പ്രവാസി ലീഗൽ സെൽ ബിസിനസ് വിങ് ഗ്ലോബൽ കോഓഡിനേറ്ററായി ആനന്ദ് രാഘവൻ
text_fieldsആനന്ദ് രാഘവൻ
മനാമ: പ്രവാസി ലീഗൽ സെൽ ബിസിനസ് വിങ് ഗ്ലോബൽ കോഓഡിനേറ്ററായി ആനന്ദ് രാഘവൻ നിയമിതനായി. പ്രമുഖ സംരംഭകനായ ആനന്ദ് രാഘവൻ ദുബൈ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ കുറേ നാളുകളായി പ്രവർത്തിച്ചുവരുന്നത്. പ്രവാസമേഖലയിലെ സംരംഭകരെ ഏകോപിപ്പിക്കുകയാണ് പ്രവാസി ലീഗൽ സെൽ ബിസിനസ് വിങ് ലക്ഷ്യംവെക്കുന്നത്.
വിവിധ രാജ്യങ്ങളിലുള്ള പ്രവാസി സംരംഭകരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ കേന്ദ്ര സർക്കാറിന്റെയും സംസ്ഥാന സർക്കാറുകളുടെയും മറ്റും ശ്രദ്ധയിൽ കൊണ്ടുവരുക, അതിന് പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ബിസിനസ് വിങ് ആരംഭിച്ചിട്ടുള്ളതെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സർക്കാറിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിലേക്കും വ്യത്യസ്ത മേഖലകളിലേക്കും ലീഗൽ സെൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്ത്, ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, അബൂദബി ചാപ്റ്റർ അധ്യക്ഷൻ ജയപാൽ ചന്ദ്രസേനൻ, ഷാർജ-അജ്‌മാൻ ചാപ്റ്റർ അധ്യക്ഷ ഹാജിറാബി വലിയകത്ത്, യു.കെ ചാപ്റ്റർ അധ്യക്ഷ അഡ്വ. സോണിയ സണ്ണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
നഴ്സസ് വിങ്, വനിതാ വിഭാഗം, ഡിസെബിലിറ്റി റൈറ്സ് വിങ് എന്നിവ കൂടാതെ പ്രവാസ മേഖലയിലെ വിദ്യാർഥി ക്ഷേമംകൂടി കണക്കിലെടുത്ത് പ്രത്യേകം സ്റ്റുഡൻസ് വിങ്ങിനും പ്രവാസി ലീഗൽ സെൽ രൂപം നൽകിയിട്ടുണ്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.