സുമനസ്സുകൾ സഹായിച്ചു; അനന്യമോൾ ചികിത്സക്കായി നാട്ടിലേക്ക്
text_fieldsമനാമ: സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിലേക്കുള്ള യാത്രയും മകളുടെ ശസ്ത്രക്രിയയും നടത്താനാകാതെ വിഷമിച്ചിരുന്ന കോട്ടയം ചിങ്ങവനം സ്വദേശികളുടെ ഒരു വയസ്സു പ്രായമുള്ള അനന്യ മോൾ സുമനസ്സുകളുടെ സഹായത്തോടെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് തിരിക്കുന്നു. ഞായറാഴ്ച നാട്ടിലെത്തി കുട്ടിയുടെ ശസ്ത്രക്രിയ നടത്താനുള്ള തയാറെടുപ്പിലാണ് കുടുംബം.
അനന്യമോളുടെ കഴുത്തിലെ മുഴ ജനിച്ചപ്പോൾ മുതൽ ഉള്ളതാണ്. വളരുന്തോറും മുഴ വലുതാകുന്ന ആശങ്കയിലായിരുന്നു മാതാപിതാക്കളായ രാജേന്ദ്രനും ബിന്ദുവും. ഈ മുഴ ശസ്ത്രക്രിയ ചെയ്തു മാറ്റാനായി
മൂന്നു ലക്ഷത്തിലധികം രൂപയാണ് ഹോപ് ബഹ്റൈൻ സ്വരൂപിച്ചു നൽകിയത്. ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുന്ന അനന്യമോളുടെ അവസ്ഥ നേരത്തേ 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ബഹ്റൈനിലെ മറ്റു സംഘടനകളും അനന്യമോളുടെ കുടുംബത്തെ സഹായിച്ചിരുന്നു.
2016ൽ പവിഴ ദ്വീപിൽ പ്രവർത്തനം ആരംഭിച്ച ഹോപ് (പ്രതീക്ഷ) ബഹ്റൈന് അശരണരും ബുദ്ധിമുട്ടുന്നവരുമായ അനേകം പ്രവാസി സഹോദരങ്ങൾക്ക് ആശ്വാസം നൽകാൻ സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു. മത-വർഗ-ദേശ-ഭാഷാ ഭേദമെന്യേ എല്ലാ പ്രവാസികൾക്കും പ്രതീക്ഷയുടെ കൈത്തിരിയായി ബഹ്റൈനിൽ പ്രവർത്തനം തുടരുകയാണ്.
ഭവന വായ്പ മുടങ്ങി 14ഉം 16ഉം വയസ്സുള്ള പെൺമക്കളും പ്രായമായ മാതാവും ഭാര്യയും അടങ്ങിയ കുടുംബം ജപ്തി നേരിട്ട് തെരുവിൽ ഇറങ്ങേണ്ടി വരുന്ന അവസ്ഥയിലായ തിരുവനന്തപുരം സ്വദേശി സത്യദാസിന് ലോൺ തുക അടച്ചു വീട് വീണ്ടെടുത്തു നൽകുകയും ഉപജീവനമായി ഓട്ടോറിക്ഷ വാങ്ങി നൽകുകയും ചെയ്തു. ഹൃദയ വാൽവ് സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ രഞ്ജിത് ലാലിെന്റ ചികിത്സക്കു വേണ്ടി ധനസഹായം നൽകാനും സാധിച്ചു.
ചലനശേഷി നഷ്ടപ്പെട്ടു ഗുരുതരാവസ്ഥയിലായിരുന്ന മൊഹ്സിന്റെ അവസ്ഥ ബഹ്റൈൻ പൊതുസമൂഹത്തിൽ എത്തിക്കാനും ചികിത്സ സഹായം നൽകാനും കൂട്ടായ്മക്ക് കഴിഞ്ഞു. ഫുഡ് കിറ്റ് വിതരണം, രക്തദാന ക്യാമ്പ്, ഭഷണ വിതരണം, മെഡിക്കൽ ക്യാമ്പ് തുടങ്ങിയ സേവന പ്രവർത്തനങ്ങളും കൂട്ടായ്മ നടത്തുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
ആതുരസേവനവും സാമൂഹികസേവനവും മുഖമുദ്രമാക്കിയ പ്രതീക്ഷയുടെ ഭാഗമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിബിൻ സലിം (33401786), അഷ്കർ പൂഴിത്തല (33950796) എന്നിവരെ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.