൻഡറുകൾ നൽകുന്നതിന് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. അംവാജ് ദ്വീപുകളിലെ എല്ലാ തെരുവുകളിലും 50 നിരീക്ഷണ കാമറകൾ സ്ഥാപിക്കും. എല്ലാ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിത സഞ്ചാരവും സുരക്ഷയും ഉറപ്പാക്കാൻ പട്രോളിങ് സംവിധാനമൊരുക്കാനുള്ള സുരക്ഷ കമ്പനിയുടെ ടെൻഡറും അംഗീകരിച്ചു. എല്ലാ ഉടമകളെയും താമസക്കാരെയും സംരക്ഷിക്കുന്നതിനാണ് സമുദ്ര സുരക്ഷ പട്രോളിങ് ആദ്യമായി ഏർപ്പെടുത്തുന്നത്. ജലസേചനത്തിന് മികച്ച സംവിധാനം, കീട നിയന്ത്രണം, മലിനജല സംവിധാനം എന്നിവയും നവീകരിക്കും.
മുഹറഖ് ദ്വീപിന്റെ വടക്കുകിഴക്ക് ഭാഗത്തെ ആഴം കുറഞ്ഞ കടൽ നികത്തിയാണ് ദ്വീപുകൾ നിർമിച്ചത്. 4.31 km2 ആണ് അംവാജ് ദ്വീപുകളുടെ വിസ്തീർണം.
ദ്വീപ് വികസനത്തിന്റെ ആദ്യഘട്ടം 2003ലും രണ്ടാം ഘട്ടം 2004ലും അവസാന ഘട്ടം 2016ലും പൂർത്തിയായി.
ആർട്ട് റൊട്ടാന, ദി ഗ്രോവ് ഹോട്ടൽ, റമദ ഹോട്ടൽ , ദി സീ ലോഫ്റ്റ്, ഡ്രാഗൺ ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളും ആഡംബര ബ്യൂട്ടി സലൂണുകളും ഇവിടെയുണ്ട്. ദ്വീപുകളിൽ വീടുകളും ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും വൃത്താകൃതിയിലുള്ള മറീനയുമുണ്ട്. അംവാജ് ദ്വീപുകളെ മുഹറഖ് ദ്വീപുമായി രണ്ട് കോസ്വേകൾ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.