തൊഴിലില്ലായ്മ പരിഹരിക്കാൻ യോജിച്ച നീക്കം വേണം -മന്ത്രി ഹുമൈദാൻ
text_fieldsമനാമ: തൊഴിലില്ലായ്മ പരിഹരിക്കാനും തദ്ദേശീയ തൊഴിൽ ശക്തിയെ കൂടുതൽ അവലംബിക്കുന്നതിനും ജി.സി.സി തലത്തിൽ യോജിച്ച നീക്കമുണ്ടാകണമെന്ന് ബഹ്റൈൻ തൊഴിൽ, സാമൂഹികക്ഷേമകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ തൊഴിൽ, സാമൂഹികക്ഷേമകാര്യ മന്ത്രിമാരുടെ ഏഴാമത് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെയും രാജ്യത്തിെൻറയും സാമ്പത്തികഭദ്രത ഉറപ്പാക്കാൻ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. ജി.സി.സി തൊഴിൽ വിപണി നേരിടുന്ന വിവിധ വെല്ലുവിളികളും അവയുടെ പരിഹാരവും പങ്കുവെച്ചു. േകാവിഡ് പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക പാക്കേജ് ഉണ്ടാകണമെന്ന വിഷയവും സമിതിയുടെ മുന്നിലുണ്ട്. ജി.സി.സി രാജ്യങ്ങളിലെ മുഴുവൻ പൗരന്മാർക്കും താമസക്കാർക്കും ആരോഗ്യസേവനങ്ങൾ സൗജന്യമായി നൽകാൻ ഫണ്ടും കണ്ടെത്തണം. ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് അംഗരാജ്യങ്ങളിൽ വേഗത്തിൽ ജോലി നേടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ചർച്ചചെയ്തു.
അൽ ഉല ഉച്ചകോടിയിൽ ജി.സി.സി തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിെൻറ പുരോഗതി യോഗം വിലയിരുത്തി. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക, വ്യാപാരവളർച്ച ഉറപ്പുവരുത്താൻ തൊഴിൽ വിപണിയിലെ ചലനങ്ങൾ കാരണമാകുമെന്നും അഭിപ്രായപ്പെട്ടു.
ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്റുഫിെൻറ സാന്നിധ്യത്തിൽ ഓൺലൈനിൽ ചേർന്ന സമ്മേളനത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ആശംസകൾ ഹുമൈദാൻ അറിയിച്ചു. തൊഴിൽ, സാമൂഹികകാര്യ മേഖലകളിൽ യോജിച്ച പ്രവർത്തനത്തിന് സമ്മേളനം കാരണമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.