അനന്യക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്
text_fieldsമനാമ: ഒരു വയസ്സുകാരി അനന്യക്ക് ജീവിതത്തിൽ പറന്നുനടക്കാൻ കൈത്താങ്ങ് വേണം. ജനിച്ചപ്പോൾ തന്നെ കൂടെയുള്ള കഴുത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കുകയാണ് അനന്യയുടെ കുടുംബത്തിന് മുന്നിലെ വെല്ലുവിളി. ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ കഴിയുന്ന ഇൗ കുടുംബത്തിന് ഇതിനുള്ള ചെലവ് ചിന്തിക്കാൻ കഴിയുന്നതിനുമ പ്പുറമാണ്.
കോട്ടയം ചിങ്ങവനം സ്വദേശിയായ രാജേന്ദ്രനും ഭാര്യ ബിന്ദുകുമാരിക്കും വിവാഹം കഴിഞ്ഞ് 20 വർഷങ്ങൾക്കുശേഷം ലഭിച്ച കുഞ്ഞാണ് അനന്യ. വർഷങ്ങളുടെ ചികിത്സക്കൊടുവിലാണ് കുഞ്ഞ് ജനിച്ചത്.
സൽമാനിയ ഹോസ്പിറ്റലിലായിരുന്നു അനന്യയുടെ ജനനം. പ്രസവത്തിനു മുമ്പ് സ്കാനിങ്ങിൽ കഴുത്തിൽ ചെറിയ മുഴ കണ്ടെത്തിയിരുന്നു. മരുന്നു കൊണ്ടോ ചെറിയ ശസ്ത്രക്രിയ കൊണ്ടോ മാറുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. എന്നാൽ, വളരുന്തോറും മുഴ വലുതാകുന്നതിെൻറ ആശങ്കയിലാണിവർ ഇപ്പോൾ. ഉടൻ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. നാട്ടിൽ പോയി ശസ്ത്രക്രിയ നടത്താനാണ് മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ, ഇതിനുള്ള സാമ്പത്തിക ബാധ്യത ഇവർക്ക് മുന്നിൽ പ്രതിബന്ധമാവുകയാണ്.
ബഹ്റൈനിൽ കേബ്ൾ നെറ്റ്വർക്കിങ് രംഗത്ത് ജോലി ചെയ്തിരുന്ന രാജേന്ദ്രന് കോവിഡിനെത്തുടർന്ന് ജോലി നഷ്ടമായി. ഹൂറയിലെ ഫ്ലാറ്റിെൻറ വാടക എട്ടു മാസമായി കൊടുത്തിട്ടില്ല. ഫ്ലാറ്റുടമയുടെ കാരുണ്യം കൊണ്ടാണ് ഇപ്പോഴും ഇവിടെ താമസിക്കാൻ കഴിയുന്നത്. നാട്ടിൽ സ്വന്തമായുള്ള 10 സെൻറ് സ്ഥലത്ത് വീട് പണി തുടങ്ങിയെങ്കിലും പൂർത്തീകരിക്കാനായില്ല. ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞ് ഹോപ് ബഹ്റൈൻ പ്രവർത്തകർ സഹായത്തിനെത്തിയതാണ് ഇപ്പോഴത്തെ ആശ്വാസം. എല്ലാ മാസവും ഇൗ കുടുംബത്തിനുള്ള ഭക്ഷണക്കിറ്റുകൾ എത്തിച്ചു നൽകുന്നത് ഹോപ് ബഹ്റൈൻ പ്രവർത്തകരാണ്. കുട്ടിയെ നാട്ടിലെത്തിച്ച് ശസ്ത്രക്രിയ നടത്തുന്നതിനുള്ള ശ്രമങ്ങളും ഇവർ തുടങ്ങിക്കഴിഞ്ഞു. ഉദാരമതികളുടെ സഹായമുണ്ടെങ്കിൽ മാത്രമാണ് ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുക.
കുട്ടിയുടെ ജനനസർട്ടഫിക്കറ്റും ഇതുവരെ ലഭിച്ചിട്ടില്ല. ഹോസ്പിറ്റലിൽ അടക്കാനുള്ള തുക കണ്ടെത്തുന്നതിനുള്ള പ്രയാസമാണ് ഇതിനു കാരണം. ജനന സർട്ടിഫിക്കറ്റില്ലാത്തതിനാൽ കുട്ടിയുടെ പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ല.
ദുരിതങ്ങൾക്കും സങ്കടങ്ങൾക്കുമിടയിൽ കുഞ്ഞിെൻറ അസുഖം മാറുന്നതും കാത്ത് ഇൗ കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഹോപ് ബഹ്റൈൻ പ്രവർത്തകരായ അഷ്കർ പൂഴിത്തല (3395 0796), ജയേഷ് കുറുപ്പ് (3988 9317) എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.